Wednesday, November 28, 2007

എനിക്കു ഞാന്‍...

എനിക്കു ഞാന്‍ അമ്മയായത്
നിഷേധിക്കപ്പെട്ട മുലപാലിനു പകരം ചോദിക്കാനാണ്
പത്തുമാസത്തെ വാടകയില്‍ നിന്ന് രക്ഷതേടിയും

അച്ഛനായത്
തൂങ്ങി നടക്കാന്‍ ഒരു കൈവിര്‍ല്‍ ഇല്ലത്തതിനാല്‍
കൈപിടിച്ചു കൊടുക്കാന്‍ കാത്തുനില്‍കാത്തതിനാല്‍

സോദരിയായത്
പങ്കുവെക്കപെടുന്ന സ്നേഹത്തിന്റെ കണക്കെടുക്കാതിരിക്കാന്‍
എനിക്കൊ നിനക്കൊ എന്ന് മുറവിളിയുയരാതിരിക്കാന്‍

സോദരനായത്
എന്റെ രക്ഷ എന്നിലെന്ന തിരിച്ചറിവില്‍
അവനും ഒരാണെന്ന പിറുപിറുപ്പില്‍

എന്നിട്ടും ഞാന്‍ എനിക്ക് ഇണയാവുന്നില്ല

Wednesday, November 21, 2007

ഒന്നിനും ഒന്നിനുമിടയില്‍

ബാഗും ചോറുപാത്രവുമെടുത്ത് അമ്മയോട് യാത്ര പറഞ്ഞ് വൃന്ദ ഒതുക്കുകല്ലുകള്‍ ഓടിയിറങ്ങി..പകുതിയില്‍ വെച്ച് അതിലും വേഗത്തില്‍ തിരിച്ചു കയറി.. ചാരിയിട്ട വാതില്‍ പാളികള്‍ തുറക്കുമ്പോള്‍ അനില്‍ ചുമരിനു നേരെ തിരിഞ്ഞു കിടക്കുകയായിരുന്നു.. അവള്‍ അനിലിന്റെ ചുരുളന്‍ മുടിയില്‍ തന്റെ വിരലുകള്‍ കോര്‍ത്തു.. ഉറക്കം വിട്ടൊഴിയാത്തതെങ്കിലും വൃന്ദക്കായ് ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ വിരിഞ്ഞു നിന്നിരുന്നു.. ചുളിഞ്ഞുലഞ്ഞ അവളുടെ ചുരിദാറിലേക്ക് നോക്കി അവന്‍ ചോദിച്ചു..

"നീയിപ്പൊ സാരി ഉടുക്കാറെ ഇല്ലല്ലെ.."

സ്റ്റാര്‍ച്ച് ചെയ്ത് വടി പോലെ ആക്കിയ കോട്ടണ്‍ സാരികള്‍ തേച്ച് കൊടുക്കുന്നത് അനിലായിരുന്നു.. രാവിലെ ബൈക്കില്‍ തന്നെ ഓഫീസില്‍ എത്തിക്കുമ്പോള്‍ കാണുന്നവരുടെ കണ്ണുകളിലൊക്കെ അല്പം അസൂയ ഉണ്ടെന്ന് അവള്‍ സ്വയം കരുതുമായിരുന്നു.. വൈകീട്ട് അവള്‍ ഓഫീസ് ഗെയ്റ്റില്‍ എത്തുമ്പൊഴേക്കും അനിലിന്റെ ബൈക്ക് അവളെയും കാത്ത് നില്പുണ്ടാകും.. അതൊക്കെ ഒരു വര്‍ഷം മുമ്പത്തെ കാര്യം.. വെറുമൊരു നടുവേദന.. ഒരു വീഴ്ച.. പിന്നെ പതിയെ ഒന്നു ചലിക്കാന്‍ പോലും പരസഹായം വേണമെന്ന അവസ്ഥയിലേക്ക്.. കട്ടിലില്‍ ഇരിക്കാന്‍ തുടങ്ങിയ അവളെ അനില്‍ നോട്ടം കൊണ്ടു വിലക്കി..

"പൊക്കോളൂ.. ബസ്സിന്റെ നേരായി.. "

വാതില്‍ ചാരുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കിയില്ല.. എത്ര ശ്രമിച്ചാലും കണ്ണുകളില്‍ ഉറഞ്ഞു കൂടുന്ന നനവിനെ അനിലിന്റെ കണ്ണില്‍ നിന്നു മറക്കാന്‍ അവള്‍ക്ക് മറ്റുവഴികള്‍ ഇല്ലായിരുന്നു.. ഉമ്മറവാതില്‍ അടക്കുമ്പോള്‍ കുളിമുറിയില്‍ അമ്മയും മാളുവും കൂടി കുളിക്കിടയിലെ പാട്ടും ബഹളവും തകര്‍ക്കുന്നുണ്ടായിരുന്നു..

ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ എതിരെ വരുന്ന മുഖങ്ങളെ അവള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചു.. എന്നാലും ചിലരുടെ കുശലാന്വേഷണം കണ്ണില്‍ നീറുന്നുണ്ടായിരുന്നു.. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഒരേ ചോദ്യങ്ങള്‍..

ബസ്സിലെ തിരക്കില്‍ ഊരിത്തെറിച്ചു പോയ സേഫ്റ്റി പിന്നില്‍ നിന്നും അടര്‍ന്നു പോയ ഷാള്‍ അവള്‍ വിടര്‍ത്തിയിട്ടു.. അമ്മയുടെ ഭാഷയില്‍ ഷാള് കൊണ്ടൊരു പുതപ്പ്.. വീതിയുള്ളതിനാല്‍ മാളുവിനെ പ്രസവിച്ചതോടെ അല്പം ചാടിയ വയറിനെയും മറച്ചു.. അതു മാത്രമല്ലല്ലൊ, വടിവുകള്‍ എന്തെങ്കിലും ഇനിയും തന്നില്‍ ബാക്കി നില്‍കുന്നുവെങ്കില്‍ അതിനും ഒരു മറയിടുക എന്നൊരു ലക്ഷ്യം കൂടി അവള്‍ക്കുണ്ടായിരുന്നു..

ഇന്നു തിരക്കാണ്.. വരാനിരിക്കുന്ന മീറ്റിംഗിനുള്ളതെല്ലാം ഇന്നു തന്നെ ശരിയാക്കണം.. വൈകി ഇരിക്കേണ്ടി വന്നാല്‍, അവളുടെ ചിന്തയില്‍ ഭയത്തിന്റെ ഗ്രാഫ് ഉയരാന്‍ തുടങ്ങി.. റിസപ്ഷനിലെ ഗൂര്‍ഖക്ക് ഒരു ചിരി സമ്മാനിച്ച് വൃന്ദ താക്കോല്‍ വാങ്ങി.. സാറ് വന്നിട്ടില്ല, ട്രെയിന്‍‍ ഇന്നും ലേറ്റാവും.. രാവിലെ തൂത്തുവാരി കഴിഞ്ഞാല്‍ മറ്റു മുറികള്‍ എല്ലാം തുറന്നിടും .. പക്ഷെ കോണ്‍ഫിഡെന്‍ഷ്യല്‍ സെക്ഷന്‍ മാത്രം ആരെങ്കിലും വരാ‍തെ തുറക്കില്ല.. വേറെ ആരും വരാനുമില്ല.. വൃന്ദയും അവളുടെ ബോസ്സും മാത്രം..

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് മെയിലുകള്‍ നോക്കി.. താന്‍ ജീവനോടെ ഇന്നും രംഗത്തുണ്ടെന്ന് കൂട്ടുകാരെ അറിയിക്കാന്‍ ഒരു വരിയില്‍ സുപ്രഭാതവും ശുഭദിനവും.. പതിയെ വൃന്ദ തന്റെ ഫയലുകള്‍ തുറന്നു..

"ഗുഡ് മോര്‍ണിംഗ്'

വായിക്കുന്നതിനിടയില്‍ ഡോര്‍ തുറന്ന് സാര്‍ വന്നത് അവള്‍ കണ്ടില്ല.. മുഖത്ത് നോക്കികൊണ്ട് തന്നെ അവള്‍ പ്രതിവചിച്ചു..

"മോര്‍ണിംഗ്"

ആ മുഖത്ത് ഇപ്പൊഴും ആ കള്ള ചിരി .. തലേരാത്രിയിലെ ഫോണ്‍ വിളിയുടെ ഒരു നേരിയ ചമ്മല്‍ പോലും ആ മുഖത്ത് കാണുന്നില്ല.. അവളുടെ ചിന്തകള്‍ കാട് കേറാന്‍ തുടങ്ങിയപ്പോള്‍ പതിയ ഫയലിലേക്ക് മുഖം താഴ്ത്തി..

അന്നത്തെ പോസ്റ്റും കൊണ്ട് വന്ന പ്യൂണ്‍ ശാന്തചേച്ചിയെ ഒന്നു സന്തൊഷിപ്പിക്കാമെന്നു വിചാരിച്ചു..

"എന്താ ചേച്ചീ.. പുതിയ സാരിയാണോ"

"അതിയാന്‍ കോയമ്പത്തൂരിന് ഒരു ഓട്ടം പോയിവന്നപ്പൊ കൊണ്ടുവന്നതാ.."

അതു പറയുമ്പോള്‍ ചേച്ചിയുടെ മുഖം ചുവന്നു തുടുക്കുന്നുണ്ടായിരുന്നു..

"വൃന്ദയെന്താ സാരിയുടുക്കാത്തെ ഇപ്പൊ.. "

"ഹേയ് .. ഒന്നുമില്ല ചേച്ചി.. ബസ്സിലെ ഇടി കാരണാ..."

"ഞാന്‍ എപ്പൊഴും വൃന്ദയോട് പറയാറുണ്ട് ശാന്തെ.. പെണ്‍കുട്ടികള്‍ സാരി ഉടുക്കണതാ ഭംഗി എന്ന്.. ഈ ചെറുപ്രായത്തിലല്ലാതെ വയസ്സായിട്ടാണൊ ഒരുങ്ങുന്നെ"

ഇപ്പോള്‍ വൃന്ദയുടെ മുഖവും ചുവക്കാന്‍ തുടങ്ങിയിരിക്കുന്നു..അഭിനയിക്കാന്‍ ഇയാളെ കഴിഞ്ഞെ ഉള്ളു.. അവള്‍ മനസ്സില്‍ പറഞ്ഞു.. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന്‍ സാരിയുടുത്തതിന്റെ വര്‍ണ്ണന ഇപ്പൊഴും ഇടക്കൊക്കെ ഉരുക്കഴിക്കും .. അനില്‍ വീണതിനു ശേഷം അന്നായിരുന്നു അവള്‍ സാരിയുടുത്തത്.. അഴിച്ചിട്ട മുടിയിഴകള്‍ക്കിടയിലൂടെ എപ്പൊഴൊ തെളിഞ്ഞു കണ്ട തൊലി വെളുപ്പിനെ ചൊല്ലി.. മുന്നിലേക്കെടുത്ത് പിടിച്ച സാരിത്തുമ്പില്‍ കാണാനാവാതെ പോയ വയറിനെ ചൊല്ലി...

അനിലിന്റെ അവസ്ഥ അറിഞ്ഞ സഹതാപമായിരുന്നു തുടക്കം.. പിന്നെപ്പൊഴൊ ആശ്വാസവാക്കുകളില്‍ നിറം കലരാന്‍ തുടങ്ങി... നഷ്ടപ്പെടുന്ന യൌവനത്തെ പറ്റി... അവള്‍ കാരണം നഷ്ടമാവുന്ന അയാളുടെ ഉറക്കത്തിലെത്തി നില്‍ക്കുന്നു.. ഇപ്പോള്‍ അതില്‍ ഭീഷിണിയുടെ സ്വരമുണ്ട്...

തിരക്കുകള്‍ക്കിടയില്‍ ഘടികാരസൂചികള്‍ പലതവണ കറങ്ങി തിരിഞ്ഞിരിക്കുന്നു.. ഇന്നു തീര്‍ക്കേണ്ടതു പോലും ഇനിയും ബാക്കിയാണ്.. രാവിലെ ചെയ്യാമെന്നു കരുതി.. അവള്‍ ഫയലുകള്‍ അടുക്കി അലമാരയില്‍ വെക്കാന്‍ തുടങ്ങി..

"വൃന്ദാ .. ആ ഫയല്‍ ഇന്നു തന്നെ തീര്‍ക്കണം.. മീറ്റിംഗിനു റിപ്പോര്‍ട്ട് കൊടുക്കണ്ടെ.. പോവാന്‍ ഞാന്‍ വണ്ടി തരാന്‍ പറയാം"

"ഞാന്‍ രാവിലെ ചെയ്തു തരാം.. ഇപ്പൊഴെ ലേറ്റായി.. എല്ലാരും പോയിരിക്കുന്നു"

"അതിനെന്താ.. ഇന്നു ഞാനും വൈകിയാ പോവുന്നെ.. വൃന്ദയുടെ അപ്രൈസല്‍ റിപ്പോര്‍ട്ട് എഴുതണം.. പ്രമോഷന്‍ വേണ്ടെ.."

ഒരു ചിരിയോടെ അയാള്‍ പുറത്തേക്കിറങ്ങി..വാക്കുകളില്‍ ഒതുങ്ങിയിരുന്നത് പ്രവൃത്തിയിലേക്ക് ചുവടുമാറ്റുന്നതിന്റെ മണം..അയാള്‍ തിരിച്ചു വരുന്നതിനു മുമ്പെ അവള്‍ എല്ലാമൊതുക്കി ബാഗെടുത്ത് പുറത്തേക്ക് നടന്നു..

അപ്രതീക്ഷിതമായടയുന്ന വാതിലും മുറുകുന്ന പിടുത്തവും വൃന്ദയുടെ നില തെറ്റിച്ചു.. പുറകോട്ടു തെന്നുന്ന വീഴ്ചക്കിടയിലും ആ വൃത്തികെട്ട ചിരിയുടെ ക്രൌര്യം അവള്‍ തെളിഞ്ഞു കണ്ടു.. പിടികിട്ടിയ മേശയില്‍ ആകെ തടഞ്ഞത് ഫ്ലവര്‍ വേസ് മാത്രം ..ആഞ്ഞടിച്ചത് മാത്രം ഓര്‍മ്മയുണ്ട്.. ഒപ്പം എന്തൊക്കെയോ മറഞ്ഞു വീഴുന്ന ശബ്ദം..

എത്ര നേരം കഴിഞ്ഞെന്ന് ഓര്‍ക്കുന്നില്ല.. ഫോണ്‍ അടിച്ചപ്പൊഴും അവള്‍ കസേരയില്‍ വിറച്ചുകൊണ്ടിരിപ്പായിരുന്നു.. മൂന്നാമത്തെ തവണയും അത് അലറിയടിച്ചപ്പൊ അവള്‍ റിസീവര്‍ എടുത്തു... മിണ്ടാതെ നിന്ന അവളുടെ ചെവിയില്‍ അലച്ചത് ഒരു കരച്ചിലായിരുന്നു..

"പപ്പാ.. വേഗം വാ... അമ്മയെ കാണുന്നില്ല... അമ്മ എങ്ങോട്ടോ പോയി.. പപ്പാ"

അവള്‍ പതിയെ ഫോണ്‍ വെച്ചു.. കുടിക്കാനിരുന്ന വെള്ളമെടുത്ത് അയാളുടെ മുഖത്ത് തളിച്ചു .. കണ്ണു തുറക്കും വരെ കാത്തു നിന്നു.. പിന്നെ ബാഗെടുത്ത് പടികളിറങ്ങി...

Monday, November 12, 2007

പരിണാമം

പുഴ പോലെ ഒഴുകിയിരുന്നത്
കുളം പോലെ നിശ്ചലമായിരിക്കുന്നു
അലയിളക്കി കളകളം പാടിയിരുന്നത്
വിദൂര ഭൂതത്തില്‍ എവിടെയോ ആവണം
തീരങ്ങള്‍ തകര്‍ത്ത് ആര്‍ത്തലച്ചത്
ഓര്‍മ്മകള്‍ പോലും മറന്നെന്ന് പരിഭവിക്കുന്നു
പിണക്കത്തിലും ഇണക്കത്തിലും
നിറഞ്ഞും കവിഞ്ഞും ഒഴുകിയത്
ചതുരക്കളത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു

മുകളില്‍ മടുപ്പിന്റെ എണ്ണപാടകള്‍
കാര്‍ന്നുതിന്ന് തിടംവെക്കുന്ന പായല്‍ ജന്മങ്ങള്‍
കല്ലടര്‍ന്ന് മണ്ണിടിഞ്ഞ്
രൂപഭാവങ്ങളുടെ പരിണാമങ്ങള്‍
കാലം തെറ്റിയെത്തുന്ന മഴയിലൊന്നും
ഒരിക്കലും കവിഞ്ഞൊഴുകാതെ
ഒലിച്ചു പോവാത്ത അഴുക്കുകളും

മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്‍ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു..

Wednesday, October 31, 2007

അന്ന കിശോരയുടെ അങ്കലാപ്പുകള്‍..

അന്ന അങ്കലാപ്പിലാണ്.. അത് അവളുടെ നടത്തത്തില്‍ തെളിഞ്ഞു കാണാം.. കൈകള്‍ കെട്ടിയും പുറകില്‍ പിണച്ചും അവള്‍ ആ വരാന്തയുടെ നീളമളക്കാന്‍
തുടങ്ങിയിട്ട് നേരമേറെയായി.. കുറച്ചു മുമ്പ് വരെ ഒരല്പം വിടവില്‍ വാതില്‍
തുറന്നു വെച്ചിരുന്നു.. അതുകൊണ്ട് തന്നെ അകത്തു നടക്കുന്നത് വല്ലപ്പോഴും
ഒന്നെത്തിനോക്കാന്‍ കഴിഞ്ഞിരുന്നു.. ചുറ്റും നിന്നിരുന്നവര്‍ അയാളുടെ
വയറില്‍ കുത്തിയും തോണ്ടിയും രേഖപ്പെടുത്തിയിരുന്ന അഭിപ്രായങ്ങള്‍ അവള്‍
ശ്രദ്ധിക്കുന്നെന്ന് കണ്ടപ്പോഴാണ് അവളെ അവര്‍ പുറത്താക്കിയത്..
എന്നിട്ടും മതിയാവാഞ്ഞാണ് ആ വാതില്‍ കൊട്ടിയടച്ചത്.. അധികം ആലോചിക്കാന്‍ അവള്‍ തന്റെ മനസ്സിനെ സമ്മതിച്ചില്ല.. വരാന്തയില്‍ നിന്നും
മുറ്റത്തേക്കിറങ്ങി മരച്ചുവട്ടിലെ മില്‍മാ ബൂത്തിലേക്ക് നടന്നു.. അവിടെ
നിന്ന് ചായ കുടിക്കുമ്പൊഴും ഇടക്കിടക്ക് അടഞ്ഞ വാതിലിനു നേരെ അവളുടെ
നോട്ടം നീളുന്നുണ്ടായിരുന്നു..

ഇത് അന്ന അല്ലെങ്കില്‍ കിശോര.. അതുമല്ലെങ്കില്‍ അന്ന കിശോര..
നിങ്ങള്‍ക്ക് എങ്ങിനെയും അവളെ വിളിക്കാം.. പേരില്‍ ഒരു പൊരുത്തക്കേട്
ചുവക്കുന്നവര്‍ക്ക് ആ ജീവിതത്തില്‍ അതൊന്നുമല്ലെന്ന് മനസ്സിലാവും..

അന്നയുടെ ജീവിതത്തില്‍ അങ്കലാപ്പുകളും ആശങ്കകളും ഒഴിഞ്ഞു നില്‍‌ക്കാറില്ല.. അതു പിന്നെ എല്ലാവരുടെയും കാര്യം ഇങ്ങനെ ഒക്കെ തന്നെ എന്നും ചിന്തിക്കാം.. എന്നാലും തീര്‍ന്നു പോയ ഗ്യാസിനെ കുറിച്ചോ ഇലക്‍ട്രിസിറ്റി ബില്ലിനെ കുറിച്ചോ അവള്‍ ആവലാതിപ്പെടാറില്ല.. പിന്നെ..

ഈ മാസത്തില്‍ ‍ തന്നെ അവള്‍ മൂന്നാമത്തെ തവണയാണ് അയാളെയും കൊണ്ട്
ഹോസ്പിറ്റലില്‍ വരുന്നത്.. ഇനിയും കാരണം കണ്ടു പിടിക്കാത്ത പ്രശ്നവുമായി
അവര്‍ എല്ലാ വാരന്ത്യത്തിലും ഡോക്റ്റര്‍മാരെ തേടിയിറങ്ങുന്നു..

അവളുടെ സ്വകാര്യതയാണ്‍ കിടപ്പുമുറിയിലെ അലമാരയുടെ താഴത്തെ തട്ട്.. അതില്‍ നിന്നും അവളറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കൊച്ചു പഞ്ഞികെട്ടുകളാണ്‍ അവളുടെ സംശയങ്ങളെ പരകോടിയിലെത്തിച്ചത്..
ഇപ്പൊഴത്തെ പ്രശ്നങ്ങളെല്ലാം ഒരു തുടര്‍ച്ച മാത്രം..

അതിന്റെ തുടക്കം ...കഥ കുറെ പഴയതാ..ഒരുപക്ഷെ അവളുടെ ജനനത്തിനും മുമ്പുള്ള ഒരു ഒളിച്ചോട്ടത്തില്‍.. അന്നത്തെ കഥാപാത്രങ്ങള്‍ അവളുടെ അച്ഛനും അമ്മയും.. നാടും വീടും വിട്ട് നഗരത്തില്‍ ചേക്കേറിയിട്ടും ഒറ്റമോളെ മാമൂലുകളില്‍ നിന്നും അവര്‍ക്ക് രക്ഷിക്കാനായില്ല.. പള്ളിക്കാരിയാണോ അമ്പലക്കാരിയാണോ എന്ന കൂടെ പഠിക്കുന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ വന്നതാണ് ആ പിഞ്ചു മനസ്സില്‍ ആദ്യം അങ്കലാപ്പിന്റെ വിത്തു പാകിയത്.. പിന്നീടങ്ങോട്ട് പലപ്പൊഴും ഏതു ചേരിയിലാണ് തന്റെ കൂറെന്ന് അവള്‍ക്ക് തിരിച്ചറിയാനായില്ല..

അപ്പോള്‍ കഥ തുടരുകയാണ്.. പഠിച്ച് മിടുക്കിയായിട്ടും നല്ലൊരു ജോലി
നേടിയിട്ടും അവളുടെ അങ്കലാപ്പുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.. കാരണം
അച്ഛനും അമ്മക്കും അവളിന്നും അവരുടെ നെഞ്ഞിലൊരു തീയാണ്.. കൈ
പിടിച്ചുകൊടുക്കാന്‍ ഒരു പയ്യനെ ഏതു കുലത്തില്‍ തിരയണമെന്നതാരുന്നു
ആദ്യത്തെ പ്രശ്നം.. പഴയ പാത പിന്തുടര്‍ന്ന് അവള്‍ ആരെയെങ്കിലും
കണ്ടെത്തുമെന്ന അവരുടെ ചിന്തയും വെറുതെയായി.. ജോലിയില്‍ എത്തിപ്പെട്ടത്
അല്പം ഉയരത്തിലായതിനാല്‍ ജീവിതശൈലി സമ്മാനിച്ച തന്‍പോരിമയില്‍
ഇനിയെന്തിന് ഒരു തുണ എന്ന ചിന്ത അവളില്‍ വേരൂന്നാന്‍ തുടങ്ങിയപ്പോഴാണ്
അവളുടെ മാതാപിതാക്കള്‍ പ്രശ്നം ഗുരുതരമാണെന്ന് അറിഞ്ഞത്... പിന്നെ
കണ്‍‌ചിമ്മി തുറക്കും മുമ്പെ അന്നയുടെകല്ല്യാണമായി..


അവന്‍ സുന്ദരന്‍.. സുമുഖന്‍.. ഏകപുത്രന്‍ .. തറവാടി.. കാരണവന്മാരായി സമ്പാദിച്ച അളവറ്റ സ്വത്തിന് ഉടമ.. പിന്നെന്താ കുഴപ്പം? അവരും ഒരു പെണ്ണിനെ കിട്ടാതെ വലയുകയായിരുന്നു.. കരച്ചിലും ഭീഷിണിയും ഒപ്പത്തിനൊപ്പം ചേര്‍ത്ത് അച്ഛനുമമ്മയും അവളെ കീഴടക്കി.. ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്കയില്ലെന്ന് അവള്‍ ആദ്യമെ പ്രഖ്യാപിച്ചിരുന്നു.. അതുകൊണ്ട് തന്നെ കല്ല്യാണം കഴിഞ്ഞ് അവര്‍ കുടിയേറിയത് അവളുടെ ജോലിസ്ഥലത്തേക്ക്..

ഇരുചക്രത്തിന്റെ സ്വാതന്ത്ര്യത്തെ സ്‌നേഹിച്ചിരുന്ന അന്ന നാലുചക്രത്തിലേക്ക് മാറിയത് കല്ല്യാണശേഷമാണ്.. വല്ലപ്പോഴുമൊന്ന് പുറത്തിറങ്ങുമ്പൊള്‍ അയാളെയും പിന്നിലിരുത്തി അവളുടെ ഹോണ്ടാ‍ ആക്റ്റീവ പറത്താന്‍ അവള്‍ക്കു തന്നെ ചമ്മലായിരുന്നു. എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭര്‍ത്താവല്ലെ.. ഡ്രൈവിംഗ് പഠിപ്പിക്കാനുള്ള ശ്രമം പുരുഷപീഡനമായി കണ്ട് അമ്മായിഅമ്മ രംഗത്തിറങ്ങിയപ്പൊ അതും ഉപേക്ഷിച്ചു..

വൈകിയെത്തുന്ന തനിക്കുവേണ്ടി ചപ്പാത്തിയും കറിയും ഒരുക്കി കാത്തിരിക്കുന്ന ഭര്‍ത്താവ് ആദ്യമൊക്കെ അവള്‍ക്കൊരു സന്തോഷമായിരുന്നു.. പക്ഷെ വന്നപാടെ സെറ്റിയില്‍ കിടന്ന് ഒരു ചായ ഓര്‍ഡര്‍ ചെയ്യുന്ന സ്വന്തം സ്വഭാവത്തെ അവള്‍ തന്നെ സംശയിക്കാന്‍ തുടങ്ങി.. പലപ്പൊഴും പൊങ്ങിപോവുന്ന തന്റെ ശബ്ദം അവളില്‍ നേരിയ ഭയം ഉണര്‍ത്തുന്നുണ്ടായിരുന്നു.. ക്രമം തെറ്റിപ്പോവുന്ന തന്റെ സ്വന്‍തം ദിവസങ്ങളും അവളില്‍ ആധിയായികൊണ്ടിരുന്നു...

ഇതൊക്കെ നിസ്സാരമല്ലെ.. കല്ല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിശേഷമൊന്നും പറയാനില്ലാത്ത ദമ്പതിമാരായി പോയതായിരുന്നു ഏറ്റവും പ്രശ്നമായത്.. നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാം.. പക്ഷെ ഓഫീസിലും അതൊരു ചര്‍ച്ചാവിഷയമാവാന്‍ തുടങ്ങിയപ്പോഴാണ്, അവള്‍ ആ കടും കയ്യിനു മുതിര്‍ന്നത്.. കരഞ്ഞു വീര്‍ത്ത മുഖവുമായി കിടക്കുന്ന അയാളെ നോക്കുമ്പൊഴൊക്കെ ഒരാണിനെ കീഴടക്കാനുള്ള ശക്തി തനിക്കുണ്ടെന്ന ചിന്ത അവളിലൊരു ഞെട്ടല്‍ ഉണര്‍‍ത്തുന്നുണ്ടായിരുന്നു. രാവിലെ പാഞ്ഞെത്തിയ അമ്മായിഅച്ഛനും അമ്മയും കുറച്ചു നാളെത്തേക്ക് തനിക്ക് ഏകാന്തവാസം സമ്മാനിക്കാന്‍ പോവുന്നെന്ന അറിവും അവളില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല.. ഉള്ളതും ഇല്ലാത്തതും ഫലമൊരുപോലെ... രാത്രികളില്‍ മൌനം കനക്കുന്നെന്ന് തോന്നിതുടങ്ങും മുമ്പെ വീണ്ടുമൊരു പ്രഭാതം ഒത്തുതീര്‍പ്പുമായി എത്തിയിരുന്നു... ജീവിതം വീണ്ടും പഴയ ചാലില്‍ ചലിക്കാന്‍ തുടങ്ങുമ്പോഴാണ് അയാളുടെ വീര്‍ത്തു വരുന്ന വയര്‍ അവര്‍ക്കിടയില്‍ ഒരു അകലം സൃഷ്ടിക്കാന്‍ തുടങ്ങിയത്.. അങ്ങിനെയാണ് അവള്‍ ഈ മില്‍മാബൂത്തിലെ ചായയും കുടിച്ച് അടഞ്ഞു കിടക്കുന്ന വാതില്‍ ഒരു വേള തുറക്കുന്നതും കാത്ത് നില്‍കേണ്ടി വന്നത്..
---------------------

ഡോക്റ്ററുടെ മുന്നിലെ കസേരകളില്‍ അവര്‍ രണ്ടു പേരും ഇരുന്നു... അവളുടെ മുഖത്ത് സംശയങ്ങളുടെ നീണ്ട ചുളിവുകള്‍ നിരന്നു കിടന്നപ്പോള്‍ അയാള്‍ ചുവന്നു തുടുത്ത മുഖവുമായ് തലകുനിച്ചിരിപ്പായിരുന്നു.. അത്ഭുത ജീവിയെ പോലെ തന്നെ നോക്കുന്നവരുടെ മനസ്സിലെന്തെന്ന് തിരിച്ചറിയാന്‍ അവള്‍ക്കിനിയുമാവുന്നില്ല.. പക്ഷെ തന്നെ പരിശോധിക്കാന്‍ ആണ്‍ ഡോക്റ്റര്‍ വേണോ പെണ്‍ ഡോക്റ്റര്‍ വേണോ എന്നതാണ്‍ പ്രശ്നമെന്ന് അവളറിഞ്ഞിരുന്നെങ്കില്‍ അവളുടെ അങ്കലാപ്പുകല്‍ അല്പമെങ്കിലും കുറഞ്ഞിരുന്നേനെ..

Tuesday, October 9, 2007

അഞ്ചലോട്ടക്കാരന്റെ മകള്‍

ഉച്ചക്ക് പന്ത്രണ്ട് മണിയുടെ ബസ്സ് പുറപ്പെടുമ്പോള്‍ അതില്‍ അച്ഛനും
ഹാജരായിരിക്കും. മിനിമം ചാര്‍ജ്ജിന്റെ ഒരു ടിക്കറ്റ് അച്ഛനുള്ളതാണ്.
പത്തു മിനിറ്റു ദൂരത്തില്‍ ആ ഒറ്റമുറി ആപ്പീസില്‍ അച്ഛനെ കാത്ത് കുറെ
കത്തുകളും മണിഓര്‍ഡറുകളും കാത്തിരുപ്പുണ്ടാവും.. അതേ കാത്തിരുപ്പുമായി ആ
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും അവ കൈപ്പറ്റാനുള്ളവരും..

മയിലും മുയലുമൊക്കെ ഇടക്കിടക്ക് മിന്നിമറയുന്ന കുറ്റികാടുകളും വയലും
തോടും എല്ലാം അതിരിടുന്ന വലിയൊരു ഗ്രാമം .. കുന്നുകളുടെ ധാരാളിത്തവും .. അവിടത്തെ പോസ്റ്റുമാനായിരുന്നു എന്റെ അച്ഛന്‍ ..

ഞാന്‍ അഞ്ചലോട്ടക്കാരന്റെ മകളാ..

ഉച്ചവെയില്‍ ഒരല്പം പോലും കളയാതെയുള്ള നടത്തം കാരണം അച്ഛന്റെ കുടക്ക് ചാരനിറമായിരുന്നു.. ശരീരത്തിന് കറുപ്പുനിറവും.. വൈകുന്നേരം കൂലിപ്പണി
കഴിഞ്ഞു വരുന്നവരെയും കാത്ത് നിന്ന് അച്ഛന്‍ വീടണയുമ്പോള്‍ രാത്രിയാവും.. അധികം കത്തുകളില്ലെങ്കില്‍ സന്ധ്യയോടെയും.. എത്തേണ്ടിടത്ത് എത്താതെ കയ്യിലിരിക്കുന്ന ഓരോ തപാലും അച്ഛനൊരു വേവലാതിയായിരുന്നു.. കൊടുത്തു തീരാത്ത ക്രിസ്തുമസ്സ്-പുതുവത്സര കാര്‍ഡുകള്‍ അച്ഛന്‍ കാണാതെ ബാഗില്‍ നിന്നെടുത്ത് നോക്കുന്നത് അന്ന് എന്റെയും ചേച്ചിയുടെയും ഒരു കൊച്ചു സന്തോഷമായിരുന്നു.. മറ്റുള്ളവര്‍ക്കുള്ള എഴുത്തുകള്‍ അത് ആശംസാകാര്‍ഡ് ആണെങ്കിലും തുറക്കരുതെന്നായിരുന്ന് അച്ഛന്റെ ചട്ടം.. ജോലികിട്ടി
ദൂരെപോയവരുടെ ആദ്യത്തെ ശമ്പളം മണിയോര്‍ഡര്‍ വരുമ്പോള്‍ അതില്‍ നിന്നൊരു
ചില്ലറ അച്ഛനുള്ളതായിരുന്നു.. അവരുടെ സന്തോഷത്തില്‍ നിന്നും ഒരു പങ്ക്..
അന്നത്തെ ദിവസം ഞങ്ങള്‍ക്ക് എന്തെങ്കിലും "ചെലവ്' കൊണ്ടുതരും ..
ചായപീടികയില്‍ നിന്നും നാലു വടയോ അല്ലെങ്കില്‍ ഒരു പായസത്തിനുള്ള വകയോ
ആവാം... സന്ധ്യമയങ്ങുമ്പോള്‍ തേക്കിലയില്‍ പൊതിഞ്ഞ വലിയൊരു മീന്‍
പൊതിയുമായ് അച്ഛന്‍ വരുന്നത് അന്നൊരു സന്തോഷത്തിന്റെ വകയായിരുന്നു..
അന്തിക്കഞ്ഞിക്ക് അരിയിട്ടില്ലെങ്കില്‍ ഇത്തിരി കൂടുതല്‍ ഇടാന്‍ അച്ഛന്‍
പറയും .. അത് ഞങ്ങള്‍ മക്കള്‍ക്കുള്ള കളിയാക്കല്‍ കൂടിയായിരുന്നു...
രാവിലെ സ്കൂളില്‍ പോവും മുമ്പെ എനിക്ക് കുറച്ച് കാശ് എടുത്ത് തരും ..
വൈകുന്നേരത്തെ കടയില്‍ പോക്കിന്റെ ചുമതല എനിക്കായിരുന്നു..


വായിക്കാനറിയാത്തവര്‍ക്ക് കത്ത് വായിക്കലും എഴുതലുമൊക്കെ അച്ഛനും
ചെയ്തിരുന്നോ.. ഉണ്ടായിരുന്നിരിക്കാം .. അത്രയൊന്നും ഓര്‍മ്മ
എനിക്കില്ല...

ഇ ഡി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ല.. എന്തുകൊണ്ടെന്ന് ഇന്നും
എനിക്കറിയില്ല.. ഇന്നുണ്ടോ അതും അറിയില്ല... എന്റെ അച്ഛനു പെന്‍ഷന്‍
ഇല്ലാരുന്നു എന്നറിയാം .. അച്ഛന്‍ റിട്ടയര്‍ ആവുമ്പോള്‍ ഞാന്‍ അഞ്ചില്‍
പഠിക്കുകയായിരുന്നു.. അന്ന് രാവിലെ അമ്മ പറഞ്ഞു " നാളെ മുതല്‍ രാവിലെ
ദോശയില്ല".. അടുത്ത വീടുകളില്‍ ഒക്കെ രാവിലെ കഞ്ഞി കുടിക്കുമ്പോള്‍
എന്റെ വീട്ടില്‍ എന്നും രാവിലെ ദോശയോ ഇഡ്ലിയോ ആയിരിക്കും.. രാവിലെ കഞ്ഞി
കുടിക്കുക എന്ന് എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല.. അന്നു മുഴുവന്‍
ഞാന്‍ സ്കൂളില്‍ പോയിരുന്നു കരഞ്ഞു.. ചോദിച്ചവരോടൊക്കെ പറഞ്ഞു "എന്റെ
അച്ഛന്‍ ഇന്നു റിട്ടയര്‍ ആവും .. നാളെ മുതല്‍ ഞങ്ങള്‍ എങ്ങിനെ കഴിയും ".. ഞങ്ങള്‍ ജീവിച്ചു -ഏട്ടന്റെയും ചേച്ചിയുടെയും ഒക്കെ ശമ്പളം കൊണ്ട്.. അച്ഛന്‍ എല്ലാവരോടും പറഞ്ഞിരുന്ന പോലെ ഞങ്ങള്‍ ആറ് മക്കള്‍ ആയിരുന്നു അച്ഛന്റെ സമ്പാദ്യം .. കാലായകുരുടായ ഞാന്‍ കൂടി ജോലിക്കാരിയായിട്ടാ അച്ഛന്‍ മരിച്ചെ.. ആ പാവം അഞ്ചലോട്ടക്കാരന് മോഹിക്കാവുന്നതിലും അപ്പുറമായിരുന്നു നേടിയതെല്ലാം ...

Thursday, October 4, 2007

ചെരുപ്പുകുത്തി

രാവിലെ ബസ്സ് കാത്തുള്ള നില്പിന് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ മറവുണ്ട് ... സൂര്യന്‍ ഉത്തരായനത്തിലോ ദക്ഷിണായനത്തിലോ ആവട്ടെ, അതെനിക്കായ് ഒരല്പം തണല്‍ കരുതി വെക്കാറുണ്ട്... കൂട്ടുകാരുടെ കളിയാക്കലുകളില്‍ ആ കാത്തുനില്പിന് എനിക്ക് കൂട്ട് ഒരു തമിഴന്‍ ചെരുപ്പുകുത്തിയാണ്..

എനിക്കു മുമ്പെ കക്ഷി റോഡരികില്‍ എത്തും ... ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ നടത്തിയ ക്ഷേത്രരക്ഷായാത്രയുടെ ഫ്ലെക്സി ബോര്‍ഡ് ഇലക്ട്രിക് പോസ്റ്റിലേക്കും പള്ളിമതിലിലേക്കും വലിച്ചു കെട്ടി ഒരുക്കുന്ന തത്കാലിക സാമ്രാജ്യത്തില്‍ കരിങ്കല്‍ പീഠത്തില്‍ ഇരിപ്പുറപ്പിക്കും.. മുമ്പ് ഏതോ കടയുടെ പരസ്യബാനര്‍ ആയിരുന്നു വെയില്‍ മറച്ചിരുന്നത്..

പിന്നെ ബൈബിള്‍ പകുത്ത്തുറന്ന് വായിക്കും.. ഒരു ബീഡി കത്തിച്ച് ഒന്നു റിലാക്സ് ചെയ്യുമ്പൊഴേക്കും റോഡില്‍ തിരക്കാവാന്‍ തുടങ്ങും.. ഒരു പത്രസ്ഥാപനവും , ആശുപത്രിയും രണ്ട് കോളേജും മൂന്ന് സ്കൂളും പിന്നെ ഒരുപാട് ഓഫീസുകളും എല്ലാം നിറഞ്ഞ ഈ ചുറ്റുവട്ടത്തിലേക്കുള്ള ഏക ബസ്സ് സ്റ്റോപ്പാണിത്.. അതുകൊണ്ട് തന്നെ ഓരോ ബസ്സും കുറെ അധികം യാത്രക്കാരെ ഇവിടെ തട്ടും .. തൊട്ടുമുന്നിലെ വനിതാ കലാലയത്തിലെ സുന്ദരികളും മറ്റു പലരും രാവിലെ പൊട്ടിയ ചെരുപ്പുകള്‍ അയാളെ എല്പിച്ചു പോവും... തിരിച്ചു വാങ്ങിക്കുന്നത് ഞാന്‍ കാണാറില്ല... ആ നേരത്ത് ഞാന്‍ അവിടെ കുറ്റിയടിക്കാറില്ലല്ലൊ..

ഇതൊക്കെ എന്നും കാണുന്നതല്ലെ.. എന്തിത്ര പുതുമ അല്ലെ.. എനിക്കും അത്ര പ്രത്യേകതയൊന്നും തോന്നാറില്ല.. വല്ലപ്പോഴും അയാള്‍ ഒരു പരിചയ ചിരി ചിരിക്കുമ്പോള്‍ തിരിച്ചൊന്ന് ചിരിക്കുന്നത് തന്നെ വലിയ കാര്യം എന്ന തോന്നല്‍.. എന്റെ അഹങ്കാരം അല്ലാതെന്ത് ...എന്നാലും പലപ്പൊഴും എനിക്ക് വണ്ടി കിട്ടുന്നത് ഞാന്‍ ഓടിവരുന്നത് അയാള്‍ കാണുന്നത് കൊണ്ടുമാത്രം..

അന്നും പതിവുപോലെ ഞാന്‍ ഹാജര്‍ .. എനിക്കു മുമ്പെ അയാളും.. വനിതാ കലാലയത്തിലെ ഒരു സുന്ദരി കടലാസില്‍ പൊതിഞ്ഞൊരു ചെരിപ്പ് നന്നാക്കാന്‍ കൊണ്ടുവന്നു കൊടുത്തു.. ക്ലാസ്സ് കഴിയുമ്പോള്‍ വരാമെന്നു പറഞ്ഞ് പോയി.. പിന്നെ ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ആ കടലാസ് ഇരുന്നു വായിക്കുന്നു .. എന്തെങ്കിലും ചൂടന്‍ വാര്‍ത്തയാവുമെന്ന് കരുതിയാണ് ഞാന്‍ ഒന്നു കൂടു നോക്കിയത്.. വിഷയം ഇന്ത്യയുടെ ആണവകരാറിനെ കുറിച്ചുള്ള മുഖപ്രസംഗം.. തലേദിവസം ഓഫീസില്‍ നടന്ന പ്രസംഗമത്സരത്തില്‍ ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്നവര്‍ പോലും ബ്ബ ബ്ബ ബ്ബ വെച്ച വിഷയം.. എന്താണ്‍ ആ കരാറിലെ പ്രശ്നങ്ങള്‍ എന്ന് പ്രസംഗിച്ചവരൊന്നും പറഞ്ഞില്ല...കാടും പടര്‍പ്പും തല്ലി അഞ്ചു മിനിറ്റ് നേരം അവരെല്ലാം വായിട്ടലച്ചു..എന്താ ഒരു ചെരുപ്പുകുത്തിക്ക് സീരിയസ്സ് വിഷയങ്ങള്‍ വായിച്ചൂടെ എന്നൊന്നും ചോദിക്കല്ലെ.. സത്യത്തില്‍ അയാളോട് എനിക്ക് അതിരറ്റ ബഹുമാനം തോന്നി.. ഇന്ത്യ കരാറില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും എന്റെ ജീവിതം ഇങ്ങനെ ഒക്കെ അങ്ങു പോവും എന്നൊരു നിസംഗത എന്റെ മനസ്സിലുമുണ്ട്... മറുനാട്ടില്‍ നിന്ന് ഈനാട്ടില്‍ ചേക്കേറി റെയില് വേ പുറമ്പോക്കില്‍ താമസിക്കുന്ന ആ ചെരുപ്പുകുത്തിയും അതിലപ്പുറം ചിന്തിക്കുമെന്ന് എനിക്ക് തോന്നിയില്ല.. എന്നാലും കയ്യില്‍ കിട്ടിയ കടലാസിലെ വിവരത്തെ അയാല്‍ ശ്രദ്ധയോടെ വായിക്കുന്നത് കണ്ടപ്പോള്‍ എന്റെ നിസ്സംഗതയില്‍ എനിക്ക് തന്നെ പുച്ഛം തോന്നുന്നു.. വൈകുന്നേരങ്ങളില്‍ വെള്ളമടിച്ച് തമിഴില്‍ ചറപറാന്ന് പറഞ്ഞ് ബഹളം വെക്കുന്ന അയാളില്‍ നിന്ന് ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അയാളെ ഞാന്‍ ആദ്യം ശ്രദ്ധിക്കാന്‍ തന്നെ കാരണം അയാള്‍ മലയാളം ബൈബിള്‍ വായിക്കുന്നത് കണ്ടാണ്.

ഇപ്പോള്‍ രാവിലെ ബസ്സ്റ്റൊപ്പില്‍ എത്തുമ്പോഴെ ഞാന്‍ അയാളോട് ചിരിക്കും .. എന്റെ മന്‍സ്സില്‍ അയാളുടെ സ്ഥാനം ഒരുപാട് ഉയര്‍ന്നിരിക്കുന്നു... അയാള്‍ എന്നോട് വല്ലപ്പോഴും വര്‍ത്തമാനം പറയാറുണ്ട്... "ഇന്നെന്താ വൈകിയെ"... "ഇതുവരെ ബസ്സ് വന്നില്ലെ " അതുപോലെ എന്തെങ്കിലും ...

Thursday, September 27, 2007

ഞാനും അവളും

അവളുടെതെന്ന് വിശ്വസിപ്പിച്ചാണ്
ഞാന്‍ ഓരോ കഥയും പറഞ്ഞത്
അവളുടെ കനവായാണ്
ഓരോ കവിതയും വിരിഞ്ഞത്
അവളുടെ ചിന്തകളെയാണ്
ഞാന്‍ ചിന്തേരിട്ടിരുന്നത്

കരഞ്ഞതും ചിരിച്ചതും
വഴിയറിയാതെ പകച്ചതും
ഉത്തരം കിട്ടാതെ അലഞ്ഞതും
ആരുമില്ലെന്ന് പതം പറഞ്ഞതും
എല്ലാം അവളായിരുന്നു

കയ്ച്ചിട്ട് ഇറക്കാനാവാത്തതിനും
മധുരിച്ചിട്ട് തുപ്പാനാവാത്തതിനും
ഒരേ നിസ്സംഗതയായിരുന്നു
കാരണം,
അതെല്ലാം അവളുടെ കഥകളല്ലെ

അവളെ നിങ്ങള്‍ അറിയില്ലല്ലൊ
അതുകൊണ്ട് മാത്രം , ഞാന്‍
ഇടയിലൊരു മൊഴിമാറ്റക്കാരിയായ്

എപ്പൊഴെന്നറിയില്ല
അവള്‍ എനിക്കുവേണ്ടി പറയാന്‍ തുടങ്ങിയത്
വേഷങ്ങള്‍ പരസ്പരം വെച്ചുമാറിയത്

Thursday, September 20, 2007

ഈറ്റില്ലം

അച്ഛന്റെ മുത്തച്ഛന്റെ കാലത്തെ പണിയാ.. കുമ്മായവും ശര്‍ക്കരയും മണലും എല്ലാം ചേര്‍ത്താ പണിതത്.. അതാ ഇത്ര ഉറപ്പ് .. അന്നൊക്കെ വീട് പണിയാന്ന് പറഞ്ഞാല്‍ ഇന്നത്തെ പോലെ എടിപിടീ എന്നൊന്നും അല്ലല്ല്ലൊ.. എത്ര നാളത്തെ അദ്ധ്വാനാ.. ക്ഷാമം വന്നോണ്ടാ രണ്ടാംതട്ട് പണിയാതെ പോയെ.. മോളില്‍ തട്ടിന് മരമെല്ലാം പാകിയതായിരുന്നു.. പിന്നൊന്നും ഉണ്ടായില്ല... ഇപ്പൊഴത്തെ കുട്ടികളുടെ മോഹല്ലെ.. നടക്കട്ടെ .. വീട് പഴയതാണെങ്കിലും സൌകര്യങ്കിലും ഉണ്ടാവൂലൊ..

അമ്മ ചുമരിടിക്കാന്‍ നോക്കുന്ന പണിക്കാരോട് പഴംകഥകള്‍ പറഞ്ഞിരിപ്പാണ്.. ചുമരിടിക്കണ്ട.. ചെറിയൊരു തുള ... ഒരിത്തിരി കൂടിയ വട്ടത്തില്‍.. അത്രയേ വേണ്ടൂ.. വെറും മണ്‍ ചുമരാന്നൊക്കെ പറഞ്ഞപ്പൊ മുളം തൂണ് കൊണ്ട് മുട്ട് കൊടുത്താ പണി തുടങ്ങിയെ.. എല്ലാം കൂടി ഇടിഞ്ഞ് പൊളിഞ്ഞ് താഴെ പോവുമോന്ന് പേടിച്ച്..എന്നിട്ടിപ്പൊ അവര് കഷ്ടപ്പെട്ട് നില്പാ..

"എന്താ പണിയങ്ങട് നീങ്ങുന്നില്ലല്ലൊ ..മഴയാണെങ്കില്‍ കണ്ണുകെട്ടി കളിച്ചോണ്ടിരിക്കാ ... "

ദിവസേനയുള്ള ക്ഷേമാന്വേഷണത്തിനെത്തിയ വല്ല്യമ്മാമയുടെ വകയാണ്... മുറ്റത്തേക്ക് ചാഞ്ഞുനിന്നിരുന്ന ഒരില പറിച്ചത് ഞെരടി പറമ്പിലേക്ക് നീട്ടിയെറിഞ്ഞു..

"ദാ ന്ന് പറഞ്ഞപോലെ ദിവസം പോവും .. പുതിയാളെത്തുമ്പൊഴെക്കും എല്ലാം ഒരുങ്ങണ്ടെ.."

ഉറക്കെയുള്ള ചിരിയോടെ ചൂട് ചായ ഊതികുടിക്കുന്ന അമ്മാമ ഇപ്പൊ എന്താ ചിന്തിച്ചിട്ടുണ്ടാവുക...പുതുമുഖം തന്നെ എന്തു വിളിക്കുമെന്നാവുമോ..
-----

ഇത് വടക്കേറ എന്ന് വിളിക്കപ്പെടുന്ന വടക്കെ അറ.. ഇടന്നാഴിയില്‍ നിന്ന് മച്ചിനു മുന്നിലെ കൊച്ചു തളം.. ഇരുവശത്തുമായി തെക്കേറയും വടക്കേറയും .. തെക്കേറ ഇവിടത്തെ കല്ല്യാണങ്ങള്‍‌ക്കെല്ലാം മണിയറയാണ്.. കാലം കൂടുമ്പോള്‍ പതിയെ വടക്കേറയിലെത്തും.. പുതിയ അംഗത്തെ വരവേല്‍ക്കാനാണ്...

ഊണ്‍ കഴിഞ്ഞ് വീട്ടുകാരും പണിക്കാരുമെല്ലാം പലയിടത്തായി നടുനിവര്‍ത്തിയിരിക്കുന്നു.. തട്ടിട്ട അറയില്‍ നല്ല തണുപ്പ്... ഒരു ചുമര്‍
മച്ചിന്റെ മരച്ചുവരാണ്.. വേനലില്‍ പോലും ചൂടെത്തി നോക്കില്ല.. ഇന്നും ഇവിടെ ഫാന്‍ പോലുമില്ല... ഇനി വരുമായിരിക്കും.. നിലത്തു വെച്ച കാലിന് കീഴെ നല്ല പരുപരുപ്പ്... നിലം ഇത്രയും പരുത്തതെങ്ങിനെ.. തെളിയുന്ന വെളിച്ചത്തില്‍ നിലം മുഴുവന്‍ കുത്തിപൊളിച്ചിട്ടിരിക്കുന്നു.. വടക്കെ മൂലയിലെ ഓവിന്‍ തറയും നിരപ്പാക്കിയിരിക്കുന്നു... മുറിയില്‍ നിറയെ തിരക്കു പിടിച്ച പണിയുടെ അവശിഷ്ടങ്ങള്‍.. മച്ചിന്റെ രണ്ടുനിര പലകകള്‍ അപ്രത്യക്ഷമായിരിക്കുന്നു.. പത്തായത്തിലേക്ക് കയറിപ്പോയ വിടവില്‍ പുതിയൊരു യൂറോപ്യന്‍ ക്ലോസ്സെറ്റിന്റെ തിളക്കം.. മറുവശത്ത് തെക്കേറയിലും പത്തായത്തിലേക്ക് പുതിയ നീക്കം .. നിലത്തെ പരുക്കന്‍ മാറ്റി വിരിക്കാന്‍ തയ്യാറായി ചായ്പ്പില്‍ റ്റൈല്‍‌സ് കാത്തിരിക്കുന്നു..

വടക്കേറ വീണ്ടും ഒരുങ്ങുകയാണ്.. ഇത്തവണ നഗരപരിഷ്കാരങ്ങളോടെ.. അമ്മയുടെ ഭാഷയില്‍ അവര്‍ സുഖസൌകര്യത്തില്‍ ജീവിക്കുന്നവരാ.. നിലത്തിനാണെങ്കില്‍ എന്തൊരു മിനുപ്പാ... അടുക്കളയില്‍ ഒരു പൊടി കരിയില്ല്ല.. അപ്പൊ അവരൊക്കെ ഇവിടെ വരുമ്പോള്‍ നമ്മളും അതുപോലെ നോക്കണ്ടെ.. ഇനി ഇപ്പൊ ഇടക്കിടക്ക് അവര് ആരേലൊക്കെ വന്നാലോ.. കുട്ടീനെ കാണാനൊക്കെ.. ആരാണീ അവരെന്ന് ചോദിച്ചാല്‍ അമ്മയുടെ പേരക്കിടാവിന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍.. നാട്ടിന്‍ പുറത്തെ ശീലമൊന്നും അവര്‍ക്ക് പിടിക്കില്ല..

അമ്മ മുതുമുത്തശ്ശിയാവാനുള്ള തയ്യാറെടുപ്പിലാണ്... മുത്തശ്ശിയാവാന്‍ എന്റെ ഏട്ടത്തി.. ഇത് ഒരു പുതുതലമുറയുടെ ജന്മം കൂടെ ആവുന്നു.. നാലാം തലമുറയിലെ വരവും കാത്തിരിപ്പിലാണ് എല്ലാവരും ... അമ്മ കിട്ടുന്ന വെള്ളതുണികളെല്ലാം മണ്ണാത്തി ദേവകിയെ കൊണ്ട് അലക്കി വെളിപ്പിക്കുന്നു.. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന മട്ടില്‍ ഫ്ലാസ്കും ഷീറ്റുമെല്ലാം ഒരു യാത്രക്ക് തയ്യാറായിരിക്കുന്നു... അതിഥിയെ വരവേല്‍‌ക്കാന്‍ സീറോവാട്ട് ബള്‍ബ് പോലും സ്ഥാനം പിടിച്ചിരിക്കുന്നു..

അതെ അവള്‍ അമ്മയാവാന്‍ കാത്തിരിക്കുകയാണ്.. ഈ ഈറ്റില്ലത്തില്‍ അവസാനം പിറന്നു വീണത് അവളായിരുന്നു.. അവള്‍ക്കുമുമ്പ് ഞാന്‍ .. എന്റേത് ഒരു തലമുറയുടെ അവസാനമായിരുന്നു.. അവളുടേത് ഒരു തുടക്കവും .. അവള്‍ക്ക് ശേഷമുള്ളവരെല്ലാം ആശുപത്രി ജന്മങ്ങളായിരുന്നു.. അവള്‍ക്കുള്ള ഉണക്കമുന്തിരി വാങ്ങാന്‍ കിഴക്കെ വൈദ്യശാലയിലെക്ക് ഓടിയത് ഇന്നും ഓര്‍മ്മയുണ്ട്.. ഓട്ടത്തിനിടയില്‍ കണ്ടവരോടൊക്കെ ഞാന്‍ ആ സന്തോഷവാര്‍ത്ത പറഞ്ഞു "എന്റെ വീട്ടില്‍ കുഞ്ഞുണ്ടായിരിക്കുന്നു".. ഒരു പത്തുവയസ്സുകാരിക്ക് ഇതില്‍ പരം എന്തു സന്തോഷം .. രാവിലെ കുളിചീറനായ് വന്ന് അവള്‍ക്ക് സ്വര്‍ണ്ണമരച്ച് വയമ്പ് കൊടുത്തിരുന്നത് ഞാനാ.. വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന് അവള്‍ക്ക് കൊടുക്കാന്‍ വെണ്ണയും പഴവും വാങ്ങികൊണ്ടുവന്നിരുന്നതും ഞാനാ.. അവളെ ആദ്യമായി സ്കൂളില്‍ കൊണ്ടുപോയതും ഞാനാ.. അന്നത്തെ കുടുംബചിത്രത്തില്‍ ഞാന്‍ എല്ലാമായിരുന്നു.. പക്ഷെ ഇന്ന് ദൂരെ ദൂരെ... വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരിയായ്...


അവളുടെ കുഞ്ഞിനായ് ഈറ്റില്ലമൊരുങ്ങുകയാണ്.. ഞാന്‍ താഴെ നടക്കുന്ന ഓരോ ചലനങ്ങളും കാതോര്‍ത്ത് ... അമ്മാമ ചുരുട്ടിയെറിഞ്ഞ പച്ചില മഴയില്‍ മണ്ണോട് ചേരുന്നതും നോക്കി...വെറുതെ രംഗം വിടാന്‍ മടിച്ചുനില്‍ക്കുന്ന മഴയില്‍ കണ്ണും നട്ട് ... ഓര്‍മ്മകളില്‍ മനസ്സും നിറഞ്ഞ്..

Tuesday, September 4, 2007

അനിയത്തി

കേരളാ എക്സ്പ്രസ്സ് തൃശ്ശൂര്‍ എത്തുവാന്‍ ‍ മിക്കവാറും അഞ്ചര ആറ് മണിയാവും... പിന്നെ രണ്ട് മണിക്കൂര്‍ കൂടി. വീട്ടില്‍ എത്തുമ്പോള്‍ അമ്മയുടെ നാമജപം പോലും കഴിഞ്ഞിരിക്കും.. ഒപ്പോള്‍ അടുപ്പിന്‍‌ക്കല്ല് തളിച്ച് തുടച്ച് വടുക്കോറത്തെ വാതിലിന്റെ സാക്ഷയിട്ടിരിക്കും. ഏട്ടന്‍ മിക്കവാറും രാവിലെ വായിക്കാന്‍ വിട്ടുപോയ വാര്‍‌ത്തകള്‍ അത്താഴത്തിന് മേമ്പൊടിയായ് അരിച്ചുപ്പെറുക്കി ഉമ്മറത്തുണ്ടാവും. എന്റെ വീട്ടില്‍ എല്ലാം നേരത്തെ ആണ്; ഞാനൊഴിച്ച്. ഇന്നും പതിവിന് വ്യത്യാസമൊന്നും ഉണ്ടാവാന്‍ വഴിയില്ല...

കൈയിടവഴിയിലെ ചരല്‍ അമരുന്നതിന്റെ ശബ്ദം കേട്ട് ഒരു പാട് കണ്ണുകള്‍ എനിക്ക് നേരെ നീളുന്നുണ്ടായിരുന്നു.. ഉമ്മറത്ത് ആരൊക്കെയോ ഉണ്ട്. അടുത്തെത്തിയപ്പോള്‍ കണ്ടു, ചില നാട്ടുപ്രമാണികള്‍. ചിരിക്കേണ്ടവരോട് ചിരിച്ച് വണങ്ങേണ്ടവരെ വണങ്ങി ആചാരമര്യാദ പാലിച്ച് ഞാന്‍ അകത്തേക്ക് നടന്നു..

ഇടന്നാഴിയിലെ വെളിച്ചത്തില്‍ എന്നെ കാണുമ്പോള്‍ അമ്മ അടുത്ത നാമജപം തുടങ്ങും... നേരമില്ലാത്ത നേരത്ത് കടന്നു വരുന്ന; അന്തിമയങ്ങും മുമ്പ് കൂടണയാത്ത ഇളയ സന്തതിയുടെ.. ഇന്നെന്തായാലും അതുണ്ടായില്ല.. നാട്ടുകാരുടെ മുന്നില്‍ വിലയിടിയരുതല്ലോ?

പള്ളിക്കുളത്തിലെ മുങ്ങിക്കുളിക്ക് തുല്യമാവില്ലെങ്കിലും മോട്ടോര്‍ ഓണ്‍ ചെയ്ത് പൈപ്പെടുത്ത് തലക്കുമീതെ പിടിച്ച് സ‌മൃദ്ധമായൊരു കുളി.. ചോറ് വെള്ളമൊഴിച്ചതുകൊണ്ട് രാവിലത്തേക്കുള്ള പുളിക്കാത്ത മാവുകൊണ്ട് നല്ല കട്ടിദോശ..ഉള്ളിയും മുളകും ചുട്ട് ഉപായത്തിലൊരു ചമ്മന്തി..നല്ല ചുടുകാപ്പി..

"വണ്ടി താമസിച്ചോ..?"

ഉമ്മറത്തെ സഭ പിരിഞ്ഞ് ഏട്ടന്‍ അടുക്കളയിലെത്തി.

"അതെങ്ങനെയാ ഏട്ടാ.. ഞാനെ വൈകിയ വണ്ടിയാവുമ്പോള്‍ ഞാന്‍ വരുന്ന വണ്ടികളും താമസിക്കണ്ടെ..?"

പ്ലേറ്റില്‍ വീണ്ടുമൊരു ദോശകൂടി..

"അല്ല... രാഷ്ട്രീയം വീണ്ടും തുടങ്ങിയോ.. പക്ഷെ ഇതെല്ലാം പഴയ ചോരകളാണല്ലോ?.. നമ്മുടെ പാര്‍ട്ടിയിലേക്ക് യുവരക്തമൊന്നും ആകര്‍ഷിക്കപ്പെടുന്നില്ലെ?

ആദ്യം കുമ്പകുലുക്കിയൊരു ചിരി...പിന്നെ നിശബ്ദത..

"നമ്മടെ അനിയത്തി മരിച്ചു.. ഇന്ന് ഉച്ചക്ക്.. അറിയിച്ചവര്‍ ആരും വന്നില്ല... പിന്നെ നാട്ടുകാരെല്ലാം കൂടി അങ്ങ് തട്ടിക്കൂട്ടി... മണി മാത്രല്ലെ ഉള്ളു.. അവനാണെങ്കില്‍ .. ആ എന്താ ചെയ്യാ... അതിന്റെ കാര്യം പറഞ്ഞിരിക്കാരുന്നു.."

-----

മകളാവാന്‍ പ്രായമുള്ള എനിക്ക് പോലും അനിയത്തിയായിരുന്നു അവര്‍..ദിവസങ്ങളുടെ മൂപ്പുള്ളവരെപോലും ഏട്ടത്തിയെന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കാറുള്ള അമ്മ, അനിയത്തിയെന്ന വിളിയില്‍ കുറ്റപ്പെടുത്തിയതുമില്ല.. കിഴക്കെപറമ്പിലെ പൂമരങ്ങള്‍ പൂത്തുലഞ്ഞു നില്‍കുമ്പോള്‍, ചുവപ്പും മഞ്ഞയും നിറഞ്ഞ ആ കത്തുന്ന നിറക്കൂട്ടിനെ, അനിയത്തിയുടെ സൌന്ദര്യമായ് ഞാന്‍ സ്വപ്നം കണ്ടിരുന്നു... ഒരിക്കലെങ്കിലും അവരെയൊന്ന് അടുത്തുനിന്ന് കാണുക എന്നത് കുട്ടിക്കാലത്തെ വലിയ മോഹവുമായിരുന്നു..വൈകുന്നേരത്തെ വെയില്‍ ചായുമ്പോള്‍, കുളിച്ച് ജനലിനരികില്‍ നിന്ന് മുടിയുണക്കുന്നതാണ്‍ അവരെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മ.. തടിച്ച മരയഴികള്‍‌ക്കപ്പുറത്തെ രൂപം ഒരിക്കലും വ്യക്തമായിരുന്നില്ല.. അത് അനിയത്തിയാണെന്ന് നിഴലനക്കങ്ങളില്‍ നിന്ന് ഞാന്‍ കണ്ടെത്തുന്നതായിരുന്നു.. ഒന്നുകില്‍ കൊഴിഞ്ഞു വീണ മുടിച്ചുരുളികള്‍ ജനലിലൂടെ പുറത്തേക്കെറിയുന്ന ഒരു കൈ.. അല്ലെങ്കില്‍‍ ജനല്‍ പാളിയിലൂടെ പാതി മറഞ്ഞ മുഖം.. സാരിയുടെ നിറഭേദങ്ങള്‍ .. ഇത്രയൊക്കെയേ ഞാന്‍ കാണാറുള്ളു .. എല്ലാം ചേര്‍‌ത്തുവെച്ച് അനിയത്തിയെ വരച്ചെടുക്കാന്‍ മാത്രം ഭാവന എനിക്കൊരിക്കലും ഉണ്ടായിരുന്നതുമില്ല.. എന്നാലും അനിയത്തിയുടെ കറുത്തു നീണ്ട മുടിയെ കുറിച്ച് അമ്മ പലപ്പോഴും വാഴ്‌ത്തുന്നത് കേട്ടിട്ടുണ്ട്.. അതുകൊണ്ട് തന്നെ അവര്‍ അവരുടേതെന്നും ഞങ്ങള്‍ ഞങ്ങളുടേതെന്നും അവകാശപ്പെടുന്ന അതിരിലെ, കുറുന്തോട്ടികള്‍ കൊണ്ട് താളിതേച്ച് മുടിവളര്‍ത്താന്‍ ഞാനും ശ്രമിച്ചിരുന്നത്.. ചന്ദനം തൊട്ടാല്‍ തിരിച്ച് അറിയാത്ത നിറമാണെന്നായിരുന്ന് മറ്റൊരു വിശേഷണം .. അതിപ്പൊ കിട്ടാന്‍ ഞാനെന്താ ചെയ്യാ..

അനിയത്തിയെ കല്ല്യാണം കഴിച്ചത് ഒരു പോലീസുകാരനായിരുന്നു..അങ്ങ് പാലക്കാടന്‍ പട്ടണക്കാരന്‍..നാട്ടുനടപ്പനുസരിച്ച് ഇവിടെ പാര്‍‌ക്കേണ്ടതാ.. ജോലിക്കാരനായതുകൊണ്ട് അനിയത്തിയെ കൂടെ കൂട്ടി.. അവിടെ പോയി അധികം കഴിയും മുമ്പെ "വിശേഷവുമായി" അനിയത്തി തിരിച്ചെത്തി.. ജോലിത്തിരക്കിനിടയിലും ഭാര്യയെ കാണാന്‍ അയാള്‍ കൃത്യമായി എത്തുമായിരുന്നു.. അവരുടെ മകനാ മണി.. മണിയെ പ്രസവിച്ചപ്പോള്‍ അനിയത്തിയുടെ മുലയില്‍ പാലില്ലായിരുന്നു..കുട്ടി കരയുമ്പോഴൊക്കെ അനിയത്തിയുടെ അമ്മ കുഞ്ചുകുട്ടിയമ്മ കുട്ടിയെ എടുത്ത് അമ്മയുടെ അടുത്ത് വരും.. അന്ന് അമ്മ ദാസേട്ടനെ പ്രസവിച്ചു കിടക്കണ സമയാ.. ഇപ്പൊഴും ഇടക്കൊക്കെ അമ്മ അത് പറയും.. ആ മുലപ്പാലിന്റെ നന്ദിപോലുമില്ലാതെ അതിര്‍ത്തി തര്‍ക്കത്തിന് വരുന്നതായിരുന്നു അമ്മക്ക് ദേഷ്യം.. ദാസേട്ടന്റെ കൂടെ പത്താം‌ക്ലാസ്സ് എഴുതിയ മണി വര്‍ഷങ്ങള്‍‌ക്ക് ശേഷം ദേവ്യേട്‌ത്തിടെ കൂടെയും അതെ പരീക്ഷ എഴുതി.. പിന്നെ എപ്പൊഴാ ആ വര്‍ഷിക പരിപാടി നിര്‍ത്തിയതെന്നറിയില്ല.. ഞാന്‍ കാണുമ്പൊഴൊക്കെ ആ വീട്ടില്‍ ഓടി നടന്ന് വല്ലതും ചെയ്തിരുന്നത് കുഞ്ചുകുട്ടിയമ്മയാ.. നാട്ടുകാരോടൊക്കെ ചിരിച്ച് വര്‍ത്തമാന പറയുന്ന അവര്‍ ഞങ്ങടെ മുഖത്ത് പോലും നോക്കില്ല.. മുട്ട് വരെ മടക്കി ഉടുത്ത മുണ്ടും, ബ്ലൌസിടാതെ തോളില്‍ മടക്കിയിട്ട ഒരു തോര്‍‌ത്തും കൊണ്ട് അവര്‍ നാട്ടിലും പാടത്തും ഒക്കെ നടക്കുമായിരുന്നു.. അവരുടെ വയറ്റത്തേക്ക് നീണ്ടുകിടന്നാടുന്ന മുലകളെ കുറിച്ച് പറഞ്ഞതിന് അമ്മയുടെ വഴക്ക് എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്.. അപ്പുറവും ഇപ്പുറവും കുടുംബക്കാരുണ്ടെങ്കിലും ആരുമായും അത്ര ലോഹ്യത്തിലായിരുന്നില്ല അവര്‍.. വല്ല വിശേഷവുമുണ്ടെങ്കില്‍ മാത്രം അവിടെയൊക്കെ പോവും.. അതും കുഞ്ചുകുട്ടിയമ്മ മാത്രം.. അമ്മയും മകനും ഒന്നിനും ഒരിടത്തും പോവുന്നത് കണ്ടിട്ടില്ല.. അയല്‍‌പക്കമായിട്ടും വീട്ടിലെ കല്ല്യാണങ്ങള്‍‍ക്കും അവര്‍ വന്നിട്ടില്ല.. എന്തു ദേഷ്യം കാണിച്ചാലും അമ്മക്ക് ഉള്ളില്‍ മണിയോട് സ്നേഹമുണ്ടായിരുന്നെന്ന് ഉറപ്പ്.. "അവനെന്റെ മുലകുടിച്ച് വളര്‍ന്നതല്ലെ" എന്ന് ഇടക്കിടക്ക് പറയുമായിരുന്നു.. എപ്പൊഴാണ് അനിയത്തിയുടെ ഭര്‍ത്താവ് ഇങ്ങോട്ട് വരാതായതെന്ന് പറഞ്ഞ് കേട്ടിട്ടില്ല.. അപ്പൊഴേക്കും ഞങ്ങളും അവരും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിരിക്കണം.. അനിയത്തിയുടെ അഹമ്മതിയാണ്‍ എല്ലാത്തിനും കാരണമെന്നാണ് എവിടെ തുടങ്ങിയാലും അമ്മ അവസാനിപ്പിക്കുന്നത്.. കഥയുടെ പരിണാമത്തില്‍ അനിയത്തിയുടെ ഭര്‍ത്താവ് വേറെ കല്ല്യാണം കഴിച്ചെന്നാണ് കേള്‍വി.. കൊച്ചുകുട്ടികള്‍ ഇതൊന്നും കേള്‍ക്കാനോ പറയാനോ പാടില്ലെന്നത് വീട്ടിലെ അലിഖിത നിയമം..

--------

ഒരു ദിവസം കുഞ്ചുകുട്ടിയമ്മ മുറ്റത്തെ തിണ്ണയില്‍ ഇരിക്കാരുന്നു.. സന്ധ്യായിട്ടും വീട്ടില്‍ കയറാതെ ആ ഇരിപ്പുതന്നെ.. അന്ന് രാത്രി ഉമ്മറവാതില്‍ അടക്കുമ്പൊഴും നിറഞ്ഞ നിലാവില്‍ അവരാ തിണ്ണയില്‍ ഇരിക്കുന്നുണ്ടായിരുന്നു.. ആ ചുറ്റുവട്ടത്ത് കറന്റ് ഇല്ലാത്ത ഒരേ ഒരു വീടും അത് മാത്രമാ.. അന്ന് ഞാന്‍ വലിയകുട്ടി ആയിരുന്നതിനാല്‍ അതിലെന്തോ പ്രശ്നമുണ്ടന്ന് തോന്നി.. വീട്ടില്‍ ആരും അത് അത്ര കാര്യമായെടുത്ത ലക്ഷണമില്ലായിരുന്നു.. രാവിലെ കുളിക്കാന്‍ കുളത്തില്‍ ചെന്നപ്പോഴാണ് പുതിയ കഥകള്‍ കേട്ടത്.. അനിയത്തി മനപടിക്കല്‍ നിന്ന് ആരെയൊക്കെയോ ചീത്തവിളിക്കുന്നു.. അവധിദിവസത്തെ വിശാലമായ കുളിമാറ്റിവെച്ച് ഞാന്‍ കയറി.. അമ്പലത്തില്‍ കേറാതെ പുറത്തു നിന്ന് തൊഴുത് വേഗം നടക്കുമ്പൊഴും മനസ്സില്‍ ഒരു മോഹമെ ഉണ്ടായിരുന്നുള്ളു.. അനിയത്തിയെ ഒന്നു കാണണം.. ആലിന് ചുവട്ടില്‍ നിന്നെ കേട്ടു, ഉച്ചത്തിലുള്ള സംസാരം.. മുകളിലെ വടക്കേമുറിയില്‍ നിന്ന ഒരിക്കലും പുറത്തിറങ്ങാത്ത ആള്‍ എങ്ങിനാ ഇത്ര ഉറക്കെ സംസാരിക്കുന്നതെന്നായിരുന്നു അത്ഭുതം .. പക്ഷെ അടുത്തെത്തിയപ്പോള്‍ നിറയെ ആളുകള്‍.. എല്ലാരും നല്ലൊരു കാഴ്ച കിട്ടിയ പോലെ നില്‍കുന്നു.. അനിയത്തി പുറം തിരിഞ്ഞു നിന്ന് എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ടായിരുന്നു.. പക്ഷെ എന്റെ സ്വപ്നത്തിലെ അനിയത്തിയെ ഞാനവരില്‍ കണ്ടില്ല.. അവര്‍ സുന്ദരിയായിരുന്നില്ല; പുറം മറഞ്ഞു കിടക്കുന്ന മുടിയൊ ചന്ദനത്തിന്റെ നിറമോ ഇല്ലായിരുന്നു.. നരച്ച ഒരു കോട്ടണ്‍ സാരിയില്‍ ഒരു തെരുവുപെണ്ണിനെ പോലെയാണെനിക്ക് തോന്നിയത്.. അവരുടെ ബഹളത്തില്‍ നിന്ന് ഒന്നുമാത്രം എനിക്ക് മനസ്സിലായി.. അനിയത്തി സ്വന്തം കുഞ്ഞിനെ ചോദിച്ചാണ്‍ മനക്കലെത്തിയിരിക്കുന്നത് ..

അമ്മയില്‍ നിന്നാണ് അതുവരെ കേള്‍ക്കാത്ത വേറൊരു കഥ പുറത്തെത്തിയത്.. മണിക്കു താഴെ മറ്റൊരു കുഞ്ഞു കൂടി ഉണ്ടായിരുന്നു.. നല്ലൊരു തങ്കക്കുടം.. ഒരിക്കല്‍ അസുഖം കൂടി ഡോക്ടര്‍‌ടെ അടുത്ത് കൊണ്ടു പോയത് മനക്കലെ കാറിലായിരുന്നു.. അന്ന് വേറെ വണ്ടീന്ന് പറയാന്‍ നാട്ടില്‍ ആകെ ഉണ്ടായിരുന്നത് തൊഴുക്കാട്ടെ എമ്പ്രാന്തിരിയുടെ കാറാ.. എന്തായാലും ആ കുട്ടി ജീവനോടെ തിരിച്ചെത്തിയില്ല.. അതിന് ശേഷമാണ് ആരോടും മിണ്ടാതെ മുറിയില്‍ അടച്ചിരിക്കാന്‍ തുടങ്ങിയെ..

മനപ്പടിക്കലെ ബഹളം‌വെക്കല്‍ ഒരു നിത്യ പരിപാടിയായി തീര്‍ന്നു.. ഒപ്പം കുഞ്ചുകുട്ടിയമ്മയുടെ മുറ്റത്തിരിപ്പും.. അവരെ ദ്രോഹിക്കാനും തുടങ്ങിയതോടെ ബന്ധുക്കള്‍ ആരൊക്കെയോ വന്ന് അവരെ കൊണ്ടു പോയി.. പിന്നെ ഒന്നു രണ്ടു തവണ വന്നെങ്കിലും അനിയത്തി അവരെ അടിച്ചോടിച്ചു.. കുഞ്ചുകുട്ടിയമ്മ പോയതോടെ കൃഷിയൊന്നും നടക്കാതായി.. കോട്ടണ്‍ സാരിയില്‍ നിന്നും വെറും ഒരു മുണ്ടും ബ്ലൌസുമായി അനിയത്തി നടക്കാന്‍ തുടങ്ങി.. എന്നാലും മനയും അമ്പലവും കുളവും അടങ്ങുന്ന വൃത്തത്തില്‍ നിന്ന് അവര്‍ പുറത്തുകടന്നില്ല.. പറമ്പിലെ ഓരോ മരങ്ങളായി വെട്ടിവിറ്റായിരുന്നു പിന്നത്തെ ചിലവ്.. വെട്ടിക്കാനും പറ്റിക്കാനും ആളുകള്‍ ധാരാളം .. അത് തീര്‍ന്നതോടെ റേഷന്‍‌കടയിലെത്തി അരി ചോദിച്ചു വാങ്ങുന്ന അവസ്ഥയായി.. അമ്പലത്തില്‍ കല്ല്യാണങ്ങള്‍ ഉണ്ടെങ്കില്‍ പങ്കുവാങ്ങാന്‍ നേരത്തെ പാത്രങ്ങളും കൊണ്ട് ചെല്ലും .. ഒന്നുമില്ലാത്തപ്പൊ മറ്റേത് വീട്ടില്‍ കേറി ചോദിച്ചാലും അവര്‍ ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് പോലും നോക്കില്ലായിരുന്നു..


ആരോടും മിണ്ടാതെ നടന്നിരുന്ന മണിയും പതിയെ ഭ്രാന്തനായി.. അല്ലെങ്കില്‍ നാട്ടുകാര്‍ ആക്കി എന്നു പറയുന്നതാവും കൂടുതല്‍ ശരി.. ആള്‍‌ക്കാരെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലാക്കി.. വരാറും അന്വേഷിക്കാറും ഒന്നുമില്ലെങ്കിലും ചികിത്സിച്ചത് മണിയുടെ അച്ഛനാന്നാ കേട്ടത്.. അസുഖം മാറി തിരിച്ചു വന്നെങ്കിലും അധികം താമസിയാതെ അമ്മയേക്കാള്‍ കഷ്ടായി..

അപ്പൊഴേക്കും ആ പഴയ ഇരുനില വീട് നിലം‌പൊത്താറായിരുന്നു.. അവരുടെ നല്ല കാലം ഓര്‍ത്തിരുന്നവര്‍, ആ അവസ്ഥകണ്ടാണ്‍ ഒരു കൊച്ച് വീട് ഉണ്ടാക്കികൊടുത്തത്.. പുതിയ വീട് ഞങ്ങളുടെ അതിരിനോട് കൂടുതല്‍ അടുത്തായിരുന്നു.. അനിയത്തി രാത്രിയിലും ഉറക്കമില്ലാതെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കും.. നാടു വിട്ടതില്‍ പിന്നെ വല്ലപ്പൊഴും വീട്ടില്‍ ചെല്ലുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നതും ഈ സംസാരം തന്നെയായിരുന്നു..

----

മൂന്നാമത്തെ കോണിപ്പടി ശബ്ദിച്ചത് ആരോ കേറി വരുന്നതിന്റെ സൂചനയാണ്.. ഏട്ടനാണ്..

"എന്തെ നീ കിടന്നില്ലെ.."

"അനിയത്തിയുടെ കാര്യങ്ങള്‍ ഓര്‍ത്തിരുന്നു"

"അത് വിട്.. പോയി കിടന്നുറങ്ങാന്‍ നോക്ക്.. അവര്‍ നാളെ നേരത്തെ വരാംന്ന് പറഞ്ഞിട്ടുണ്ട് .. നിനക്ക് വേണാടിന് തിരിച്ചു പോവാന്‍ പറ്റും.."

ഞാനൊരു മന്ദബുദ്ധിതന്നെ.. നാളെ എന്നെ ഒരുത്തന്‍ പെണ്ണൂകാണാന്‍ വരുന്നു.. സ്വപ്നം കണ്ട് സുഖമായുറങ്ങേണ്ട നേരത്ത് ആവശ്യമില്ലാത്തതൊക്കെ ഓര്‍ത്തിരിക്ക്യാ.. എന്നാലും മണിയെവിടെ എന്ന ചിന്ത ഇടക്കിടക്ക് മനസ്സില്‍ കേറി വന്നു.. ഇവിടെ തന്നെ ഉണ്ടോ .. അതോ എവിടേലും പോയോ.. ഏട്ടന്‍ ലൈറ്റണച്ച് പോയിരിക്കുന്നു.. അതുകൊണ്ട് ചോദിക്കാനുമായില്ല..

നേരം വൈകി ഉണര്‍ന്നപ്പോള്‍ ഓപ്പോള്‍ കളിയാക്കി..

"പെണ്ണുകാണാന്‍ ചെറുക്കന്‍ വരുമ്പൊഴും ഇവള്‍ കിടന്നുറങ്ങും.."

അമ്പലത്തില്‍ പോയി വരുമ്പോള്‍ കിഴക്കേപറമ്പില്‍ ഒരനക്കവും ഇല്ല.. ചെന്നയുടനെ മണിയെ കുറിച്ച് ചോദിക്കണം.. പക്ഷെ തിരക്കില്‍ അത് വിട്ടു പോയി.. അവരും നേരത്തെ വന്നു..

പേരെന്തെന്ന് ചെറുക്കനോട് ചോദിക്കാതിരിക്കാനാവണം, ഓപ്പോള്‍ നേരത്തെ പറഞ്ഞു.. "അരുണ്‍"

"കണ്ടിട്ട് മോന്തക്ക് അരുണിമയൊന്നും ഇല്ലല്ലൊ" എന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പൊഴാണ്‍ അങ്ങേര്‍‌ക്ക് എന്നോട് മുഖദാവില്‍ സംസാരിക്കണമെന്ന് അറിയിച്ചത്...

ഇന്റര്‍വ്യു ബോര്‍ഡിന് മുന്നിലെ സ്വയം പരിചയപ്പെടുത്തല്‍ പോലെ അരമണിക്കൂര്‍ നീണ്ട നയപ്രഖ്യാപനം.. മോനെ, നിനക്ക് ഞാന്‍ ചേരില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു.. ഇടയില്‍ കേറി വന്ന അമ്മ പറഞ്ഞു...

"പേര്‍ അരുണ്‍ എന്നാണെങ്കിലും എല്ലാരും വിളിക്കാ മണീന്നാ... അവനത് ഇഷ്ടല്ലേനും"

ചേട്ടനോട് മണിയെ കുറിച്ച് ചോദിക്കാന്‍ മറന്നു പോയെന്ന് അപ്പൊഴാണ്‍ ഓര്‍ത്തത്.. അമ്മയും മകനും രംഗം വിട്ടതോടെ ഞാന്‍ ഓപ്പോളുടെ അടുത്തെത്തി..

"ഓപ്പോളെ .. നമ്മുടെ അനിയത്തിയുടെ മകന്‍ മണിയെവിടാ..?"

ഓപ്പോള്‍ അപരിചിത ഭാവത്തില്‍ എന്നെ നോക്കി

"അല്ല.. അരുണിനെ വീട്ടില്‍ വിളിക്കുന്നത് മണി എന്നാണെന്ന്.. അപ്പോള്‍ ഞാന്‍ മണിയെ കുറിച്ച് ഓര്‍‌ത്തു.."

ചോദ്യം തീരെ അസ്ഥാനത്താണെന്ന് ഓപ്പോളുടെ നോട്ടത്തില്‍ തെളിഞ്ഞു കിടന്നിരുന്നു.. ഇനിയെന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമില്ലെന്ന് തോന്നിയതിനാല്‍ മുകളിലെ വരാന്തയില്‍ ചെന്ന് കിഴക്കെ പറമ്പിലേക്ക് നോക്കിനിന്നു.. ഇടിഞ്ഞു പൊളിഞ്ഞ പഴയ വീടിന്റെ അവശിഷ്ടങ്ങളില്‍ കാട്ടുചെടികള്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു..

മണിയെവിടെയെന്നറിയാന്‍ വന്നവര്‍ പടിയിറങ്ങും വരെ കാത്തിരിക്കേണ്ടി വന്നു.. അനിയത്തി മരിച്ചത് നാട്ടുകാരറിഞ്ഞത് മണി കരഞ്ഞ് വിളിച്ചപ്പോഴാണ്‍.. ചിതവെച്ച് കുളിക്കാന്‍ പോയവര്‍ പിന്നെ മണിയെ കണ്ടില്ല.. ഷോര്‍ണ്ണൂര്‍ വരെ എത്തി വേണാടില്‍ ഒരു സീറ്റ് കിട്ടുക എന്ന തിരക്കില്‍ കൂടുതല്‍ ആലോചിച്ചില്ല.. എങ്കിലും സമ്മതമില്ലാതെ ചില പഴയചിത്രങ്ങള്‍ മനസ്സിലേക്കോടി എത്തുന്നുണ്ടായിരുന്നു.. ഒരിക്കലും ഞാന്‍ മണിയോട് സംസാരിച്ചിട്ടില്ല.. കണ്ടാലും മുഖത്തു നോക്കാതെ പോവാറെ ഉള്ളു.. യാതൊരു പരിചയവുമില്ലാതിരുന്ന ഒരാളെ കുറിച്ച് ഇത്രമാത്രം ചിന്തിക്കാനെന്തെന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ലായിരുന്നു.. പക്ഷെ പിന്നീട് വീട്ടിലേക്ക് വിളിച്ചപ്പോഴൊക്കെ മണിയെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ മറന്നു പോയി..

---

രാവിലെ സെമിനാറിന് പോവാനായി ബസ്സ്‌സ്റ്റാന്റില്‍ എത്തുമ്പോള്‍ ഇരുട്ട് നീങ്ങിയിട്ടില്ലായിരുന്നു.. സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും പെണ്ണായ് ഞാന്‍ മാത്രം.. ഒരാള്‍ ഒഴിഞ്ഞു തന്ന സൈഡ് സീറ്റില്‍ ഷട്ടര്‍ തുറന്ന് ഷാള്‍ കൊണ്ട് പുതച്ചിരുന്നു .. കാറ്റടിക്കാന്‍ തുടങ്ങിയപ്പോള്‍ രാത്രി കൈവിട്ട ഉറക്കം എന്നെ തേടിയെത്തി..

പുറകിലെ ബഹളം കേട്ടാണ് ഉണര്‍ന്നത്.

"രാവിലെ ഓരോന്ന്‌ങ്ങ്‌ള്‍ വന്നോളും... മനുഷ്യനെ മെനക്കെടുത്താന്‍"

താടിയും മുടിയും നീട്ടിയ ജടകെട്ടിയ ഒരു രൂപം.. വൃത്തികെട്ട വസ്ത്രങ്ങളും.. ടിക്കറ്റെടുക്കാത്തതിനാണ് ബഹളം.. ആള്‍ക്കാരെല്ലാം കൂടി അയാളെ പുറത്തിറക്കാനുള്ള ശ്രമമാണ്..

ഞാന്‍ പതിയെ അരികിലെ കമ്പിയില്‍ തലചായ്ചു...

"ടീച്ചര്‍‌ടെ അനിയത്തി തരും .."

അതാണെന്നെ വീണ്ടും തിരിഞ്ഞു നോക്കിച്ചത്.. ഇപ്പൊ എല്ലാരും എന്നെ നോക്കുന്നു... അയാളാണെങ്കില്‍ എന്നെ ചൂണ്ടിയാണ്‍ പറയുന്നത്.. "ടീച്ചര്‍‌ടെ അനിയത്തി തരും .."

ഭ്രാന്തന്റെ ജല്പനങ്ങള്‍ എന്നു കരുതി, എല്ലാരും അയാളെ വണ്ടിയില്‍ നിന്നിറക്കാന്‍ ശ്രമിക്കാണ്.. നാട്ടില്‍പലരും എന്നെ അറിയുന്നത് അങ്ങിനെ ആണ്.. "ടീച്ചര്‍‌ടെ അനിയത്തി" .. അപ്പോള്‍ ഇത് ..?

കണ്ടക്റ്റര്‍ എന്റെ അടുത്തെത്തിയപ്പൊ ഞാന്‍ പറഞ്ഞു

"അയാള്‍ക്ക് എങ്ങൊട്ടാന്ന് വെച്ചാ ടിക്കറ്റ് കൊടുത്തോളൂ, ഞാന്‍ തരാം"

അയാളുടെ മുഖത്ത് സംശയങ്ങള്‍ നിറയാന്‍ തുടങ്ങിയപ്പൊ.. കേട്ടവരും എന്നെ നോക്കി..

"എന്റെ നാട്ടിലുള്ളതാ... മനസ്സിന് അത്ര സ്ഥിരതയില്ലാത്തോണ്ടാ.."

ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കുമ്പോള്‍ ആ കണ്ണുകളില്‍ പരിചിത ഭാവം ഇല്ലാരുന്നു.. ആര്‍ക്കും മുഖം കൊടുക്കാതെ എവിടെയോ നോക്കിയും തലകുനിച്ചും ...

ബഹളം തീര്‍ന്നതോടെ വേണമെന്ന് വിചാരിച്ചല്ലെങ്കില്‍ കൂടി ഞാന്‍ ഉറങ്ങാന്‍ തുടങ്ങി... ഉണരുമ്പൊഴേക്കും വഴിയിലെവിടെയോ അയാള്‍ ഇറങ്ങിപോയിരുന്നു..

Wednesday, August 29, 2007

ഇന്നാ ഇട്ടിമാളു വന്നെ.....

"നാളെ പിറന്നാള്‍ ആയിട്ട് രാവിലെ വഴക്കിനൊന്നും നില്‍ക്കണ്ട..നേരത്തെ
എഴുന്നേറ്റോണം.. നല്ലകുട്ടിയായിരിക്കണം ... "

ഇരുപത് വയസ്സുവരെ ഓര്‍മ്മയിലുള്ള ഓരോ പിറന്നാള്‍ തലേന്നും അമ്മ ഇതേ വാചകങ്ങള്‍ അല്പസ്വല്പം വ്യത്യാസത്തോടെ ആവര്‍‌ത്തിക്കുമായിരുന്നു ...

ഉച്ചക്ക് ഇലയിട്ട് വിളക്കുവെച്ച് ചോറ് വിളമ്പിത്തരും ... ചോറും കയ്യില്‍
പിടിച്ച് വിളമ്പും മുമ്പ് അമ്മ കണ്ണടക്കും .. തുറക്കുമ്പോള്‍ അതില്‍ അല്പം കണ്ണീര്‍ നനവുണ്ടാകും... വെറുതെ എന്തിനാ ഇതൊക്കെ പറയുന്നെ അല്ലെ..
നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ വന്നതല്ല... പിറന്നാള്‍ എന്നു പറയുമ്പോല്‍
ആദ്യം മനസ്സില്‍ വരുന്നത് ഇതൊക്കെയാ...

ശ്രീരാമന്റെ അമ്പലത്തില്‍ വിളക്കിനും അര്‍ച്ചനക്കും കൊടുമ്പോള്‍
നമ്പൂരിയും പറയും "നന്നായി വരട്ടെ"... വ്യര്‍ത്ഥമായിപോയ ആശീര്‍വാദങ്ങള്‍ എന്ന് പറയാന്‍ തോന്നുന്നെങ്കിലും.. ഇത്രയെങ്കിലും ഒക്കെ ആയത് അങ്ങിനെ ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടു തന്നെയാവാം .. ആവാം എന്നല്ല ...ആണ്...

ഇന്ന്....ഇന്നെന്റെ പിറന്നാള്‍ ഒന്നുമല്ല കേട്ടോ...

എന്നാലും .. ഇന്ന് എനിക്ക് മനസ്സില്‍ ഓര്‍ത്തുവെക്കാനുള്ള ദിവസമാണ്...
ഞാന്‍ ഈ ബ്ലോഗില്‍ ആദ്യത്തെ കുറിപ്പെഴുതിയിട്ട് ഇന്ന് ഒരു വര്‍ഷം
തികയുന്നു.... ബ്ലോഗ് വായനക്കാരി മാത്രമായി നടന്നപ്പൊഴൊന്നും ഇങ്ങനെ
ഞാനും ഒരു ബ്ലോഗ് തുടങ്ങുമെന്ന സ്വപ്നം പോലും ഇല്ലായിരുന്നു... ആദ്യമായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റിയതിന്റെ ആ ത്രില്‍ ഇന്നും നിലനില്‍ക്കുന്നു...

എവിടെ ഒക്കെയോ പൊടിപിടിച്ചു കിടന്നിരുന്ന എന്റെ കവിതകളും കഥകളും ഇങ്ങനെ ആരെങ്കിലും വായിക്കുമെന്നൊ അഭിപ്രായം പറയുമെന്നൊ ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ലാ‍യിരുന്നു... അപൂര്‍ണമായി ചിതറി കിടന്നിരുന്നതിനെ എല്ലാം വീണ്ടും മിനുക്കിയെടുത്തത് ബ്ലോഗില്‍ ഇടാന്‍ വേണ്ടി മാത്രമായിരുന്നു .. ഇന്ന് ഇതെന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ഇതിലൂടെ എനിക്ക് കിട്ടിയ കുറെ നല്ല കൂട്ടുകാരും ...

നന്ദി പറയാന്‍ ഒരുപാട് പേരുണ്ട് ...

എന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച എന്റെ നാട്ടുകാരനില്‍ തുടങ്ങി.... “എന്തെ പുതിയതൊന്നും ഇല്ലെ“ എന്ന് ഇടക്കിടക്ക് അന്വേഷിക്കുന്ന ഞാന്‍ കണ്ടിട്ടില്ലാത്ത കൂട്ടുകാരന്‍ വരെ....

ഇട്ടിമാളു.. ഇനിയും ഇവിടെ ഒക്കെ തന്നെ കാണും... ഇതുവഴിയെ വരണം .. വായിക്കണം.. അഭിപ്രായം പറയണം...

Monday, August 27, 2007

ഇന്ന് ഓണമാണ്....

ഇന്ന് ഓണമാണ്....

ആരോ പതുക്കെ മന്ത്രിക്കുന്നു
ഉറക്കം വിട്ടൊഴിയാത്ത കണ്ണുകള്‍ അടഞ്ഞു തന്നെ കിടന്നു
എങ്കിലും ആ മന്ത്രണം തുടര്‍ന്നുകൊണ്ടേയിരുന്നു
ഉണരുക, ഇന്ന് ഓണമാണു
തെളിഞ്ഞ പ്രഭാതവുമായ് ഓണം വന്നിരിക്കുന്നു
ഒരു പിന്ചു കുഞ്ഞിന്റേതു പോലെ ഹൃദ്യമായ പുന്ചിരിയുമായ്

ജാലകപടിയില്‍ എത്തിനോക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍
ഓലേഞ്ഞാലികള്‍ പാടുന്നു
"മാവേലി നാടുവാണീടും കാലം ......"
ഇന്നലെ പെയ്ത മഴയില്‍ അന്തരീക്ഷം തണുത്തു കിടക്കുന്നു
വീണ്ടും കിടക്കയുടെ പതുപതുപ്പിലേക്കു
പുതപ്പിന്റെ ഇളം ചൂടിലേക്ക്
ബാക്കിനില്ക്കുന്ന ഉറക്കത്തിലേക്ക്
അരുത്, എഴുന്നേല്ക്കുക, ഇന്ന് ഓണമാണ്
ഓര്‍മ്മകളില്‍ ആരോ തുയിലുണര്‍ത്തുന്നു
ഉണരുക, ഇന്ന് ഓണമാണ്

കുളിച്ച്, കുറിയിട്ട്, പുത്തനണിഞ്ഞ് പൂക്കളമിടണം
അടവെച്ച്, അവില്‍വെച്ച് തൃക്കാക്കരയപ്പനെ വരവേ‍ല്‍ക്കണം
വിളക്കുവെച്ച് ഇലവെച്ച് മാവേലിക്ക് ഓണമൂട്ടണം
തുമ്പിതുള്ളി ഊഞ്ഞാലാടി ആര്‍ത്തുല്ലസിക്കണം
ഇന്നുപോലെ എന്നുമെന്ന് മനമുരുകി പ്രാര്‍ത്ഥിക്കണം
ഉണരുക, ഇന്ന് ഓണമാണ്

കണ്ണുകളില്‍ തെളിനീരുറയുന്നു
വേദനയുടെ തീര്‍ത്ഥമായ് കവിള്‍ത്തടങ്ങളിലൂടെ താഴോട്ടു
അരുത്, കരയരുത്, ഇന്ന് ഓണമാണ്
കളമെഴുതാത്ത മുറ്റത്ത് കരിയിലകള്‍ മാത്രം
നാളുകള്‍ വളര്ച്ചയെത്തിയ മണ്പുറ്റുകള്‍
പൂജക്കൊരുങ്ങിനില്ക്കുന്നു
ആളും ആരവവും ഉയരേണ്ട അകത്തളങ്ങളില്‍
കനലണഞ്ഞ് ചാരം മൂടിയ മുക്കല്ലുകള്‍ മാത്രം
കാഴ്ചക്കുലകള്‍ തൂങ്ങേണ്ട മച്ചകങ്ങളില്‍
ചിലന്തിവലകള്‍ ഊഞ്ഞാലാടുന്നു

അറിയുന്നു, ഞാനിന്ന് ഏകയാണ്
അരുത്, ഇടറരുതു, ഇന്നു ഓണമാണ്

Thursday, August 9, 2007

മാലാഖമാരുടെ മന്ത്രണം

രാത്രിയായില്ലെന്ന് ഓര്‍ക്കാതെ അനഘയുടെ കണ്ണുകളിലേക്ക് ഉറക്കം കടന്നുവരാന്‍ തുടങ്ങി. പക്ഷെ ഇന്ദുവിന്റെ കൈചലനങ്ങള്‍‌ക്ക് അനുസരിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ടിരുന്നതിനാല്‍ അവള്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു... അതുകൊണ്ട് മാത്രം അനഘ ആദ്യമായ് ഇന്ദുവിന്റെ പുരാണങ്ങളില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു...

"യാമങ്ങള്‍ തോറും മാലാഖമാര്‍ മന്ത്രിക്കും.. അപ്രകാരം ഭവിക്കട്ടെ"

അനഘയുടെ മുടിയിഴകള്‍ വകഞ്ഞു മാറ്റി ഇന്ദു പതിയെ കാച്ചെണ്ണ തേച്ചുപിടിപ്പിച്ചു... വീണ്ടും അടുത്ത വകച്ചില്‍ എടുക്കും മുമ്പ് കൈവിരലുകളെ എണ്ണയില്‍ കുളിപ്പിച്ചു...

"അപ്പോള്‍ ..?"

ഇന്ദുവെന്ന ഇരുപത്തിമൂന്നുകാരി ഒരു മുത്തശ്ശിയുടെ ഭാവഹാവാദികളോടെ തുടര്‍ന്നു..

"അപ്പോള്‍ ... അപ്പോളാണ്‍ പലതും അറം‌പറ്റുക എന്നൊക്കെ പറയുന്നത് "

അനഘ സ്വന്തം ചിന്തകള്‍ക്കും നേരിയമയക്കത്തിനും ഇടയിലായിരുന്നു... ഇന്ദുവിന്റെ വിരലുകള്‍ മുടിയിഴകളിലൂടെ തെന്നി നീങ്ങുന്നത് അവളെ ഉറക്കത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു... എന്നിട്ടും അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു..

"അപ്പോള്‍ .. ആര് പറഞ്ഞതാവാം തനിക്ക് അറം പറ്റിയിരിക്കുക.. "

സ്വപ്നങ്ങളില്‍ അവള്‍ പഴയ കുട്ടിയുടുപ്പുകാരിയായി... പകല്‍ മുഴുവന്‍ ഒരു തുള്ളി വെയില്‍ കളയാതെ കളിച്ച് മണ്ണില്‍ കുളിച്ച് എത്തുമ്പോള്‍, അന്തിക്ക് വിളക്ക് വെച്ച് നാമം ചൊല്ലാത്തതിന് അമ്മ വഴക്ക് പറയും..

"അമ്മെ... ഇന്ന് ചിരിയോ ചിരി.. നാളെ കരച്ചിലോ കരച്ചില്‍"

അന്ന് ഒന്നുമോര്‍ക്കാതെ എഴുന്നെള്ളിക്കുമായിരുന്ന കൊച്ചുവായിലെ വലിയ വാക്കുകള്‍ ..അപ്പൊഴൊക്കെ ഒന്നൊഴിയാതെ മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... പിറ്റെന്നാള്‍ കാലൊന്ന് തച്ചൊട്ടിയാല്‍ പോലും ഇന്നലെ താന്‍ അങ്ങനെ പറഞ്ഞതോര്‍ത്ത് അവള്‍ കരയുമായിരുന്നു..

അനഘയെ കാണുന്നവരൊക്കെ ആദ്യം നോക്കുമായിരുന്നത് അവളുടെ നീണ്ട ഇടതൂര്‍ന്ന മുടിയിലാരുന്നു... അതു കാണുമ്പോള്‍ അവര്‍ കണ്ണും തുറിച്ച് ഒരു പറച്ചില്‍ ഉണ്ട്..

"ചെറിയ കുട്ടി.. പക്ഷെ ...എന്തൊരു മുട്യാ.."

അമ്മ അതു കേട്ടാല്‍ പിന്നെ പൂരായി.. അവര് കണ്‍‌വെട്ടത്ത് നിന്ന്‍ മറഞ്ഞാല്‍ അമ്മയുടെ വക ഉഴിഞ്ഞിടല്‍ ഉണ്ട്.. ഉപ്പും കടുകും കൂടി അടിതൊട്ട് മുടിവരെ മൂന്നു തവണ ഉഴിഞ്ഞ് അടുപ്പിലെരിയുന്ന കനലിലേക്ക്.. അവിടെ കിടന്നത് ശേ..ശൂ ..ട്ടെ ന്ന് പൊട്ടുമ്പോള്‍ അവര് കണ്ണിട്ടതൊക്കെ പോയെന്ന് അമ്മ പറയും.. ഇന്ന് ... അവള്‍ മൊട്ടയാവാന്‍ തുടങ്ങുന്ന തന്റെ തലയോട്ടിയിലൂടെ വിരലോടിച്ചു.. ആരുടെയൊ കരിങ്കണ്ണ് പൊട്ടിത്തെറിക്കാതെ ബാക്കി കിടന്നിരുന്നു..

പരീക്ഷക്കിറങ്ങുമ്പോള്‍ ദേവ്യേട്ടത്തിക്ക് എങ്ങിനെലും ഒന്നു ജയിച്ചാല്‍ മതിയെന്നെ ഉള്ളു... അനഘക്ക് കിട്ടുന്ന നല്ല മാര്‍ക്കിനുകൂടി ദേവ്യേട്ട്ത്തിക്ക് വഴക്കു കിട്ടും... ദേവ്യേട്ട്ത്തി എപ്പൊഴും പ്രാകും അനഘക്കു പരീക്ഷ വിഷമമാവാന്‍, പഠിച്ചതൊന്നും ഓര്‍‌മ്മയില്‍ തെളിയാതിരിക്കാന്‍ ... കര്‍ണ്ണനെ പോലെ ആവശ്യം വരുമ്പോള്‍ പലതും മറന്നുപോവുമ്പോള്‍, വേറുതെ സങ്കടപ്പെടും.... ദേവ്യേട്ട്ത്തിടെ പറച്ചിലുകള്‍ക്കെല്ലാം മാലാഖമാര്‍ ഏറ്റുമൂളിയിരിക്കണം..

ആദ്യം കിട്ടിയത് ഡ്രീംജോബ് ആയിരുന്നു.. "എനിക്കിഷ്ടാ ടീച്ചറാവാന്‍ ... " അവള്‍ എപ്പൊഴും എല്ലാരോടും പറഞ്ഞു... അപ്പൊഴൊക്കെയും മാലാഖമാര്‍ പറഞ്ഞിരിക്കണം അപ്രകാരം ഭവിക്കാന്‍.... അതു കൈവിട്ട് പോവാന്‍ ആരായിരിക്കാം അവള്‍ കേള്‍ക്കാതെ മന്ത്രിച്ചത്.. പിന്നെ മറ്റൊന്നിലേക്കുള്ള ചാട്ടം.. ആര്‍ക്കും ഒരു ഭാരമാവാതിരിക്കാന്‍ അതില്‍ തന്നെ കടിച്ചു തൂങ്ങി..

അറമ്പറ്റലിന്റെ കണക്കെടുപ്പില്‍ ചിന്തകള്‍ക്ക് പ്രണയവര്‍ണ്ണങ്ങള്‍... ചേച്ചിമാരുടെ പ്രണയവിവാഹങ്ങളുടെ മുറിവുകള്‍ ഇപ്പൊഴും ബാക്കി കിടക്കുന്നു.. അതുകൊണ്ട് ഒരിക്കലും ആ വഴിയെ ഇല്ലെന്നത് നേരത്തെ തീരുമാനിച്ചതായിരുന്നു.. ഒരോ തവണ അത് ഉരുവിടുമ്പൊഴും മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... വേണമെന്ന് തോന്നിയപ്പൊഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു... അപ്പൊഴും സാരമില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു.. കാലങ്ങള്‍ക്ക് ശേഷവും മറുപുറത്ത് ആ കനല്‍ അണയാതെ കിടക്കുന്നെന്ന് അറിയുമ്പോഴത്തെ നീറ്റല്‍ ... അവള്‍ കണ്ണുകള്‍ മുറുക്കിയടച്ച് ഉറക്കത്തെ കാത്തുകിടന്നു...

"ഇത് നമ്മടെ ജ്യോത്സ്യന്‍ ശങ്കരനാരായണന്‍"

അവര്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അനഘയും അമ്മയും മാത്രമെ ഉണ്ടായിരുന്നുള്ളു മുറിയില്‍..

ഏട്ടന്റെ ഒപ്പം കടന്നു വന്ന ആളെ കണ്ട് അമ്മ എഴുന്നേറ്റുനിന്നു.. അമ്മയുടെ ഉപചാരം കണ്ട് അവള്‍ക്ക് ചിരി വന്നു... മുമ്പ് ഏട്ടന്റെ കല്ല്യാണത്തിന് കക്ഷി ചൊല്ലിയ മംഗളപത്രം കുറെ കാലം അവരുടെ വീട്ടിലെ ചര്‍ച്ചാവിഷയം ആയിരുന്നു.. നല്ല മരുമകളാവാന്‍ പറഞ്ഞ് ആവാത്തതോ പോട്ടെ, ഏട്ടന്‍ പോലും വീട്ടില്‍ നിന്ന് അകന്നു പോയി.. ഒരു പക്ഷെ അതില്‍ ആരുമറിയാത്ത അക്ഷരപിശാചുക്കള്‍ ഉണ്ടായിരുന്നിരിക്കാം... മാലാഖമാര്‍ അതു കേട്ടിരിക്കാം..

കട്ടിലിനു ചുവട്ടിലെ ബാഗുകള്‍ കണ്ട് അയാള്‍ അമ്മയോട് ചോദിച്ചു...

"എന്താ ഇവിടെ കുടികിടപ്പാക്കിയോ...?

എവിടെയോ പല്ലി ചിലച്ചോ എന്ന് അയാളൊന്ന് കാതോര്‍ക്കുന്ന പോലെ... നഗരഹൃദയത്തിലെ ഹോസ്പിറ്റലിന്റെ ഏഴാം നിലയില്‍ എത്തിയ പല്ലിയെ ഒന്നു കാണാനായി അവള്‍ മേല്‍തട്ടിലേക്ക് നോക്കി...

ബാക്കിയെല്ലാവരും താഴെ വീണു പിടയുന്ന ജീവനെ നോക്കുകയായിരുന്നു.... അതുകണ്ട ജ്യോത്സ്യന്റെ മുഖത്ത് ഒരു ചെറിയ ഭയം... അമ്മയുടെ കണ്ണില്‍ നീരുറയുന്നോ... ചേട്ടന്‍ അവളെ തന്നെ നോക്കി നില്‍‌‍ക്കുന്നു..

"ലക്ഷണം ....?"

ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...

"ആ ജ്യോത്സ്യന്‍ ഇല്ലെ.... അയാള്‍ പറഞ്ഞാല്‍ അച്ചട്ടാ.. കടുകിട തെറ്റില്ല..."

ഞാന്‍ കേള്‍ക്കണ്ട എന്നു വിചാരിച്ചാവാം , അവര്‍ മൂവരും മുറിക്ക് പുറത്തിറങ്ങി..ആ ഒഴിവില്‍ തിക്കികയറി വന്ന ഓര്‍മ്മകളില്‍ അനഘ ഒരുപാട് പുറകിലായിരുന്നു...


അന്നും ഒരു സാധാരണ ദിവസം മാത്രമായിരുന്നു.. രാവിലെ എഴുന്നേല്‍ക്കാനുള്ള മടിക്കു പോലും വ്യത്യാസമില്ലായിരുന്നു.... ഒരല്‍പ്പം കൂടുതല്‍ ആയിരുന്നൊ എന്നു മാത്രം സംശയം.. അന്നത് രാവിലെ ഒരുങ്ങുന്നതിനിടയില്‍ പലപ്പൊഴും പറയുകയും ചെയ്തു... എന്നിട്ടും തിരക്കിട്ട് ഇറങ്ങി... പക്ഷെ വഴിയില്‍ ... അത് അവസാനത്തെ ഇറക്കമാരുന്നു.... ഇഷ്ടമല്ലാത്ത ജോലിയായിരുന്നെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ സന്തോഷം... അതൊക്കെ പഴയ കഥ..

ദിവസങ്ങള്‍ നീങ്ങുമ്പോള്‍ ഒരോരുത്തരുടെ മുഖത്തും മടുപ്പിന്റെ വരകള്‍ വല്ലാതെ തെളിയുന്നു ... പതിയെ എല്ലവരുടെയും മിണ്ടാട്ടവും കുറയാന്‍ തുടങ്ങിയിരിക്കുന്നു... ചില മുഖങ്ങളില്‍ നിന്ന് സഹതാപം പോലും മറഞ്ഞിരിക്കുന്നു.,.. ശല്യമെന്ന് എഴുതിവെച്ചിട്ടില്ലെന്ന് മാത്രം..അപ്പൊഴൊക്കെ ജ്യോത്സ്യന്‍ ചോദിച്ച കുടികിടപ്പ് അവളോര്‍‌ത്തു.. പിന്നെ അവള്‍ എന്തൊ ഉരുവിട്ടുകൊണ്ടിരുന്നു,.... അവളറിയാതെ മാലാഖമാര്‍ മന്ത്രിക്കുന്നതും കാത്ത്...

Friday, August 3, 2007

അവിശ്വാസിയുടെ വിശ്വാസങ്ങള്..!

അവിശ്വാസിയുടെ വിശ്വാസങ്ങള്..!

അടുത്തിരുന്ന് സ്ത്രീയാണ് ഈ തുണ്ടു കടലാസ് എനിക്ക് തന്നത്.. എന്തിനെന്നറിയാതെ ഞാനവരെ നോക്കി.. അവര്‍ തനിക്ക് കിട്ടിയ കടലാസില്‍ നിറയെ എഴുതി കൂട്ടുന്നുണ്ടായിരുന്നു. സ്ഥലം തികയാതെ മറ്റൊരു കടലാസ് കൂടി അവര്‍ വാങ്ങി. ശരിയല്ലെന്ന് അറിയാമായിരുന്നിട്ടു കൂടി, ഞാന്‍ അതിലേക്കൊന്ന് ഒളിക്കണ്ണിട്ട് നോക്കി.. മകന് ഏതോ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാനാണ് അവര് ഇപ്പോള്‍ എഴുതുന്നത്...

ഞാനെനിക്ക് കിട്ടിയ കടലാസ് പതുക്കെ ചുരുട്ടി കളയാന്‍ ശ്രമിച്ചു.. എന്റെ കൂട്ടുകാരി കൊച്ചുറാണി അത് പിടിച്ച് വാങ്ങി.. അവളാണ് എന്നെ ഇവിടെ കൊണ്ടുവന്നത്.. എവിടെ എന്ന് ചോദിച്ചാല്‍ അതു വഴിയേ മനസ്സിലാവും .. എല്ലാവരും കൈവിടുമ്പോള്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടാനുള്ള അവളുടെ കഴിവില്‍ എനിക്ക് അസൂയ തോന്നി.. അവള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ എഴുതാന്‍ തുടങ്ങി .. അവള്‍ എഴുതിയിരുന്നതെല്ലാം എന്റെ പ്രാര്‍ത്ഥനകള്‍ ആയിരുന്നു.. പക്ഷെ എഴുതാന്‍ ഇനിയും ധാരാളം ഉണ്ടല്ലൊ എന്നും ഞാന്‍ ഓര്‍‌ത്തു. ആരവങ്ങള് കൂടികൊണ്ടിരുന്നു.. കാണുന്നതെല്ലാം പുതുമകള്‍.. രണ്ടുകയ്യും മുകളിലേക്ക് ഉയര്‍‌ത്തി ആടിപ്പാടുന്ന യുവതിയുടെ മുഖത്തെ ഫേഷ്യല്‍ ചെയ്ത ചെമ്പന്‍ രോമങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു.. വില്ലുപോലെ വളച്ചു വെച്ച ആ പുരികകൊടികളും വലിച്ചു നിവര്‍ത്തിയ മുടിയും അവരുടെ ആടിപ്പാടലിന് തീരെ യോജിക്കുന്നില്ലെന്ന് തോന്നി.. തല്ക്കാലം പാട്ട് നിര്‍‌ത്തിയിരിക്കുന്നു… ഇടറിയ തൊണ്ട പൊട്ടി പാടിയാര്‍‌ത്തിരുന്ന സ്ത്രീയും കൂട്ടരും അടുത്തു കിടന്ന കസേരകളിലിരുന്ന് വിയര്‍‌പ്പൊപ്പുന്നു...

ഈ മഹത്തായ സംരംഭത്തിലേക്ക് അകമഴിഞ്ഞ സംഭാവനക്കായ് ദാസികളും ദാസന്മാരും നിങ്ങളെ തേടിയെത്തുന്ന അറിയിപ്പിന് വേണ്ടിയായിരുന്നു ആ മൌനം .. പാത്രങ്ങളില്‍ വീഴുന്ന തുട്ടുകള്‍ക്കനുസരിച്ച് ആ മുഖങ്ങളിലെ ചിരി മാറികൊണ്ടിരുന്നു. അല്പനേരത്തെ നിശബ്ദതക്കുശേഷം വലിയ ശബ്ദത്തോടെ പാട്ടുകള്‍ പുന:രാരംഭിച്ചു.. സ്റ്റേജിലേക്ക് വന്ന മനുഷ്യനെ എല്ലാവരും വണങ്ങി..


ഗീതങ്ങളും പ്രാര്‍‌ത്ഥനകളും ആര്‍‌പ്പുവിളികളും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി.. ആരാധനയുടെ പാരമ്യത്തില്‍ ചിലര്‍ നിലത്തു വീഴുന്നുണ്ടായിരുന്നു.. അവരെ ആരും പിടിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല… അവിടെ മുഴങ്ങുന്ന പലതും എന്റെ ചെവിയില് കേറുന്നില്ലായിരുന്നു.. എന്റെ അശ്രദ്ധ കണ്ണില്‍ പെടുമ്പോഴെല്ലാം കൊച്ചുറാണി എന്നെ കണ്ണുരുട്ടാന്‍ തുടങ്ങി.എല്ലാം കാണുമ്പോഴും ഒന്നു കണ്ണില്‍ പെടാതെ മനസ്സില്‍ തറയാതെ ഓടിമറയുകയായിരുന്നു

ഇപ്പോള്‍ നടുവേദനക്കാരുടെ രോഗം മാറിയിരിക്കുന്നതായി സന്ദേശം കിട്ടിയതായി പ്രാസംഗികന്‍ എല്ലാവരെയും അറിയിച്ചു..

"ദൈവം നമുക്കിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.."

ആര്‍പ്പു വിളികള്‍ക്കിടയില്‍ നടുവേദനക്കാരോട് കുനിയാനും നിവരാനും ആവശ്യപ്പെടുന്നു.. അസുഖം മാറിയെന്ന് അവകാശപ്പെട്ട പലരുടെയും മുഖത്ത് വേദനയുടെ മാറാത്ത ചുളിവുകള്‍ തെളിയുന്നുണ്ടെന്ന് എന്നിലെ അവിശ്വാസിക്ക് തോന്നി...

വീണു നട്ടെല്ലിന്ന് ക്ഷതം പറ്റിയ ഒരാള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.. പ്രാസംഗികന്റെ നിര്‍‌ദ്ദേശപ്രകാരം അയാള്‍ സ്റ്റേജിനു മുന്നിലൂടെ വേച്ചു വേച്ചു നടന്നു.. ആ ചെറുപ്പക്കാരന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.. ഞാന്‍ കണ്ണു തുടക്കുന്നത് കണ്ട് കൊച്ചുറാണിയുടെ മുഖത്തൊരു തിളക്കം ... കരയുന്നത് കണ്ടാലും മുഖം തെളിയുമൊ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു... അതോ ഇവിടെയിരുന്ന് കരയുന്നതിന് വേറെ അര്‍ത്ഥം വല്ലതും ഉണ്ടോ ആവോ..?

അസുഖക്കാരെല്ലാം തലയില്‍ തൊട്ട് പ്രാര്‍ത്ഥനക്ക് ചെല്ലാനായിരുന്നു അടുത്ത നിര്‍‌ദ്ദേശം.. ഫോട്ടോഗ്രഫറിനും വീഡിയോക്കാരനും സൌകര്യപ്രദമായ രീതിയില്‍ ഓരോ രോഗിയേയും അദ്ദേഹം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അണഞ്ഞുപോയ വീഡിയോലൈറ്റ് കത്തുന്നതുവരെ പ്രാര്‍‌ത്ഥന നിര്‍ത്തിവെക്കാനും പ്രത്യേകം ശ്രദ്ധിച്ചു.. ഇടക്ക് എത്തിയ വലിയ ബുള്സൈ അദ്ദേഹം കഴിക്കുന്നത് കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു.. രാവിലെ തൊട്ട് ഇവിടെ ആയതിനാല്‍ ഒന്നും കഴിച്ചിട്ടില്ലായിരുന്നു.. ഉച്ചക്ക് വിതരണം ചെയ്ത ചായയും റൊട്ടിയും കഴിക്കാനും തോന്നിയില്ല.. ഇവിടെന്ന് പുറത്തു കടന്നാല്‍ ആദ്യം കാണുന്ന ഹോട്ടലില് നിന്ന് വയറുനിറയെ വാങ്ങികഴിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു..
ഇപ്പോള്‍ ശുശ്രൂഷിക്കപ്പെടുന്നത് ഒരു അമ്മച്ചിയാണ്.. ഒരു കൈ കാല്മുട്ടിലും മറുകൈ അരയിലും വെച്ച് കഷ്ടപ്പെട്ട് നടന്നിരുന്ന അവര്‍ എങ്ങിനെയാണ് ഈ തിരക്കില്‍ മുന്നിലെത്തിയതെന്ന് എനിക്ക് മനസ്സിലായില്ല.. അവര്‍ അസുഖങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ തുടങ്ങി.. ആ ശരീരത്തില്‍ വേദനയില്ലാത്ത ഒരു ഭാഗം പോലുമില്ലായിരുന്നു.. പ്രാര്‍ത്ഥനക്കു ശേഷം അവരോട് അദ്ദേഹം കുശലം പറയുന്നുണ്ടായിരുന്നു... അമ്മച്ചിയുടെ പടം ടിവിയില് വരും.. അമ്മച്ചികാണണം .. എന്നൊക്കെ... അമ്മച്ചിയുടെ വീട്ടില്‍ ടിവി ഉണ്ടോ ആവോ.. കണ്ടിട്ട് നേരെ ചൊവ്വെ ഭക്ഷണം പോലും കഴിക്കുന്നുണ്ടെന്ന് തോന്നുന്നില്ല..

നേരം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു .. രാവിലെ എട്ട് മണിക്ക് എത്തിയതാണ്.. അവിടെത്തെ തിരക്ക് കണ്ടപ്പോള് നമുക്ക് തിരിച്ച് പോവാമെന്ന നിര്‍ദ്ദേശത്തെ കൊച്ചുറാണി കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങിയ ഒരു നുള്ളലില്‍ മൌനമാക്കി. ആള്‍ത്തിരക്കില്‍ അത് ആരും കണ്ടില്ലെന്ന് മാത്രം.. അവസാനത്തെ ആശ്രയമായി ഞാനെന്റെ തലവേദനയെ കൂട്ടുപിടിച്ചു.. സത്യത്തില്‍ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.. നില്ക്കാന്‍ വയ്യ എന്ന് തോന്നിയതുകൊണ്ട് തന്നെയാണ് തിരിച്ച് പോവണമെന്ന് പറഞ്ഞത്... ക്യുവില്‍ നിന്ന് മാറി, അരികില്‍ കിടന്ന കസേരയില്‍ ഞാനിരുന്നു…

ഇപ്പോള്‍ ഷൂട്ട് ചെയ്യപ്പെടുന്നത് എന്റെ അഭിനയമാണ്.. അദ്ദേഹം എന്റെ അടുത്തേക്ക് വന്നിരിക്കുന്നു.. തലയില്‍ കൈവെച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നു… മുഖമുയര്‍ത്തിയപ്പോള്‍ ഇത്ര വയസ്സായിട്ടും അദ്ദേഹത്തിന്റെ മുഖം വളരെ സുന്ദരമാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.. പക്ഷെ എന്റെ മുഖത്തേക്കടിക്കുന്ന വീഡിയോ ലൈറ്റില്‍ അധികനേരം മുഖമുയര്‍ത്തി നോക്കാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു.. പതിയെ കണ്ണുകള്‍ അടഞ്ഞു കൊണ്ടിരുന്നു..

"ദൈവം പ്രസാദിച്ചിരിക്കുന്നു.. എല്ലാവരും കേള്ക്കുവിനന്‍.. ഇവളെ ദൈവം തൊട്ടിരിക്കുന്നു.. ഇവളുടെ തലവേദന ദൈവം നിശ്ശേഷം മാറ്റിയിരിക്കുന്നു.. ഇപ്പോള്‍ ദൈവം എന്നോട് പറഞ്ഞു.. ഇവള്‍ പൂര്ണ്ണ ആരോഗ്യവതിയാണിപ്പോള്‍…"

ആള്‍ക്കൂട്ടം മുഴുവന്‍ ഞാനെന്ന അത്ഭുതവസ്തുവിനെ നോക്കുകയാണ്.. നാവ് വരണ്ടു പോവുന്നു.. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ ..

അദ്ദേഹം കൂടെയുള്ളവരോട് ആജ്ഞാപിക്കുന്നു..

"നല്ലൊരു ഫോട്ടോയെടുക്കണം. സാക്ഷ്യം എഴുതിവാങ്ങണം"

എന്നെ അദ്ദേഹം കസേരയില്‍ നിന്ന് കൈപിടിച്ച് എഴുന്നേല്പ്പിച്ചു

"എല്ലാവരും കാണുവിന്‍ .. ഇവള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.."

ചുറ്റുമുയരുന്ന ആരവങ്ങളില്‍ എന്റെ ചെവികള്‍ കൊട്ടിയടച്ചിരിക്കുന്നു.. കൊച്ചുറാണിയെയും കാണുന്നില്ല.. ഇപ്പൊ എനിക്ക് എവിടെയെങ്കിലും കിടക്കണം.. അദ്ദേഹം വീണ്ടും എന്നോട് പറയുകയാണ്..

"പോവുമ്പോള്‍ രണ്ടു കാസറ്റും പുസ്തകങ്ങളും വാങ്ങിക്കൊണ്ട് പോവണം"
കൂട്ടത്തിലൊരാള്‍ ഒരു പേപ്പര് തന്ന് എന്തോ എഴുതാന്‍ പറഞ്ഞു.. പക്ഷെ ഞാനത് കേട്ടില്ല…

ഉണരുമ്പോള്‍ ഞാന് മറ്റെവിടെയോ ആയിരുന്നു.. ഒരു പാട് നിറമുള്ള വളയങ്ങള്‍ കണ്മുന്നില്‍ നൃത്തം വെക്കുന്നു..ഒട്ടിപ്പോയ ചുണ്ടുകള്‍ തുറക്കാനൊരു വിഫലശ്രമം. അനക്കാന്‍ ശ്രമിച്ച കൈത്തണ്ടയില്‍ സൂചിയുടെ വേദന.. ഇപ്പോള്‍ എനിക്ക് കൊച്ചുറാണിയുടെ മുഖം കാണം.. അതില്‍ നിറയെ ദൈന്യത എഴുതി വെച്ചിരിക്കുന്നു.. എനിക്ക് നേരെ മുഖം കുനിച്ചപ്പോള്‍ വെട്ടിയിട്ട മുടിയിഴകള്‍ അവളുടെ മുഖം മറച്ചു..

വെളുത്ത് ഉടുപ്പിട്ട സ്ത്രീ തലയില്‍ തടവി പറഞ്ഞു..

"സാരമില്ല.. ഒന്നുറങ്ങി കഴിയുമ്പോള്‍ ശരിയാവും.."

പതിയെ അവരുടെ മുഖം ആ പ്രാസംഗികന്റെതായി മാറാന്‍ തുടങ്ങി.. എന്നിട്ട് ഇങ്ങനെ പറഞ്ഞു..

"ദൈവം പ്രസാദിച്ചതാണ്.."

കണ്ണുകള്‍ അടയും തോറും തുറന്ന ചെവികളിലൂടെ എനിക്ക് കേള്‍ക്കാമായിരുന്നു..

"ദൈവത്തെ സ്വീകരിക്കാന്‍ മാത്രം വിശ്വാസമില്ലത്തതുകൊണ്ടാണ്.. അവിശ്വാസിയുടെ ശരീരത്തില്‍ ദൈവം പ്രവേശിക്കുന്നതു കൊണ്ടാണ്..."

എന്റെ തലവേദന കൂടികൊണ്ടിരുന്നു.. ആര്‍പ്പു വിളികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാനെന്റെ ചെവികള്‍ മുറുക്കിയടച്ചു.. അപ്പോള്‍ ആരോ എന്റെ തലവേദന തലോടിയകറ്റുന്നുണ്ടായിരുന്നു..

Thursday, July 26, 2007

എന്നിട്ടും ...

ഇന്ന്..

അഞ്ചിന്റെ അലാറം പതിവുപോലെ അലറിയടിച്ചിരുന്നു
അതിനെ നിശബ്ദമാക്കി, തലവഴിയെ പുതപ്പ് വലിച്ചിട്ടിരുന്നു
കിട്ടാതെ പോവുന്ന കട്ടന്‍ കാപ്പിയെ ഓര്‍‌ത്തുമാത്രം
ഏഴുമണിക്ക് ചാടിയെഴുന്നേറ്റിരുന്നു
എട്ടിന്റെ സൈറണ്‍ കൂവിയ ശേഷം
അടച്ചിട്ട കുളിമുറികള്‍ക്കു മുന്നില്‍
വരാന്തയുടെ നീളമളന്നിരുന്നു

അവളുടെ പ്രഭാതഭക്ഷണം ഇന്നും അനാഥമായിരുന്നു
പതിവുപോലെ ഒമ്പതിന്റെ ഓഫീസ് വണ്ടി
അവള്‍ക്കുവേണ്ടി പാതിവഴിയില്‍ നിര്‍‌ത്തിയിരുന്നു
കണ്ടുമുട്ടിയവര്‍‌ക്കൊക്കെ സുപ്രഭാതം ആശംസിച്ചിരുന്നു
ആരും കാണാതെ ഓഫീസിലിരുന്ന്
കാണാമറയത്തെ സുഹൃത്തിനോട് ചാറ്റ് ചെയ്തിരുന്നു
അരമണിക്കൂര്‍‌ തപസ്സിരുന്നിട്ടും കഴിക്കാനാവാതെ
ഉച്ചഭക്ഷണത്തെ കുപ്പത്തൊട്ടിയില്‍ തട്ടിയിരുന്നു
വൈകുന്നേരം കടയപ്പത്തിന്റെ ബലത്തില്‍
വിശപ്പിനെ കൊലചെയ്തിരുന്നു
ബാക്കിവന്നതിനെ വഴിയോരത്തെ
ചുടുകടലകൊണ്ട് ശമിപ്പിച്ചിരുന്നു
ചിതറിയ വാക്കുകളും ചിലമ്പലുകളും കൊണ്ട്
രാത്രിയെ ശബ്ദമുഖരിതമാക്കിയിരുന്നു
തണുത്ത കുളിക്കുശേഷം ഉറക്കത്തിന് കൂട്ടായ്
ആരുടെയോ നോവിനെ അവള്‍ നെഞ്ചോട് ചേറ്‌ത്തിരുന്നു

എന്നിട്ടും ...
ഇന്ന്, ആര്‍‌ക്കെന്ന് അടിവരയിടാത്ത
ഒരു നന്ദിവാക്കില്‍ അവള്‍ എല്ലാം മറച്ചുവെച്ചിരിക്കുന്നു
ആരോടും പറയാതെ അവള്‍ ഇറങ്ങിപോയിരിക്കുന്നു

Sunday, July 15, 2007

യാത്രാമൊഴി

യാത്രാമൊഴികള്‍‌ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടപ്പോള്‍
അവരെനിക്ക് 'മനോമി"യെ തന്നു
എന്നെപ്പോലെ വേരുകള്‍ നഷ്ടപ്പെട്ട മനോമിയെ
'സേനഹപൂര്‍‌വ്വ"ത്തില്‍ മറന്നുപോയ ചന്ദ്രക്കല
എന്റെ നഷ്ടങ്ങളുടെ പ്രതീകമാവുന്നു
അവളേ സ്നേഹിച്ചവരില്‍ നിന്നും അവള്‍ ഓടിയകന്നു
അവള്‍ സ്നേഹിച്ചവര്‍‌ക്ക് അവളൊരു ഭാരമായ്
രക്തബന്ധങ്ങള്‍ ബന്ധനങ്ങളായപ്പോള്‍
സൌഹൃദങ്ങളുടെ വിലയറിയാന്‍
അവള്‍ ബന്ധങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു
(ഞാനും..)

വര്‍‌ഷങ്ങള്‍ നല്‍‌കുന്ന പ്രായത്തിന്റെ പക്വത
ഒരിക്കലും പ്രായമാവാത്ത മനസ്സിന്റെ അപക്വതയും
കടിഞ്ഞാണിന്റെ നേരിയ ചലനങ്ങള്‍‌പോലും
പൊട്ടിപൊളിഞ്ഞ തകരപ്പാട്ടയുടെ
അരോചകമായ സ്പന്ദനങ്ങളാകുന്നു
മറക്കാമെന്ന് ഞാന്‍ വെറുതെ എന്റെ ഓര്‍‌മ്മകളോട് പറഞ്ഞു
അവര്‍ പുച്ഛത്തോടെ ചിരിക്കുന്നു
നിന്റെ മുറിവുകളില്‍ ഒരു മുള്ളാണികൂടി

ഇന്നും ഞാനൊത്തിരി ചിലച്ചു
എന്തിനെന്നറിയാതെ
അവസാനം ആട്ടം മറന്ന്
അരങ്ങില്‍ ഉറങ്ങിപ്പോയി
ഭരതവാക്യം ചൊല്ലി തിരശ്ശീല വീഴുമ്പോള്‍
ഞാനറിയുന്നു
എന്റെ രംഗം എന്നെ കഴിഞ്ഞു പോയെന്ന്
അത്,
ഞാനറിയാതെ മറ്റാരോ ആടി തകര്‍‌ത്തെന്ന്

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
അവള്‍ യാത്രയാവുന്നു - കടലിനക്കരേക്ക്
എഴുതപ്പെടാത്ത കുറ്റപത്രങ്ങളുടെ
പുതിയ താളുകള്‍ മറിക്കാന്‍ , ഞാനും
എവിടെയെന്നറിയാത്ത മറ്റൊരു താവള്‍ത്തിലേക്ക്

അവസാനം ---

സാദൃശ്യങ്ങളുടെ ആകെ തുകയില്‍ നിന്ന്
ചേരാത്ത ഇഴകളെ കുറച്ചെടുത്തോട്ടെ
അവള്‍ ആരെയും വെറുക്കുന്നില്ല
ഞാന്‍ ആരെയും സ്നേഹിക്കുന്നുമില്ല


*മാധവികുട്ടിയുടെ മനോമി

Monday, July 9, 2007

നിലവിളികള്‍ അസ്തമിക്കുന്നില്ല..

എന്തിനാണ് നേരത്തെ പോവുന്നതെന്ന ബോസ്സിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആലോചിക്കേണ്ട ആവശ്യമൊന്നും മിത്രക്കു ഉണ്ടായിരുന്നില്ല

"എനിക്ക് വിശക്കുന്നുണ്ട്.. "

ഫയല്‍ നോക്കികൊണ്ടിരുന്ന പങ്കജാക്ഷന്‍ നായരെന്ന ബോസ്സിന്റെ നോട്ടം ഇപ്പോള്‍ തന്റെ മുഖത്തേക്ക് ഉയരുമെന്ന് അവള്‍ പ്രതീക്ഷിച്ചെങ്കിലും, പാതിയോളമെത്തി, ഒരു മൂളലില്‍ സമ്മതം നല്‍കി അതു തിരിച്ചു പോയി.. പതിവുള്ള നന്ദി പറയാതെ അവള്‍ തിരിച്ചു നടന്നെങ്കിലും കേബിന്‍‌ന്റെ വാതില്‍ അടക്കും മുമ്പ് അവളൊന്ന് തിരിഞ്ഞു നോക്കി... അയാള്‍ തന്നെ നോക്കികൊണ്ടിരിക്കുകയാവുമെന്ന അവളുടെ ഊഹം തെറ്റാത്തതില്‍ അവള്‍‌ക്കൊരല്‍‌പ്പം അഹങ്കാരം തോന്നി...


രണ്ട് മണിക്കൂറില്‍ അധികമായി താന്‍ വിശന്നിരിക്കുകയായിരുന്നെന്ന ചിന്ത തന്നെ അവളുടെ വിശപ്പിനെ ആളികത്തിച്ചു..ഉച്ചക്ക് പതിവുപോലെ കാന്റീനിലെ പുളിശ്ശേരിയും രസവും കൂട്ടി നല്ലൊരു ഊണ് കഴിച്ചതാണ്.. അതിനു ശേഷം വിളിച്ചവരോടൊക്കെ അവള്‍ പറഞ്ഞത് തന്റെ അകാരണമായ വിശപ്പിനെ കുറിച്ചായിരുന്നു..

പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍, അല്ലലും അലട്ടലും മനസ്സില്‍ നിന്ന് കുടഞ്ഞെറിയാന്‍ അങ്ങിനെ എന്തിനായാലും അവള്‍ക്ക് അവളുടേതായ വഴികളുണ്ട്.. അതാണ് മിത്ര.. ഇന്നത്തെ വിശപ്പിന്റെ കാരണം കണ്ടെത്താനാവാത്തതായിരുന്നു അവളേ അലട്ടിയിരുന്നത്..


അഞ്ചു മിനിറ്റ് നടക്കാന്‍ മാത്രമുള്ള എളുപ്പവഴി ഉപേക്ഷിച്ച് തിരിക്കു പിടിച്ച നഗരവഴിയെ അവള്‍ നടക്കാന്‍ തുടങ്ങി.. ഓഫീസിലെ പ്രശ്നങ്ങളെ ഫ്ലാറ്റിലെത്തും മുമ്പ് തൂത്തെറിയാനാണ് ഈ വളഞ്ഞ വഴിയെ അവള്‍ സാധാരണ്‍ നടക്കാറ്.. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട ആ അലസമായ നടത്തം, പലതും മറക്കാനുള്ള ഒരു ഉപാധികൂടിയായിരുന്നു.. അതൊക്കെ അമ്മ കൂടെ ഉണ്ടായിരുന്നപ്പൊഴത്തെ കാര്യമാണ്..

ഒരിക്കലും തനിച്ചു കയറിയിട്ടില്ലാത്ത ആ റെസ്റ്റോറന്റില്‍ ആരൊക്കെയോ തന്നെ നോക്കുന്നുണ്ടായിരുന്നെന്നത് അവള്‍ കണ്ടെന്ന് നടിച്ചില്ല..അതില്‍ ചിലര്‍ അവളുടെ പരിചയക്കാര്‍ ആയിരുന്നെന്നതു തന്നെ കാരണം.. ഒരു ബിരിയാണി കഴിച്ചിട്ടും തന്റെ വിശപ്പടങ്ങുന്നില്ലെന്നത് അവള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.. അവിടെ ഇരുന്ന് വീണ്ടുമൊരു ഓര്‍ഡര്‍ നല്‍‌കാന്‍ തോന്നിയില്ലെങ്കിലും ഒരു പാഴ്‌സല്‍ വാങ്ങാന്‍ അവള്‍ മടിച്ചില്ല.. ഫ്ലാറ്റില്‍ താന്‍ തനിച്ചാണെന്നതില്‍ അന്നാദ്യമായി അവള്‍ സന്തോഷിച്ചു..

വസ്‌ത്രം പോലും മാറ്റാതെ അവള്‍ വാങ്ങികൊണ്ടുവന്ന ഭക്ഷണം തീര്‍‌ത്തു.. അപ്പൊഴേക്കും ക്ഷീണം കാരണം ഉറക്കം വന്നിരുന്നെങ്കിലും രാത്രി എന്തു കഴിക്കുമെന്ന ചിന്ത അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു... അല്പനേരത്തെ വിശ്രമത്തിനു ശേഷം ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത മാവ് പതിവിലും കൂടുതല്‍ ആയിരുന്നു.. കുറെ നാളുകള്‍ക്കു ശേഷമായിരുന്നു അവള്‍ അത്താഴം ഉണ്ടാക്കുന്നത് ..


വീട്ടില്‍ അമ്മയുടെ താവളമാണ് അടുക്കള.. ചേച്ചിമാര്‍ കൂടെ ഉള്ളതുകൊണ്ട് സ്വയം പാചകത്തിന്റെ ആവശ്യം വരാറുമില്ല.. കൂടുതല്‍ പറയാനാണെങ്കില്‍ പാചകം അവളുടെ ഇഷ്ടവിഷയവുമല്ല.. ഇവിടെയും അമ്മ ഉണ്ടായിരുന്നതു കൊണ്ട് ഭരണം അമ്മയുടേതു തന്നെ..

കൂട്ടുകാരന്റെ മരണം വരുത്തിയ വലിയ ഒഴിവ്, തന്നെ കീഴടക്കുന്നെന്ന് തോന്നിയപ്പോഴായിരുന്നു നാട്ടില്‍ നിന്നും നഗരത്തിലേക്കുള്ള ചേക്കേറല്‍ .. സ്ഥലം‌മാറ്റമെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചത് സ്വയം ചോദിച്ചു വാങ്ങിയതായിരുന്നു. വിഷമിച്ചിരിക്കുന്ന പെണ്ണിനെ തനിയ വിടണ്ട എന്ന ബഹുജനാഭിപ്രായത്തിലായിരുന്നു അമ്മയും കൂടെ വന്നത്. നാളുകള്‍‌ കൊണ്ടു തന്നെ ഫ്ലാറ്റിന്റെ നാലുചുമരുകള്‍‌ക്കുള്ളിലെ ജീവിതം അമ്മയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. രാവിലത്തെ മുങ്ങികുളിയും അമ്പലദര്‍‌ശനവുമൊക്കെ നഷ്ടമാവുന്നതിന്റെ വേദന വേറെയും.. അനിയനൊരു കുഞ്ഞുണ്ടായപ്പോള്‍ അവനൊരു സഹായം എന്ന പേരില്‍ അമ്മ വീണ്ടും നാട്ടിലേക്ക്.. മിത്ര ഇവിടെ തനിച്ചും .. നഗരത്തിരക്കില്‍ താനൊരിക്കലും തനിച്ചാവില്ലെന്ന് അവള്‍ തമാശയായി അനിയനോട് പറഞ്ഞു.. എന്നെങ്കിലും അമ്മ തിരിച്ചുവരും എന്ന പ്രതീക്ഷയും അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരാള്‍‌ക്ക് മാത്രം പാചകം ചെയ്യുക എന്ന മടുപ്പുകാരണമാണ് ഭക്ഷണം കാന്റീനില്‍ നിന്നാക്കിയത്..വൈകുന്നേരം കഞ്ഞി.. ചിലപ്പോള്‍ പഴങ്ങള്‍ .. പതുക്കെ പതുക്കെ രാവിലത്തെ വെറും‍‌കാപ്പിക്കു വേണ്ടി മാത്രം അടുക്കളയില്‍ തീയെരിയാന്‍ തുടങ്ങി.. അവധി ദിനങ്ങളില്‍ ‍ എന്തെങ്കിലും ഉണ്ടാക്കാനോ പുറത്തു പോയി കഴിക്കാനോ മടിച്ച് പട്ടിണി കിടക്കാന്‍ തുടങ്ങിയതും അങ്ങിനെയാണ്.. പക്ഷെ, ഇന്നുമാത്രം വിശപ്പ് തന്നെ കീഴക്കിയതെന്തെന്ന് ഓര്‍‌ത്തതിനൊപ്പം അവള്‍ ചപ്പാത്തി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു..

അധികം ഭക്ഷണം കഴിച്ചതു കൊണ്ട് നേരത്തെ ഉറങ്ങാന്‍ കിടന്നെങ്കിലും ഏറെ കഴിയും മുമ്പ് തന്നെ അവള്‍ ഉണര്‍ന്നു ..വിശപ്പ് വീണ്ടും അവളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു .. ഫ്രിഡ്ജിലിരുന്ന ബ്രെഡും ജാമും നിമിഷങ്ങള്‍‌ക്കുള്ളില്‍ അവള്‍ തീര്‍ത്തു.. പിന്നെ വാടിയതും അല്പം കേടുവന്നതുമായ പഴങ്ങള്‍ പോലും നല്ല സ്വാദുള്ളതായി അവള്‍ക്കു തോന്നി..

പക്ഷെ വിശപ്പ് കാരണം അവള്‍‌ക്ക് വീണ്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ല.. അടുക്കളയില്‍ കേറി ഒരു വട്ടം കൂടി പാത്രങ്ങള്‍‍ തുറന്നു നോക്കി... ഒന്നും ബാക്കിയില്ലെന്ന അറിവില്‍ നഖം കടിച്ച് തുപ്പാന്‍ നോക്കി.. പിന്നെ ആ നഖച്ചീളിനെ കടിച്ചിറക്കി... അടുത്ത വിരലില്‍ നിന്നും അടുത്തതിലേക്ക്.. പിന്നെ അടുത്തതിലേക്ക്.. ഇടക്കെപ്പൊഴോ ചോരയുടെ പുളിപ്പും ഉപ്പും അവളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍‌ത്താന്‍ തുടങ്ങിയിരുന്നു..

Monday, July 2, 2007

വഴികള്‍

വഴികളില്‍ നിന്നും വഴികളിലേക്കുള്ള യാത്രകള്‍
എന്നിട്ടും ഞാനിന്ന് വഴികളെ തേടുന്നു

നീണ്ടുപോവുന്ന വഴികള്‍
അവയുടെ അവസാനം ഏറെ ഇടവഴികള്‍
നേര്‍വഴി നഷ്ടമാവുമ്പോള്‍ തേടാനായ് കുറുവഴികള്‍
ആരോ പറഞ്ഞു വെച്ച ചൊല്‍‌വഴികള്‍

തിരിച്ചു നടക്കാനാവാത്ത ഇന്നലെകളുടെ വഴികള്‍
ഒരിക്കലും സ്വന്തമാവാത്ത സ്വപ്നത്തിന്റെ വഴികള്‍
കൊതിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഭാഗ്യത്തിന്റെ വഴികള്‍
യാത്രികര്‍ മറന്ന സത്യത്തിന്റെ വഴികള്‍
നെഞ്ചേറ്റി വെക്കുന്ന സ്നേഹത്തിന്റെ വഴികള്‍
മറക്കാന്‍ മറന്നുപോയ അവഗണനയുടെ വഴികള്‍
പ്രിയമുള്ളവര്‍ നടന്നു മറഞ്ഞ മരണത്തിന്റെ വഴികള്‍
ആര്‍ക്കും വേണ്ടാത്ത യാതനയുടെ വഴികള്‍
ആര്‍‌ക്കോ വേണ്ടി കാത്തുനില്‍ക്കുന്ന മുള്‍വഴികള്‍

ആരും കടന്നു വരാത്ത എന്റെ വഴികള്‍
അറിയാതെ ഞാന്‍ എത്തുന്ന കവിതയുടെ വഴികള്‍
അറ്റമില്ലാതെ നീളുന്ന ഭാവനയുടെ വഴികള്‍
പണ്ടുപണ്ടെന്ന് ചൊല്ലുന്ന കഥയുടെ വഴികള്‍
പറയാന്‍ മറന്നുപോയ ജീവിത വഴികള്‍
പാതി പറഞ്ഞു നിര്‍ത്തിയ ഭാവിയുടെ വഴികള്‍

വഴികളില്‍ ...വഴിത്തിരിവുകളില്‍
വഴികാട്ടികള്‍ നഷ്ടമാവുന്ന കൂട്ടുവഴികളില്‍
വഴിയരികില്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു

Tuesday, June 26, 2007

നീരു വലിയ കുട്ടിയാ....

നിരഞ്ജന ----

കസേരക്ക് പുറകിലേക്ക് തലചായ്ച് കിടന്ന അവള്‍ കണ്‍‌തുറന്നത് എന്തോ ശബ്ദം കേട്ടെന്ന തോന്നലിലാണ്...മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ മേശപ്പുറത്ത് കിടന്ന ഫോട്ടോസ് എടുത്ത് വീണ്ടും നോക്കാന്‍ തുടങ്ങി.

കറുപ്പും ചുവപ്പും ആധിപത്യം സ്ഥാപിച്ച ചിത്രങ്ങള്‍ ആയിരുന്നു മിക്കവയും.. അഗ്നി താണ്ഢവമാടിയ ഒരു ബസ്സ് അപകടം .. നാളെത്തെയും തുടര്‍‌ന്നു വരുന്ന കുറെ ദിവസങ്ങളിലെയും ഉറക്കച്ചടവിനെ ഉണര്‍‌വ്വാക്കി മാറ്റാന്‍ ഇവ പത്രത്തിന്റെ മുന്‍‌താളുകളില്‍ നിറഞ്ഞു കിടക്കും..പിന്നെ മറ്റൊരു ദുരന്തചിത്രണത്തിനൊ ആഹ്ലാദോല്‍‌സവത്തിനോ വഴിമാറിക്കൊടുക്കും.. അവസാനം കുറച്ചു പേരുടെ ഓര്‍‌മ്മകളിലും പത്രക്കാരുടെ ശേഖരത്തിലും ആരുടെയൊക്കെയോ കണക്കുകളിലും മാത്രം അവശേഷിക്കുന്ന ഇന്നലകളിലെ ഒരു സംഭവം മാത്രമാവും ..

തലേദിവസത്തെ അദ്ധ്വാനം നല്‍കിയ ക്ഷീണം നിരഞ്ജനയുടെ കണ്ണുകളിലേക്ക് ഉറക്കത്തെ വിളിച്ചു വരുത്തുന്നുണ്ടായിരുന്നു.പക്ഷെ മനസ്സ്, നടുക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് മോചിതമായി ഉറങ്ങാന്‍ തയ്യാറായിരുന്നില്ല. . അവളുടെ ശ്രദ്ധ കയ്യിലിരുന്ന ഫോട്ടോകളില്‍ തന്നെ തിരിച്ചെത്തി..

ഉയര്‍‌ന്നു കത്തുന്ന തീനാളങ്ങളുടെ നിഴലുകള്‍‌ക്കിടയില്‍ രണ്ടു കൊച്ചു ഗോളങ്ങള്‍ ജ്വലിച്ചു നിന്നു.. രണ്ടു കണ്ണുകള്‍ .. യാന്ത്രികമായി ചിമ്മിയ കേമറകണ്ണുകള്‍ അവയെ പകര്‍‌ത്തിയത് അവള്‍ പോലും അറിഞ്ഞിരുന്നില്ല...

"മോളേ.. അല്ല .. മാഡത്തിനെ സാറ് വിളിക്കുന്നുണ്ട്"

ശങ്കരേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, അവള്‍ കൂടെ ചെന്നു .. മുറിക്കു പുറത്തു കടന്നതും അവള്‍ തന്റെ പരിഭവം പുറത്തെടുത്തു..

"എന്നെ മേടം എടവം എന്നൊന്നും വിളിക്കണ്ട"

പിന്നെ പതുക്കെ പറഞ്ഞു

"കുടുംബം പുലര്‍‌ത്താന്‍ ഞാന്‍ മുതിര്‍‌ന്നു പോയെങ്കിലും ശങ്കരേട്ടന്റെ മനസ്സിലെങ്കിലും ഞാന്‍ ആ പഴയ നീരുവായി ..കോളേജുപെണ്ണായിരിക്കട്ടെ"

സാറിന്റെ മുറിയില്‍ കയറും മുമ്പ് അവള്‍ ശങ്കരേട്ടനെ ഒന്നു കൂടി നോക്കി.. അയാളുടെ കണ്‍‌കളില്‍ തുള്ളികളാകും മുമ്പെ പൊലിയാന്‍ വിധിക്കപ്പെട്ട കണ്ണീറ്‌തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ മനസ്സിലെ ചിന്തകള്‍ ഇതിലൊന്നായിരുന്നിരിക്കാം .. ഒന്നുകില്‍ അകാലത്തില്‍ നഷ്ടമായ തന്റെ സുഹൃത്തിനെ കുറിച്ച്..അല്ലെങ്കില്‍ അയാളുടെ മകളെ കുറിച്ച് ...

കണ്ണു തുടച്ച് ശങ്കരേട്ടന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അടഞ്ഞവാതിലിനപ്പുറം ഒരു തുടക്കക്കാരിക്കു ലഭിക്കാവുന്നതിലേറെ അഭിനന്ദനങ്ങള്‍ നിരഞ്ജനക്കു മേല്‍ ചൊരിയപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അതിലൊന്നു പോലും അവളുടെ മനസ്സിലേക്ക് കടന്നു ചെന്നില്ല...മാത്രമല്ല, ഒരു പിടി മനുഷ്യരുടെ വേദനകളെ വിറ്റ തന്നോട് അവള്‍ക്ക് പുച്ഛമാണ് തോന്നിയത്. വീണ്ടും ആ ചോദ്യം അവളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.

"കിട്ടിയ സമയം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിച്ചിരുന്നെങ്കില്‍ ..."

തനിച്ചായപ്പോള്‍ ആ ദൃശ്യങ്ങളുടെ ഓര്‍‌മ്മകള്‍ അവളുടെ കാല്‍‌വിരലുകളില്‍ നേര്‍‌ത്ത പെരുപ്പായി.. പിന്നെ ഒരു വിറയലായി അത് മുകളിലോട്ട് അരിച്ചു കയറി. ശിരസ്സില്‍ ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍, അവള്‍ തല ശക്തമായി കുലുക്കി...ചെവികള്‍ കൈകൊണ്ട് കൊട്ടിയടച്ചൂ‍...നിമിഷങ്ങള്‍ക്കപ്പുറം സ്വബോധം വീണ്ടെടുക്കുമ്പോള്‍ അവള്‍ ആദ്യം ചെയ്തത്, തനിക്കു ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു..

-----------

നിരഞ്ജനയുടെ ഓര്‍‌മ്മയില്‍ ആദ്യമായി നടക്കുന്ന പടയണി ആയിരുന്നു അത്.. കാണാന്‍ പോവുമ്പോള്‍ കേമറ എടുത്തത് അമ്മയുടെ എതിര്‍‌പ്പിനെ വകവെക്കാതെ ആയിരുന്നു..അച്ഛന്റെ മരണശേഷം അത് ആരും എടുക്കാറില്ലായിരുന്നു.താന്‍ ഇതേവരെ കാണാത്ത ആ കാഴ്ചയുടെ കുറെ നല്ലചിത്രങ്ങള്‍ ..അത്ര മാത്രമെ ഉദ്ദേശമുണ്ടായിരുന്നുള്ളു..നാളുകള്‍ക്ക് ശേഷം അന്നാദ്യമായി അവളുടെ അച്ഛന്റെ "ഇരുട്ടുമുറി"യില്‍ വെളിച്ചം വീണു....പിറ്റേന്ന് ശങ്കരേട്ടനെ പടയണിയുടെ ഫോട്ടോസ് കാണിച്ചപ്പോള്‍ അതില്‍ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തുകൊണ്ട് പോയി..പിന്നെ ശങ്കരേട്ടന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ കോപ്പിയും ഒരു കവറും കൊണ്ട് വന്നപ്പോള്‍ അവള്‍ അറിഞ്ഞില്ല അതാണ് തന്റെ ചോറെന്ന്..

ഒരു പകരക്കാരി ആയാണെങ്കിലും അവളിന്ന് ഒരു പ്രെസ്സ് ഫോട്ടൊഗ്രഫര്‍ ആണ്..പൂവിനും ചിത്രശലഭങ്ങള്‍ക്കും പകരം അവള്‍ നഗരത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്നു.. അരിവാങ്ങാന്‍ കാശില്ലാത്തവരുടെ നിരാഹാരസമരങ്ങളും തുണിയില്ലാത്തവരുടെ ഫേഷന്‍ ഷോകളും അവള്‍ ഒറ്റകണ്‍ ചിമ്മിയടച്ച് "നിശ്ചല"മാക്കുന്നു..

------

അതുവരെ സംസാരിച്ചിട്ടില്ലാത്തവര്‍ പോലും നിരഞ്ജനയുടെ അടുത്ത് വന്ന് അഭിനന്ദനം പറഞ്ഞു...പക്ഷെ എന്നിട്ടും അവളുടെ മുഖത്ത് വന്നത് ഒരു മങ്ങിയ ചിരി മാത്രം.. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോഴെക്കും നേരിയ തലവേദനയും ...

അമ്മ അടുത്തു വന്നിരുന്ന് ഒരോ കാര്യമായി പറയാന്‍ തുടങ്ങിയപ്പോള്‍‍ അവള്‍ ഓര്‍ത്തു.. അമ്മ പഴയ വഴക്കൊക്കെ മറന്നിരിക്കുന്നു.. ഒത്തിരി മുതിര്‍ന്നതു പോലെയാ അമ്മ തന്നോട് പെരുമാറുന്നത് ... അനിയത്തിയും വല്ലാതെ അകന്ന പോലെ... പേടിയോടെയാ ഓരോ ആവശ്യവും തന്നോട് പറയുന്നത് .. മൂന്നുമാസം മുമ്പ് വരെ അച്ഛനുണ്ടായിരുന്നതില്‍ നിന്നും എന്തൊരു വ്യത്യാസം .. ചിന്തകളില്‍ നിരഞ്ജന ഒരു പാടു കാലം പുറകിലായിരുന്നു ...

"ചേച്ചി...." അനിയത്തിയുടെ വിളികേട്ട് ഉണര്‍‌ന്നപ്പൊഴാണ് അമ്മ എപ്പൊഴൊ എഴുന്നേറ്റ് പോയിരുന്നെന്ന് അവള്‍ അറിഞ്ഞത്... അനിയത്തിയെ അരികില്‍ പിടിച്ചിരുത്തി...

"എനിക്ക് യൂത്ത്ഫെസ്റ്റിവല്‍ ന്‍ പോവണം .. പെണ്‍കുട്ടികളുടെ കൂടെ വീട്ടില്‍ നിന്ന് ആരെങ്കിലും ചെല്ലണമെന്ന് പറഞ്ഞു.. കഴിഞ്ഞ തവണ അച്ഛനാ...."

അത്രയുമായപ്പൊഴേക്കും നിരഞ്ജന അവളേ തന്നോട് ചേര്‍‌ത്തു

"ചേച്ചിയില്ലെ .. പിന്നെന്താ .. ചേച്ചി വരാം കൂടെ.."

------------------
സമ്മാനങ്ങള്‍ നെഞ്ചോടടക്കി പിടിച്ചുള്ള അനിയത്തിയുടെ വരവു കണ്ടപ്പോള്‍
നിരഞ്ജനക്കു കരച്ചില്‍ വന്നു... അടക്കി പിടിച്ച വേദന പൊട്ടിയത് അവള്‍
വന്നു കെട്ടിപ്പിടിച്ചപ്പൊഴാ... രണ്ടുപേരും ചിന്തിച്ചത് അച്ഛനെ
കുറിച്ചാണെന്ന് അവര്‍‌ക്കറിയാമായിരുന്നു.. വീട്ടില്‍ കാത്തിരിക്കുന്ന
അമ്മയെ ഓര്‍‌ത്തപ്പൊഴാ ഒരു മൊബൈല്‍ ഇല്ലാത്തതിന്റെ വിഷമം നിരഞ്ജന
അറിഞ്ഞത്...

വീട്ടില്‍ എത്തുമ്പൊഴേക്കും നേരം ഏറെ വൈകി... മുറ്റത്തെ ആള്‍ക്കൂട്ടം
കണ്ട് എന്തെന്നാലോചിക്കും മുമ്പെ ശങ്കരേട്ടനെത്തി...

"അമ്മ..."

ആ കൈയില്‍ പിടി മുറുക്കുമ്പോള്‍ അവള്‍ ഒറ്റപ്പെടലിന്റെ തണുപ്പറിഞ്ഞു..

"പെട്ടന്ന് വയ്യായ തോന്നി കൊണ്ടു പോയതാ.. എത്തിയില്ല.. നിങ്ങളെ
അറിയിക്കാന്‍ വഴിയില്ലാത്തോണ്ട് കാത്തിരിക്കാരുന്നു.. എല്ലാം
ഒരുക്കിയിട്ടുണ്ട്.."

തനിക്കായൊന്നും ചെയ്യാനില്ലെന്ന് നിരഞ്ജന വേദനയോടെ അറിഞ്ഞു...മുഖത്തു
നിന്ന് തുണിമാറ്റിയപ്പോള്‍ ആരുടെയോ നിര്‍‌ദ്ദേശത്തില്‍ അവള്‍ ആ ഉറങ്ങുന്ന മുഖം പകര്‍ത്താന്‍ ശ്രമിച്ചു.. കൈകള്‍ വിറക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ഉള്ളിലിരുന്നു ശാസിച്ചു...

രാത്രി ആളൊഴിഞ്ഞ വീട്ടില്‍ അവള്‍ ആ കേമറ അച്ഛന്റെ ഇരുട്ടുമുറിയില്‍
വെച്ചു പൂട്ടി.. പിന്നെ തളര്‍‍ന്നുറങ്ങുന്ന അനിയത്തിയെ തന്നോടു ചേറ്‌ത്തു കിടത്തി..

Sunday, June 24, 2007

ആല്‍മരങ്ങള്‍ മൌനികളാകുന്നു

'മൌനം വിദ്വാന് ഭൂഷണം'
ഏതോ മഹാന്റെ വരമൊഴി അല്ലെങ്കില്‍ വാമൊഴി
യുഗങ്ങളായി (ഞങ്ങള്‍) വിഡ്ഢികള്‍
അതിനു മറുഭാഷ്യം ചമക്കുന്നു
'മൌനം വിഡ്ഢിക്കു ഭൂഷണം'
എന്നിട്ട് കലമ്പി ചിരിക്കുന്നു
വലിയ വായില്‍ അട്ടഹസിക്കുന്നു
ഉള്ളില്‍ ഒന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍
തുറന്ന പുസ്തകമായ് നടന്നകലുന്നു

മാളോരെ..ഒരു നിമിഷം
ഈ വിഡ്ഢിയും ഒന്നു ചിരിക്കട്ടെ, ആര്‍ത്തട്ടഹസിക്കട്ടെ
മൌനമായ് കാത്തിരിക്കട്ടെ, നാളത്തെ തേങ്ങലുകള്‍ക്കായ്

നിമിഷങ്ങളുടെ നീക്കത്തില്‍
ഞങ്ങളുടെ കളങ്ങളില്‍ ചുവന്ന വരകള്‍ തെളിയുന്നു
ചക്രം തെറിച്ച ശകടവും, അപ്രതീക്ഷിത അതിഥിയും
മുറ്റത്തെ മുല്ലകള്‍ക്ക് മണമില്ലാത്ത പൂക്കള്‍ മാത്രം
തുളവീണ വയറിന്റെ അടപ്പുകള്‍ മുറുകാതാവുമ്പോള്‍
അവര്‍ കളങ്ങള്‍ മാറ്റിചവിട്ടുന്നു
തെറിച്ചു വീഴുന്ന ദുര്‍‌ഗന്ധത്തില്‍ ഞങ്ങള്‍ മൌനികളാകുന്നു
മനസ്സില്‍ അഗ്നിപര്‍‌വ്വതങ്ങളും മുഖത്ത് നിസ്സംഗതയും

പ്രഭാതകിരണങ്ങള്‍ക്കു മുമ്പെ
പാത്രത്തിലടച്ച അപ്പകഷണങ്ങള്‍
ആദ്യത്തെ വായക്കു മുമ്പെ
അപ്പുറത്ത് മരണമണി മുഴങ്ങുന്നു
ഇത് ജോലി സമയം

അവള്‍ പുറകോട്ട് ചായുന്നു - "അമ്മേ'
നടുവിലൂടെ കൊള്ളിയാന്‍ മിന്നുന്നു
കുത്തിയിരുപ്പിന്റെ നീക്കിയിരുപ്പ്
വയറമര്‍‌ത്തി മുന്നോട്ട് വീഴുന്നു
പുറം‌ ലോകം നിഷേധിക്കപ്പെട്ടവര്‍ പ്രതികരിക്കുന്നു
അസ്ഥിപഞ്ജരം നടന്നുവരുന്നു
കത്തുന്ന കണ്ണുകളുമായി
ആദ്യം ഇത്, പിന്നെ അത്, പിന്നെ ..പിന്നെ
തളര്‍ന്നു വീഴാതെ വണ്ടിക്കാളകള്‍ വലിച്ചു കൊണ്ടേയിരിക്കുന്നു
പുരകില്‍ ചാട്ടവാറിന്റെ മുഴക്കം മാത്രം
അവള്‍ ചിരിക്കുകയാണ്, ചിരിച്ചു കൊണ്ടേയിരിക്കുകയാണ്
പിന്നെന്തെ ഭൂമിപൊള്ളിക്കാന്‍ ചുടുകണങ്ങള്‍ ഉതിര്‍‌ന്നത്

അവന്‍ ചിന്തയിലാണ്‍
സ്വപ്നങ്ങളിലെങ്ങോ നിലവിളക്കുണ്ട്,
നിറപറയുണ്ട് വരണമാല്യമുണ്ട്
അവന്റെ മോതിരവിരലില്‍ അവന്റെ സുന്ദരിയുണ്ട്
സ്വപ്നങ്ങളില്‍ അവന്‍ വഴിതെറ്റിയാലോ
ചൂരലുമായ് അവര്‍ കാത്തുനില്‍ക്കുന്നു
ആരുടെയോ ആദായങ്ങളുടെ കണക്കെടുക്കാന്‍
കൂട്ടാന്‍ വീണ്ടും കുറക്കാനായ്
മൌനം അവന്റെ കൂട്ടാളിയാണ്
നാവിനെ തളക്കാന്‍ ചങ്ങല വാങ്ങിയത് എവിടെ നിന്നാവാം

ഇടക്കെപ്പൊഴൊ കോവിലില്‍ നെയ്ത്തിരി വെച്ച് കൊട്ടിപ്പാടുന്നു
കണ്ണുപൊട്ടന്‍ ദൈവം പ്രസാദിക്കുന്നു
എല്ലാം ഒരു ലഹരിയുടെ പൊയകാഴ്ചകള്‍ മാത്രം

കോമാളിയായ് അവസാനത്തെ അതിഥിയെത്തുന്നു
അപ്പൊഴും അവള്‍ തടവിലാണ്
ജാമ്യം പോലും നിഷേധിക്കപ്പെട്ട്
അകലെ പട്ടടയെരിയുമ്പൊഴും
ഞങ്ങള്‍ വിറങ്ങലിച്ചിരിപ്പാണ്
അഞ്ചാം മണിയുടെ മുഴക്കത്തിനായ്

Tuesday, June 19, 2007

ആശംസകള്‍

പാര്‍‌ട്ടിക്കുള്ള ക്ഷണം കിട്ടുമ്പോള്‍ അതൊരു അവധി ദിനമാണെന്നതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ ..അവരുടെ കല്ല്യാണം കെങ്കേമമായി നടന്നപ്പോള്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.. വര്‍‌ഷങ്ങള്‍ നീണ്ട നാടറിഞ്ഞ പ്രണയത്തിനൊടുവിലല്ലെ അത് നടന്നത്.. അതിന്റെ പരിഭവം അവര്‍ പലപ്പൊഴും പറഞ്ഞതുമാണ്.. ഏതായാലും ഇതിലെങ്കിലും പങ്കെടുക്കണമെന്ന നിര്‍ബന്ധത്തിലാണ് ഞാന്‍ അവിടെ എത്തിയത്.

നന്നായി അലങ്കരിച്ച വേദിയില്‍ അവര്‍ ഇരുവരുമുണ്ട്.. പരിചിതരും അപരിചിതരുമായ് നല്ലൊരു ആള്‍ക്കൂട്ടം ഹാളില്‍ നിറഞ്ഞിരിക്കുന്നു. പഴയ കൂട്ടുകാരെ പലരെയും വീണ്ടും കാണാനുള്ള അവസരം കൂടിയായിരുന്നു.. ഞാനെത്തിയത് അല്പം വൈകിയായതിനാല്‍ പലരും തിരിച്ചു പോവാന്‍ തുടങ്ങിയിരുന്നു..വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു ബാക്കിയുള്ളവര്‍ .. ചിലര്‍ അവരെ പോയി കണ്ട് ആശംസകള്‍ അറിയിക്കുന്നു..

അപ്പൊഴും ആരോടാണ് കൂടുതല്‍ വിവരങ്ങള്‍ ചോദിക്കേണ്ടതെന്ന സംശയത്തിലായിരുന്നു ഞാന്‍ .. ഇങ്ങനെ ഒരു പാര്‍ട്ടി തന്നെ കൂടുന്നത് ആദ്യമായിട്ടാ.. അല്ലെങ്കിലും ഇപ്പൊ തൊട്ടതിനും പിടിച്ചതിനും ഒക്കെ ആഘോഷങ്ങളല്ലെ? തഞ്ചത്തില്‍ കിട്ടിയ പഴയ കോളേജ്‌മേറ്റ് തന്നെ രക്ഷക്കെത്തി..

"രണ്ട് പേരും രണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ .. കമ്പനിക്കാര്യത്തിന് തന്നെ സമയം തികയുന്നില്ല... തമ്മില്‍ കാണുന്നത് തന്നെ അപൂര്‍‌വ്വം ... നാളെ അവന്‍ യു എസ് നു പറക്കാ... അവിടത്തെ കമ്പനി തലവന്‍ ആയി ...അവളാണെങ്കില്‍ പുതിയ ജോലിയില്‍ കയറിയതെ ഉള്ളു... ഒന്നിനും സമയമില്ല..അതുകൊണ്ടാ പെട്ടന്ന് ഇങ്ങനെ ഒരു ഒത്തു കൂടല് .. കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ഒന്നും ഇല്ലല്ലൊ..
ഈ ഡിന്നര്‍ തന്നെ ഹോസ്റ്റ് ചെയ്തിരിക്കുന്നത് അവളുടെ കമ്പനിയാ.. അവര്‍‌ക്കും ഒരു പരസ്യമായി .."

പിന്നെയും അവള്‍ പറഞ്ഞു കൊണ്ടിരുന്നു.. വന്ന സ്ഥിതിക്ക് അവരെ മുഖം കാണിക്കാതെ പറ്റില്ലല്ലൊ... നാളെ ഇതിനും വന്നില്ലെന്ന് പരാതി പറഞ്ഞാലോ.. തിരക്കൊന്ന് കുറഞ്ഞെന്ന് തോന്നിയപ്പോള്‍ ഞാനും വേദിയിലെത്തി.. നല്‍കാവുന്നതില്‍ നല്ലൊരു ചിരി രണ്ടുപേറ്‌ക്കും സമ്മാനിച്ചു.. പിന്നെ ഹൃദയം നിറഞ്ഞ ആശംസകള്‍ നല്‍‌കി...


"ഹാപ്പി ഡൈവോഴ്സ്ഡ് ലൈഫ്"

Thursday, June 14, 2007

അന്തിക്കൂട്ട്

പുറത്ത് അവളുടെ തേങ്ങല്‍ പൊട്ടിക്കരച്ചിലാവുന്നു.. സന്ധ്യക്കെപ്പൊഴോ മൂടിക്കെട്ടിയ മുഖവുമായ് തലകുനിച്ചിരിക്കുകയായിരുന്നു... പിന്നെ ഇരുട്ടിന്റെ മറവില്‍ നേര്‍‌ത്ത തേങ്ങലായ് ഉയര്‍‌ന്നു... രാത്രിയുടെ വളര്‍‌ച്ചക്കൊപ്പം ആര്‍‌ത്തലച്ചു പെയ്യുന്ന പൊട്ടിക്കരച്ചിലായി... ഇപ്പോള്‍ വീണ്ടും നേറ്‌ത്ത തേങ്ങലുയരുന്നു... ഇടക്ക് സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നു...പക്ഷെ അവള്‍‌ക്കറിയില്ലല്ലൊ അവളുടെ ദുഃഖത്തിന്റെ പങ്കാളിയായി ഞാനും ...

അസ്തമയാര്‍‌ക്കന്റെ അവസാനകിരണം ചക്രവാളത്തില്‍ അപ്രത്യക്ഷമാവും മുമ്പ് എന്റെ കോട്ടവാതില്‍ എനിക്കു പിന്നില്‍ വലിച്ചടക്കപ്പെടുന്നു. പിന്നെ എന്റെ ചുവരുകള്‍‌ക്കുള്ളില്‍ സന്ധ്യയുടെ അരുണിമയില്‍ നിന്നും രാത്രിയുടെ ഇരുട്ടിലേക്ക് ... ആരുമറിയാതെ പൊട്ടിക്കരയുമ്പോള്‍ എന്റെ കൊത്തളത്തില്‍ ഞാനെന്നും തനിച്ചായിരുന്നു .. ഇന്ന് എനിക്കൊപ്പം അവളും .. എന്റെ രാത്രിമഴയും

Thursday, June 7, 2007

ആദിശേഷയ്യ ചരിത്രമാവുമ്പോള്‍

ചിന്തയില്‍ എന്റെ ഒരു കഥ വന്നിട്ടുണ്ട്.... ഇതു വഴി പോയാല്‍ കാണാം ..
വായിക്കാം.. സമയമുണ്ടെങ്കില്‍... അഭിപ്രായം അറിയിക്കുമല്ലൊ അല്ലെ...!


ആദിശേഷയ്യ ചരിത്രമാവുമ്പോള്‍


ആദിശേഷയ്യ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ഞങ്ങളുടെ അറിവില്‍ മക്കളോ ശേഷക്കാരോ ഇല്ലാത്തതിനാല്‍ ആ ചരിത്രം അവിടെ അവസാനിച്ചു. എന്നിട്ടും ഇന്ന് ഞാന്‍ ചരിത്രത്തില്‍ ആദിശേഷയ്യയെ തിരയണോ അതോ ആദിശേഷയ്യയില്‍ നിന്നും ചരിത്രത്തിലേക്ക്‌ തിരിയണോ എന്ന ആശങ്കയിലാണ്. കാരണം എല്ലാവരും ആ പേരുപോലും മറക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ആരുമറിയാതെ ചരിത്രത്തിലേക്ക്‌ വലതുകാല്‍ വെച്ച്‌ കയറിവന്നത്‌. അതും താഴത്തേതില്‍ തറവാടിന്റെ ചരിത്രത്തിലേക്ക്‌ , ഒരു വജ്രമോതിരത്തിന്റെ തിളക്കവുമായ്‌.
......................

Monday, June 4, 2007

പുണ്യം

സീമന്ത രേഖയില് തൂവും ഒരു നുള്ളു

കുങ്കുമമാകുമോ പുണ്യം

കുനിയും ശിരസ്സില് കുരുങ്ങും

ചരടിലെ, പൊന്‍‌താലിയോഎന്റെ പുണ്യം


നിറമുള്ള കനവുകള് നെയ്തതില്ല

സ്വപ്നരഥമേറി വാണതില്ല

തന്നിഷ്ടമാടി നടന്നതില്ല

മൂത്തവര് ചൊല്ലു മറന്നതില്ല


കാല് തൊട്ടു വന്ദിച്ചനുഗ്രഹമായ്

ഉടയാത്ത പട്ടു പുടവചുറ്റി

തെറ്റാതെ വലതുകാല് വെച്ചുകൊണ്ടാ

കതിര് മണ്ഢപത്തിന് പടികള് കേറി


എന് കൈ പിടിച്ചാ കയ്യില് ചേര്ത്തുവെക്കെ

കണ്ണൂകള് എന്തെ അടച്ചു വെച്ചു

ചുണ്ടുകള് എന്തെ പിറുപിറുത്തു


തുണയാവുക, നല്ലൊരിണയാവുക

ഇടറുന്ന വേളയില് താങ്ങാവുക

നിഴലാവുക, നിത്യ സഖിയാവുക

ഒരുമിച്ചു കാതങ്ങള് മുന്നേറുക

എന്നുമീ കൈകളില് നിറവാകുക


കൈവിരല് പഴുതിലൂടൂര്ന്നുപോവും

ജീവിതതുള്ളികള് കാത്തുവെക്കാന്

ആവതില്ലാത്തൊരു പെണ്മനസ്സിന്

ചിതറിത്തെറിക്കും വിതുമ്പലാകാം

പിടയുന്ന നെഞ്ചിന്റെ തേങ്ങലാവാം


പറയാതെ ഉള്ളില് കുമിഞ്ഞുകൂടും

വേദനകള് ഒന്നു പങ്കുവെക്കാന്

പൊട്ടിക്കരഞ്ഞു തളര്ന്നുപോകെ

കരയരുതെന്നൊരു വാക്കുകേള്ക്കാന്

വ്യാമോഹമാണോ ദുര്മോഹമാണോ

ഉള്ളിലുണരുന്ന സ്വപ്നമാണോ


എന്റെ കാലുകെട്ടാന് കുഞ്ഞിക്കാലിനായി

കാത്തിരിപ്പാണവര് നാളുനോക്കി

പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ

മറുവാക്കു ചൊല്ലാത്ത പാവയല്ലെ

തറവാടിന്റെ പൈതൃകം കാത്തുവെക്കാന്

ആണിന്നു ആളായ് ചമഞ്ഞു നില്ക്കാന്

നിന് ചോരയില് പുതുജീവനേകീടുക

അമ്മയായ് അടിമയായ് ഇവിടെ വാഴ്ക

Tuesday, May 29, 2007

അവന്റെ വിവാഹമാണ് ...

എന്റെ വാച്ചില് 11.45 ... 45 നും 55 നും ഇടയില് 10 മിനിറ്റേ മുഹൂര്ത്തമുള്ളു. അഞ്ച് മിനിറ്റ് കൂടി കഴിയട്ടെ. കാരണവര്
കണക്കുകൂട്ടുകയാണ്. അവരാണെങ്കില് അക്ഷമരായി വിയര്ത്തു കുളിച്ച് ഇരിക്കുകയും. ചുറ്റും ആകാംക്ഷയോടെ എല്ലാവരും നില്ക്കുന്നു.
ആള്ക്കൂട്ടത്തില് ഒറ്റപ്പെട്ട് ഞാനും കാത്തുനില്ക്കുകയാണ്.
മണിക്കൂറുകള്ക്കു മുമ്പെ വിജനമായ ഈ അമ്പലമുറ്റത്ത് എത്തുമ്പോള് സംശയമായിരുന്നു. ഇത് തന്നെയല്ലേ സ്ഥലമെന്ന്. ഒരു അര്ച്ചനക്കായ് ചെന്നപ്പോള് സ്ഥലം തെറ്റിയില്ലെന്ന് ഉറപ്പുവരുത്തി... ഭദ്രകാളിയും രക്തേശ്വരിയും ചുവന്നുനില്ക്കുമ്പോള് ഞാനവരോട് ഉള്ളുരുകി പറഞ്ഞു.
വിഘ്നേശ്വരനോട് ഏത്തമിട്ട്, നാഗരാജാവിനോടും നാഗയക്ഷിയോടും കനിയാനായി തലകുനിച്ച്, കണ്ണനോട് പഴയ പരിചയം പുതുക്കി മൂന്നു വലം വെച്ച് ഞാനാ മുറ്റത്ത് കാത്തുനിന്നു. കിഴക്കേ നടയില് താഴോട്ട് നീളുന്ന പുല്ല് നിറഞ്ഞ നീണ്ട കല്പടവുകള്.. വളറ്ന്നു പടര്ന്നു പന്തലിച്ച അരയാലും, തൊഴാനെന്നപോലെ ഒന്നു വളഞ്ഞ് തുടര്ന്നൊഴുകുന്ന ആറും എല്ലാം ഒരു കവിതപോലെ സുന്ദരം. പക്ഷെ അതൊന്നും അപ്പൊഴെന്റെ കണ്ണില് പോലും പതിഞ്ഞില്ല...

ഭാഷയുടെ വ്യത്യാസം കൊണ്ടാവാം പൂജാരിയുടെ കുശലാന്വേഷണം. സമയം തള്ളി നീക്കാന് ഞാനും ചിരിച്ചുകൊണ്ട് നിന്നു കൊടുത്തു.പക്ഷെ അപ്പോഴും ഞാന് മനസ്സുകൊണ്ട് മറ്റെവിടെയോ ആയിരുന്നു. ഇടക്കൊക്കെ ഒളികണ്ണിട്ട് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. എന്നെ വേദനിപ്പിക്കരുതെന്ന് ഓര്മ്മിപ്പിച്ചു.

ഇപ്പോള് ഞാന് ഒറ്റക്കല്ല. ഒത്തിരി അപരിചിതര് വന്നുകൊണ്ടിരിക്കുന്നു. ദൂരെയിരുന്ന് അവരെ നോക്കിയിരുന്നു. വരുന്ന് വാഹനങ്ങളിലെല്ലാം അപരിചിതര്
മാത്രം .. ഇടക്ക് കയറിവന്ന വെള്ള മാരുതി കാറില് അവരുടെ
പേരെഴുതിയിരിക്കുന്നു. ഫോട്ടോഗ്രാഫേഴ്സ് വരനിറങ്ങുന്നത്
സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ക്രീം ഷര്ട്ടും കസവുമുണ്ടുമായി അവന് ഇറങ്ങി. ചീകിയൊതുക്കിയ മുടിയും ഒഴിവാക്കാനാവാത്ത കണ്ണടയും. മാറി നിന്നപ്പോള് ഞാന് ശരിക്കും കണ്ടു. ചുണ്ടില് ചിരിയുണ്ട്. ഒരിക്കല് കൂടി ഞാന് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. ഇപ്പോള് സമയം നീങ്ങുന്നത് അറിയുന്നില്ല. കാണാന് , കണ്ടിരിക്കാന് എനിക്കൊരു കാഴ്ചയുണ്ടല്ലോ. പിന്നെ ഞാന് വരുന്ന വാഹനങ്ങളോ അപരിചിതരെയോ കണ്ടില്ല. ഇടക്ക് പച്ചസാരിയില് തലനിറയെ മുല്ലപ്പൂവുമായി അവളെത്തി. ഇപ്പോള് ദൃശ്യങ്ങളെ നാളെക്കുവേണ്ടി കാത്തുവെക്കുന്നവര് അവള്ക്കു പുറകെയാണ്.

എനിക്കവനെ കാണണം.. ഞാന് വരാതിരുന്നില്ലെന്ന് അവനോട് പറയണം. പിന്നെ .. പിന്നെ .. പിന്നെന്തു പറയാന് .. അവന്റെ കണ്ണില് പെടാന് ഇവിടെ നിന്നാല് കഴിയില്ല. അപ്പൊഴാണ് ഞാന് ഞങ്ങള്ക്കിടയിലെ ദൂരത്തെ കുറിച്ച് ഓര്ത്തത്. കൂട്ടുവിളിക്കാന് ആരുമില്ലാത്തതിനാല് ഞാന് ചെന്നു, തനിച്ചു തന്നെ. പരസ്പരം ചിരിച്ചു കൊണ്ട് നില്ക്കുമ്പോള് വാക്കുകള് നഷ്ടപ്പെടുകയായിരുന്നോ ..

"വേറെ ആരും വന്നില്ലെ..?"

"ഇല്ല"

"അവര്ക്കൊക്കെ വേറെയെന്തൊക്കെയോ തിരക്കുകള് .. എനിക്ക് വരാതിരിക്കാനാവില്ലല്ലോ"

"നോക്ക് .. വീട്ടില് വരണം ട്ടൊ"

എന്നെ നോക്കി ചിരിച്ച ആ ഉറക്കെയുള്ള ചിരിയുടെ അര്ത്ഥമെന്തായിരുന്നു. എന്റെ പഴയ ഭീഷിണികളുടെ ഓര്മ്മയാവണം. ഒന്നും പറയാനില്ലാതായപ്പോള് ഞാന് പതുക്കെ രക്ഷപ്പെടാനുള്ള വഴി തേടി.

"ചെല്ല് .. അവര് കാത്തു നില്ക്കുന്നു. .." ആരെന്നു പറയാതെ ഞാന് തിരിഞ്ഞു നടന്നു.

കല്ല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോവണം ...ഇല്ല .. ഇനി ഒരിക്കല് കൂടി വയ്യ. എല്ലാവരും അമ്പലനടയിലേക്ക്. വരനെ വധുവിന്റെ ആള്ക്കാര് മാലയിട്ട് ആരതിയുഴിഞ്ഞ് മണ്ഢപത്തിലേക്ക് ആനയിച്ചു. സമയം ഇനിയും നിമിഷങ്ങള് കൂടി ..അവന് വിയര്ത്തൊഴുകി ഇരിക്കുകയാണ്. ഒന്നും ചെയ്യാനില്ലാത്തതിനാല് കണ്ണട ഊരിയും തിരിച്ചുവെച്ചും ഇടക്ക് ചുറ്റും നോക്കിയും സമയം കളയുന്നു, അപ്പൊഴും ഞാനറിയാതെ നിരന്നിരിക്കുന്നവരെ നോക്കി. ഒന്നുകൂടി ഓര്മ്മിപ്പിച്ചു. ഇനിയും സമയമുണ്ട്..എന്നെ കൈവിടരുത്..

ഉച്ചത്തിലുള്ള വര്ത്തമാനങ്ങള് പെട്ടന്ന് നിലച്ചു. അവള് വന്നു.കയ്യില് താലവും വിളക്കുമായി മൂന്നു വലതുവെച്ചു. അവന്റെ അരികില് ഇരുന്നു. അവര്ക്കിടയില് എത്ര ഇടയുണ്ടെന്ന് ഒന്നെത്തി നോക്കാന് എനിക്ക് തോന്നി. എല്ലാവരും സമയമാവാന് കാത്തിരിക്കുകയാണ്. മഞ്ഞചരടില് അമ്മാവന് താലി കോര്ത്തു. ഫോട്ടോക്കു വേണ്ടി ഇരുന്നു കെട്ടാന് പറയുമ്പോള്, അവന് താലിയുമായി എഴുന്നേറ്റു. പണ്ടെ അവന് അനുസരണ എന്നത് അടുത്തു കൂടി പൊയിട്ടില്ലല്ലോ.. അങ്ങിനെ അവന് അവളുടേതായി.

ഇപ്പോള് നിരന്നിരുന്ന ദൈവങ്ങളെല്ലാം വെറും കല്ലുകളായി തോന്നി. ബാക്കി ചടങ്ങുകള് കാണാന് നില്ക്കാതെ ആറ്റിലേക്കുള്ള പടവുകളിലേക്ക് ഞാന് നടന്നു. വൈകി എത്തുന്നവര്ക്കിടയില് പഴയ ചില മുഖങ്ങള് . ഇവിടെ ഞാന് അഭിനയിക്കണം..തുറന്ന ചിരിയുമായി ഞാന് അവര്ക്കിടയിലേക്ക്.. ഒന്നിനു പത്തെന്ന നിരക്കില് പഴയ വാചകമടി. എല്ലാവരും പുതിയ ജീവിതത്തിന് ആശംസകള് നല്കാന് പോവുമ്പോള് എനിക്കും പോയെ തീരൂ.. ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള് , ഞാന് കാത്തു നില്ക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുന്നത് എങ്ങിനെ ആവുമെന്ന്. വെറും പേരു മാത്രം. അറിയാതെ ഇടഞ്ഞുപോയ കണ്ണുകള് .. ഫോട്ടോക്ക് നില്ക്കാന് , ഉയരത്തിന്റെ കണക്കില് മുന്നിലേക്ക് തള്ളിയപ്പോള് എത്തിപ്പെട്ടത് വലതുവശത്ത്. ഒരിക്കല് ഞാന് വലം കയ്യായിരുന്നു.ഭക്ഷണം കഴിക്കാതെ പുറത്തുകടക്കാനാവില്ല. ഒഴിഞ്ഞ മൂലയില് ഇരുന്നപ്പോള് അവര് വരുന്നുണ്ടായിരുന്നു...കൈകള് കോര്ത്തുപിടിച്ച്. ഇരുന്നത് എന്റെ വലതുവശത്തെ വരിയില് . അവന് അവളോട് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവന് അന്നും എന്നോട് പറഞ്ഞിരുന്നത് അങ്ങിനെ തന്നെ.

"എനിക്ക് എപ്പോഴും വര്ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. കേട്ടിരിക്കാന് ഒരാള് വേണം."

അവന് പറയുന്നു. അവള് കേള്ക്കുന്നു. മണിക്കൂറുകള് ഞങ്ങള്ക്കിടയില് കൊഴിഞ്ഞു വീണപ്പോള് ഞാനും മൌനിയായിരുന്നല്ലോ.ഇനിയൊരു യാത്ര പറച്ചിലില്ല... പോവണം..

പുറത്തിറങ്ങി പോരുമ്പോള് മറ്റാരെയും കാത്തുനിന്നില്ല. തിരിച്ചുള്ള യാത്രയില്, വഴി നിറയെ നിരന്നിരുന്നിരുന്ന പേരറിയാത്ത ദൈവങ്ങളെ ഞാന് കണ്ടില്ല. മാനത്തോളം തല നീട്ടിനില്ക്കുന്ന കുരിശുകളെയും .. അങ്ങോട്ടു പോവുമ്പോള് ഒരോരുത്തരോടും പറഞ്ഞതായിരുന്നു.

രാത്രി ..അവര് ഇപ്പോള് ഒന്നായി കാണും .. ആദ്യമായി ഞാന് നേരുന്നു ... മംഗളങ്ങള് . ..

Friday, May 25, 2007

നാലാം നിലയിലെ കുമ്പസാരകൂടുകള്‍

"വരൂ, ഇതാണ്` നാലാം നില"

പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ "അവര്" നാലഞ്ചു പടി താഴെ നിന്ന്
കിതക്കുകയായിരുന്നു.

"ക്ഷീണിച്ചോ?" നാലാം നില എത്താറായെന്ന് ഞങ്ങള്
ആശ്വസിക്കുന്നത്
മൂന്നാംനിലയിലെ ഒമ്പതാം നമ്പറ് മുറി കണ്ടാണ്.പിന്നെ പതിയെ കയറും.ഇരുപത്
കാണുമ്പോള്‍ സമാധാനമായി. കാരണം ഇതാണല്ലോ നാലംനില.

ഇരുപതാം നമ്പര്‍ മുറിക്കു മുന്നില്‍ നിന്ന് അവരുടെ ശ്വാസം വലി
കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി.പുറത്തേക്ക് തുറിച്ച അവരുടെ കണ്ണുകളോട്
ഞാന് മുഖം തിരിച്ചു. നിമിഷങ്ങള്‍ക്ക്ശേഷം അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി
പ്രത്യക്ഷപ്പെട്ടപ്പോഴാണ്` ആശ്വാസമായത്. ഇടനാഴിയുടെ ഇരുവശത്തേക്കും
അവര്‍‌ പല തവണ നോക്കി. വെളിച്ചം വരുന്ന ഗ്രില്ലിനടുത്തിട്ട ബെഞ്ചിലേക്ക്
ചൂണ്ടി ഞാന്‍ പറഞ്ഞു.

"കുറച്ചു നേരം ഇവിടെ ഇരിക്കൂ. ഞാന്‍ മുറി തുറക്കാം". അവര് ബെഞ്ചില്‍‌
ഇരുന്നപ്പോള്‍ ഞാന്‍ മുറി തുറന്നു. കട്ടിലില്‍ ചിതറി കിടന്ന പുസ്തകങ്ങളും
തുണികളും എടുത്തുമാറ്റി. ഫാന്‍ ഇട്ടു. ആകെകൂടി വലിയ കുഴപ്പമില്ലെന്ന്
തോന്നിയപ്പോള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.

കട്ടിലില്‍ ഇരുന്നിട്ടും അവരുടെ പരവേശം
തീര്‍ന്നിട്ടുണ്ടായിരുന്നില്ല.ഫ്ലാസ്ക് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളം
എടുത്തുകൊടുത്തു.അവരെന്റെ മടക്കിവെച്ച കിടക്കയില് തലചായ്ച്, കട്ടിലില്
കാല് നീട്ടി വെച്ചു.പതിയെ കണ്ണുകളടച്ചു.കുറച്ചു നേരം ഞാനവരെ
നോക്കിനിന്നു.പിന്നെ വാതില്‍ ചാരി പുറത്തിറങ്ങി.

ഗ്രില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ വെയില്‍ താഴാന്‍
തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറ്റിയില്‍ കൂടണയാനുള്ള പക്ഷികളുടെ തിരക്ക്
തുടങ്ങിയിട്ടില്ല.വെറുതെ ഒന്നുകൂടി മുറിയുടെ വാതില്‍ തുറന്നു
നോക്കി.അവര്‍ നല്ല മയക്കത്തിലാണ്.എന്തായാലും എന്നെക്കാള്‍
പ്രായമുണ്ട്.അവരെപോലെ ഒരാളാണ്` ഇവിടെ വേണ്ടത്.ഇത്രയും
കുമ്പസാരരഹസ്യങ്ങള്‍ നെഞ്ചില് കാത്തുവെക്കേണ്ടതല്ലെ.യാതൊരു
പരിചയവുമില്ലാത്ത കാലത്താണ്` ഇതെന്റെ തലയില് വന്നത്.ആരും
പറഞ്ഞിട്ടല്ല.ആരും അറിഞ്ഞിട്ടുമല്ല.എങ്ങിനെയോ ഈ കുമ്പസാരകൂടുകളുടെ
കാവല്ക്കാരിയായ്. ഒപ്പം സ്വന്തം രഹസ്യങ്ങള്‍ ആരോടും പറയാനാവാതെ വിങ്ങി
നീറുവാനും.നീണ്ട നാലുവര്‍ഷങ്ങള്‍. അതൊരു നിയോഗമാവാം.അപൂര്‍‌വ്വമായ്
മാത്രം കിട്ടുന്ന നിയോഗം.

"ഞാന് ഒന്നു മയങ്ങിപോയി....യാത്രയുടെ ക്ഷീണം"

അവര് അടുത്തുവന്നപ്പോള്‍ മാത്രമാണ്` ഞാനറിഞ്ഞത്.

"ദാ.. അവിടെയാണ്` ബാത്റൂമും വാഷ് ബേയ്സിനുമെല്ലാം.പോയി ഒന്നു ഫ്രെഷ്
ആയിക്കോളൂ.എന്നിട്ട് കാപ്പികിടിക്കാം"

കാപ്പികുടിക്കുമ്പോള്‍ ഞാന് മനസ്സില് കൂട്ടികിഴിക്കുകയായിരുന്നു.എവിടെയാ
പറഞ്ഞുതുടങ്ങേണ്ടതെന്ന്`.

"ഞാന് പലരില്‍‌ നിന്നും കേട്ടിട്ടുണ്ട്.ഇവിടത്തെ കുറിച്ച്. ഈ
നഗരത്തിലേക്കുള്ള എന്റെ നാലാമത്തെ വരവാണ്`.മുമ്പ് മൂന്നു തവണയും വേറെ
ഇടങ്ങളില്‍‌ ആയിരുന്നു താമസം .പറഞ്ഞു കേട്ടതില്‍ നിന്നുണ്ടായ ഒരു കൌതുകം.
അതാണെന്നെ ഇത്തവണ നാലാം നിലയിലേക്കെത്തിച്ചത്".

നേരിയ നിശബ്ദതക്കു ശേഷം അവര് ചോദിച്ചു

"എനിക്ക് മുമ്പ് ഈ കട്ടിലില്‍ ആരായിരുന്നു?"

ഞാന്‍ അറിയാതെ ഒന്ന് ഞെട്ടി.എന്റെ മറുപടി കിട്ടാത്തതിനാലാവാം അവര്‍
ചോദ്യം ആവര്‍ത്തിച്ചു.

അവള് കാന്‍ഡിഡ.പെയ്ന്റിംഗ് പഠിക്കാന്‍ വന്നതായിരുന്നു.വളരെ ക്രിയേറ്റീവ്
ആണ്.ഭര്‍ത്താവിന്റെ ക്രിയേറ്റിവിറ്റി കൂടിയപ്പോള്‍ അവളൊരു
അമ്മയായി.ഇന്നലെയാണ്` അവള്‍ക്കൊരു വാവയുണ്ടായത്".

എത്ര ശ്രമിച്ചിട്ടും ചുണ്ടില്‍ ഒരു ചിരിവരുത്താനുള്ള എന്റെ ശ്രമം ശരിയായില്ല.
പുതിയ പൂക്കള്‍ തേടിനടക്കുന്ന ഒരു വണ്ടാണ്` അവളുടെ കണവനെന്ന് എങ്ങിനെ
പറയാന്‍. അവള്‍ പറന്നുപോവുമോ എന്ന് തോന്നിയപ്പോള്‍ എറിഞ്ഞു കുടുക്കിയ ഒരു
ചങ്ങലമാത്രമാണ്` ആ കുഞ്ഞെന്ന് എങ്ങിനെ കൂട്ടിചേര്‍‌ക്കാന്‍.
പൊട്ടിച്ചിരിച്ച് ബഹളം വെക്കുമ്പോള്‍ ആരും കാണാതെ ഒളിപ്പിച്ചുവെച്ച
അവളുടെ കുഞ്ഞുസ്വപ്നങ്ങളെ എങ്ങിനെ തുറന്നുകാണിക്കാന്‍ .ഇന്നും അവളെ
കാത്തിരിക്കുന്ന പഴയ കൂട്ടുകാരനോട് അവള്‍ അറിയാതെ അടുത്തുപോവുന്നോ എന്ന
എന്റെ സംശയം ആരോട് പങ്കുവെക്കാന്‍. നിറവയറുമായ് എന്നെ കാണാനെന്ന് പറഞ്ഞ്
അവള്‍ ഇറങ്ങിയത് അവനെ കാണാനായിരുന്നെന്ന സത്യം ഞങ്ങളുടെ മാത്രം സ്വന്തം.
ഏന്റെ ചുണ്ടില്‍ ഉമ്മവെച്ച് ഇത്പോലൊരെണ്ണം എനിക്ക് കിട്ടിയെന്ന്
കള്ളചിരിയോടെ പറഞ്ഞത്, അതെന്റെ ഏതോ സ്വപ്നം മാത്രമായിരുന്നിരിക്കണം .

അപ്പുറത്തെ മുറി തുറക്കുന്ന ശബ്ദം. ഞങ്ങള്‍ പുറത്തിറങ്ങി.

"ഇത് രതീദേവി.. സെയില്സ് ടാക്സ് ഓഫീസര്‍. മലബാറില് നിന്നാണ്."
ബാക്കി പരിചയപ്പെടല് അവര്‍ക്കായ് വിട്ടുകൊടുത്തു.

ദൈവമേ .. ഇവര്‍ രതിയോട് എന്തു ചോദിക്കുമോ ആവോ? ആതെ.. അവര്‍ അതു
തന്നെയാണ്` ചോദിച്ചത്.

"കല്ല്യാണം കഴിച്ചതാണോ മലബാറില്‍?സ്വന്തം വീട് എവിടെയാ?"

സ്വതവേ ദേഷ്യം നിറഞ്ഞ അവളുടെ മുഖം ചുവന്നു തുടുത്തു.

"ഞാന് മാരീഡ് അല്ല"

പിന്നെ വേഗം വാതില് ചവിട്ടിതുറന്ന് റൂമില് കയറി.

സാധാരണ പെണ്‍കുട്ടികളുടെ കല്ല്യാണം നടത്താന്‍ വീട്ടുകാര് ആണല്ലോ
മുന്നിട്ടിറങ്ങുന്നത്. രതിയുടെ കാര്യത്തില്‍ നേരെ
തിരിച്ചായിരുന്നു.ജോലികിട്ടിയപ്പോള്‍ തന്നെ അവള്‍ കല്ല്യാണത്തിനായ്
ഒരുക്കങ്ങള്‍ തുടങ്ങി.പത്രത്തിലും ബ്യൂറോയിലും എല്ലാം പരസ്യം കൊടുത്തതും
വരുന്ന മറുപടികള്‍ക്കെല്ലാം അന്വേഷണം നടത്താന്‍ മുന്നിട്ടിറങ്ങിയതും അവള്
തന്നെയായിരുന്നു.ഇരുപത്തിരണ്ട് വയസ്സില് കാര്യമായി അന്വേഷിക്കാന്‍
തുടങ്ങിയത് ഫലപ്രാപ്തിയിലെത്തിയത് മുപ്പത്തിരണ്ടില് ആണെന്നു
മാത്രം.പിന്നെ ദിവസങ്ങളുടെ ദൈര്ഘ്യത്തില് അത് മുറിഞ്ഞുവീണെന്ന് അറിയാം
.എങ്ങിനെയെന്നത് അറിയാവുന്നവരാരും ചോദിക്കാറില്ല.അയാള് എവിടെയെന്ന്
ആര്ക്കും അറിയില്ല.അയാള്‍ വീണ്ടും കെട്ടിയതും അതും പിരിഞ്ഞതും വേറൊരു
സത്യം .നാട്ടില്‍‌ നിന്നും നഗരത്തിലേക്കൊരു സ്ഥലം മാറ്റം.പുതിയ സ്ഥലത്ത്
പുതിയൊരു പരിവേഷം.ഒരു പുരുഷവിരോധിയായി.

രതി ആഞ്ഞടച്ച വാതില്‍ കണ്ട് അവരൊന്ന് പതറിയെന്ന് തോന്നുന്നു.അരുത്,
തളരരുത്.. എന്ന് പറയാന് തോന്നി.

മഞ്ജു ഉടയാത്ത കോട്ടന്‍ ചുരിദാറും മായാത്ത് ലിപ്സ്റ്റിക്കുമായി നേരിയ
സുഗന്ധത്തോടെ പടികള്‍ കേറിയെത്തി.

"ഇത് മഞ്ജു.ഗള്‍ഫില്‍ നിന്ന് എണ്ണപ്പണം വാരാന്‍ പറക്കാന്‍ തയ്യാറായി
ഇരിക്കുന്നു. കെട്ടിയവന്‍ വിസ അയക്കും വരെ ഇവിടെ ഇംഗ്ലീഷ് പഠിത്തവും
ചില്ലറ തരികിടയും .. "

അവളുടെ കിലുകിലാച്ചിരി അവര്‍‌ക്ക് ഒത്തിരിപിടിച്ചെന്ന് തോന്നുന്നു.ഒരു
നാട്ടുകാരായതോണ്ടാവാം അവരുടെ സംസാരം ഒരുപാട് നീണ്ടുപോയി.

ഇവളൊരു കള്ളിപ്പൂച്ചയാണെന്നാ എല്ലാരും പറയുന്നെ.പക്ഷെ ഇവള്‍
കുമ്പസാരിക്കാന്‍ വന്നപ്പോഴൊന്നും ഞാന് ചെവികൊടുത്തില്ല.എന്തോ അത്
എനിക്ക് തങ്ങാനാവുന്നതില്‍ അപ്പുറമാണെന്ന് ഒരു തോന്നല്.എന്തായാലും
കാന്ഡിഡക്ക് അറിയാമായിരിക്കും.അവള് പോയ അന്നാണ്` മഞ്ജുഎന്റെ അടുത്ത്
വന്ന് കരഞ്ഞത്. പക്ഷെ അന്നും എന്താണ് അവളുടെ രഹസ്യമെന്ന് ചോദിക്കാന്‍
എനിക്ക് കഴിഞ്ഞില്ല.സമയമാവുമ്പോള്‍ അവള്‍ പറയും അന്ന് അത് കേള്‍ക്കാനുള്ള
മനക്കരുത്ത് എനിക്കുമുണ്ടാവും.എന്തായാലും അതൊരു കുമ്പസാരരഹസ്യമല്ലെ!

മഞ്ജുവിന്റെ റൂമിലേക്ക് സിന്ധു വന്നത് പുതിയ ജോലിയുടെ സന്തോഷത്തിലായിരുന്നു.

"സിന്ധു ഒരു മരഞ്ചാടിയാണ്. ഓരോ പുതിയ ഓഫര്‍ കിട്ടുമ്പോഴും അവള്‍ ജോലി
മാറികൊണ്ടിരിക്കും"

ഒരു തുറന്ന പുസ്തകം എന്ന് കൂട്ടിചേര്‍ക്കാന്‍ തോന്നി.മനസ്സില്‍ ഒരു
പ്രണയത്തിന്റെ കനല് കെടാതെ സൂക്ഷിക്കുന്നവള്‍. ഒരേ സമയം അതൊരു
തമാശയെന്നും ഒന്നുകൂടി ചോദിച്ചാല്‍ കാര്യമായിട്ടാണെന്നും പറയുന്നവള്‍.
ഒരുപാട് ആലോചിച്ച് നടത്തിയ ചേച്ചിയുടെ വിവാഹം വര്‍ഷങ്ങള്ക്കുശേഷം
തകര്‍ന്നതിന്റെ വിഷമം പറഞ്ഞുതീര്‍ക്കുന്നവള്‍. അമ്മയുടെ മടിയില്
തലവെച്ചുറങ്ങിയാല് എല്ലാ വേദനയും മറക്കാന്‍ കഴിയുന്ന ഭാഗ്യവതി.

"വേഗം വാ… ഇന്ന് ലിസ്സിചേച്ചിയുടെ റുമില് തീറ്റമല്‍‌സരം ..ബോണസ്സ്
കിട്ടിയതിന്റെ ചിലവ്." .. വിളിക്കുന്നത് ആരായാലും അത് എല്ലാര്‍‌ക്കും
കൂടെയാണ്‍..

സമയം ഏഴു മണി.ഇത് ഒത്തുകൂടലിന്റെ സമയമാണ്.രാവിലെ ഇറങ്ങിപോവുന്നവരെല്ലാം
കൂടണഞ്ഞിരിക്കുന്നു.അന്നന്നത്തെ വിശേഷങ്ങളും വിഷമങ്ങളും എല്ലാം
കെട്ടഴിക്കുന്നു.

ഏല്ലാവരും നിരന്നു കഴിഞ്ഞപ്പോള്‍ അവര് ഓരോരുത്തരേയും സസൂക്ഷ്മം
നോക്കുന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.എല്ലാവരുടെയും ശ്രദ്ധ മുന്നില്
കഴിക്കാന്‍ നിരത്തിയ സാധനങ്ങളില് ആയതിനാല്‍ മറ്റാരും അതു
ശ്രദ്ധിച്ചില്ല.ബഹളം വെച്ചുകൊണ്ടുള്ള ഭക്ഷണം കഴിക്കല്
പരിചിതമല്ലാത്തതോണ്ടാവാം അവര് ഓരോന്നും എടുത്ത് കഴിച്ചെന്ന് വരുത്തി.

"ചേച്ചി ഇങ്ങിനെ മാറി ഇരുന്നാല് ഒന്നും കിട്ടില്ലാട്ടോ"

മിനു വിരല് നക്കിതുടക്കുന്നതിനിടയില് പറഞ്ഞു.

"ഇവള്‍ മിനു....ഇക്കൂട്ടത്തില്‍ പെട്ടതല്ല..സി എ ചെയ്യുന്നു.ഞങ്ങള്
പറഞ്ഞുവിട്ടതാണ് സ്റ്റുഡെന്റ്സ് ബ്ലോക്കിലേക്ക്.എന്നാലും
തിന്നാനുണ്ടെന്ന് കേട്ടാല്‍ ഇവിടെത്തും"

അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടോ? ഏനിക്ക് വെറുതെ
തോന്നിയതാണ്.അല്ലെങ്കിലും ഒരു കുടുംബത്തിന്റെ ആശ്രയം താനാണെന്ന്
ഓര്‍‌ക്കുമ്പോള്‍ കരയാന്‍ എവിടെ നേരം .അതിനേക്കാള്‍ ഏതൊരു
തീരുമാനത്തിനും ഏറ്റവും വലിയ വിലങ്ങുതടി തന്റെ ഭാവിയും, താന്‍ പെണ്ണായി
പോയതുമാണെന്ന തിരിച്ചറിവ്..എന്നിട്ടും അവള്
ചിരിക്കുന്നില്ലെ?മറുലോകത്തിരുന്ന് അവളുടെ പപ്പ അവള്‍ക്ക്
കരുത്താവും..മിനു പറഞ്ഞതില്‍ നിന്നും പറയാത്തത് വായിച്ചെടുക്കാനൊരു
ശ്രമം.അതാണ് അവള്‍ കുമ്പസാരിക്കാത്ത രഹസ്യം.

ബഹളത്തിനിടയില്‍ മുറിയില്‍ ഫോണ്‍ അടിക്കുന്നത് കേട്ടില്ല. നോക്കിയപ്പോള്‍
ഒരേ നമ്പറില്‍ നിന്ന്‍ അഞ്ചു മിസ്സ്കാള്‍ ..

തിരിച്ചു വിളിക്കുമ്പോ‍ള്‍ ഏതോ തിരക്കില്‍ ആയിരുന്നു അവള്‍ . പറയുന്നത്
പകുതി പോലും കേള്‍ക്കുന്നില്ലായിരുന്നു ...

"നാളെ ഞാന്‍ വരും ... വിളിച്ചു പറഞ്ഞിട്ടുണ്ട്.. കുറച്ചുനാള്‍ എനിക്ക്
മാറിനില്‍ക്കാതെ വയ്യ"

"ഉം ...എപ്പൊഴാ വരിക .. എന്റെ റൂമില്‍ വേറെ ആളുവന്നു.."

"അയ്യോ .. ഞാന്‍ ചേച്ചിയെ കാണാനാ വരുന്നത് "

"സാരമില്ല.. നീ വായൊ.. "

ഇത് മിറിയം .. മാവേലിയെ പോലെ ഇടക്കിടക്ക് വന്നു പോവുന്നവള്‍ .. അവള്‍ക്കു
ഇത് ഒരു ഒളിത്താവളമാണ്‍. പ്രണയവിവാഹത്തിന്റെ ചൂടുതീര്‍ന്നപ്പോള്‍ അപ്പയും
അമ്മയും പാമ്പും കീരിയും ... അനിയത്തി ഒരു അധികപറ്റെന്ന ചിന്തയില്‍
ചേട്ടനും. സ്വന്തം വിഷമങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായപ്പോള്‍
നടന്നുപോയ വഴികള്‍ ഒരുപാട് തെറ്റിപ്പോയി...വീട്ടുകാര്‍ തന്നെ
കെട്ടിച്ചുവിട്ടു ഭാരം തീര്‍ക്കാന്‍ ഇരിക്കാണെന്ന് അറിഞ്ഞപ്പോള്‍
പതിനെട്ടാം വയസ്സില്‍ അന്യമതക്കാരനുമായി റെജിസ്റ്റര്‍ മാര്യേജ്. ബോധം
വന്നപ്പോല്‍ അതില്‍ നിന്നും പുറത്തുകടക്കാനൊരു ശ്രമം .. എന്താണാവോ അവള്‍
പറയാന്‍ വരുന്നത്.. ഒരിക്കലും നല്ല വാര്‍‌ത്ത ആവാന്‍ ഇടയില്ല.

മെസ്സില്‍ വെച്ചാ‍ണ്‍ ലിസ് നെ കണ്ടത്..ഇത്ര വൈകിയാണോ ഇവള്‍ വരുന്നത്?
റൂമില്‍ പോയി പാത്രം എടുത്തുവരാന്‍ മടിച്ച് എല്ലാവരുടെയും കൂടെ കൂടി
അവള്‍ കഴിച്ചു. അവളുടെ അട്ടഹാസ ചിരികളും ആര്‍‌പ്പുവിളികളും
ഉയര്‍ന്നില്ലെന്ന് മാത്രം .. കൈകഴുകുമ്പോള്‍ അവള്‍ പറഞ്ഞു..

"ഞാന്‍ നാളേ പോവാണ്‍"

"എങ്ങോട്ട്..?"

"വെക്കേറ്റ് ചെയ്യാണ്‍..വീട്ടില്‍ പോവുന്നു"

പുറകെ വന്നവര്‍ക്ക് വഴികൊടുത്ത് മുറ്റത്തെ മരത്തിന്‍ ചുവട്ടില്‍ പോയിരുന്നു "

"അനിയന്റെ കല്ല്യാണമാണ്.."

"അനിയന്റെയോ ..? അവന് 22 വയസ്സലെ ആയുള്ളു"

ഒരു അവിവാഹിത അനിയന്റെ കല്ല്യാണത്തെ കുറിച്ച് പറയേണ്ടി വരുന്നതിന്റെ സകല
പകപ്പുകളും ആ നേരിയ വെളിച്ചത്തിലും ഞാനവളുടെ മുഖത്ത് വായിച്ചെടുത്തു..

"അവന് ഒരു കുട്ടിയെ ഇഷ്ടാണ്‍.."

"അപ്പോള്‍ നിന്റെ കാര്യം .."

ഇപ്പോള്‍ അവള്‍ അട്ടഹസിച്ച് ചിരിക്കുകയാണ്..എനിക്കറിയാം വെളിച്ചത്തിന്
പുറം തിരിഞ്ഞിരിക്കുന്ന അവളുടെ കണ്ണൂകള്‍ നിറയുന്നുണ്ടെന്ന്..

"റിസര്‍ച്ച് തിസീസ് കൊടുക്കാനല്ലെ ഉള്ളു .. സ്കൂളില്‍ ഇനി എക്സാം ആണല്ലോ
.. അടുത്ത ജുണില്‍ നാട്ടില്‍ എവിടേലും നോക്കാം "

എന്താണ്‍ രഹസ്യം എന്ന് ചോദിച്ചു വന്നവരോടെല്ലാം തന്റെ ഗവേഷണം
ഫലപ്രാപ്തിയില്‍ എത്തിയ സന്തോഷവും അതുകൊണ്ട് താന്‍ വീട്ടിലേക്ക്
തിരിച്ചുപോവുകയാണെന്ന വിശേഷവും അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

താന്‍ വയസ്സായ അമ്മക്ക് കാവല്‍ക്കാരിയായ് ആ പഴയ വീട്ടില്‍ എന്നേക്കുമായ്
അടക്കപെടാന്‍ പോവുകയാണെന്ന് അവള്‍ ആരോടും പറഞ്ഞില്ല. സ്വന്തം വഴിതേടി പോയ
സഹോദരങ്ങള്‍ മറന്നുപോയ പെങ്ങളുടെ അങ്കലാപ്പുകള്‍ പങ്കുവെച്ചതുമില്ല..

യാത്രയുടെ ക്ഷീണം കാരണം അവര്‍ നേരത്തെ കിടക്കാനുള്ള തയ്യാറെടുപ്പില്‍
ആയിരുന്നു.അപ്പൊഴാണ് ജയന്തി വന്നത്.. പാതി ചാരിയ വായിലിലൂടെ നോക്കി അവള്‍
പതിയെ പറഞ്ഞു.

"ഉറങ്ങല്ലെ... ഞാന്‍ ജോലി തീര്‍ത്ത് വരാം "

"ശരി .. പോയി വാ.."

പുതപ്പ് വലിച്ചിട്ട് ചെരിഞ്ഞു കിടന്ന അവര്‍ ചോദിച്ചു

"ആ കുട്ടിയും നാലാം നിലയിലെ ആണോ..?"

"അല്ല .. താഴെ മെസ്സിലെയാണ്"

ഞാന്‍ കിടക്ക തട്ടികുടഞ്ഞു വിരിച്ചു.. കൂടുതല്‍ ചോദിക്കരുതേ എന്ന്
പ്രാര്‍ത്ഥിച്ചു.. തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ കണ്ണടച്ചു കിടക്കുകയാണ്.
പിന്നെയും കുറെ കഴിഞ്ഞാണ് ജയന്തി വന്നത്. കുറച്ചു നേരം മിണ്ടാതിരുന്നു.

"കൊച്ചുമോള്‍ ചേച്ചി എന്നെ പിഴച്ചവള്‍ എന്ന് വിളിച്ചു" ..പിന്നെ ഒരു
പൊട്ടിക്കരച്ചിലായിരുന്നു..

"എന്താ മോളു .. സാരമില്ല.. അവര്‍ക്ക് വിവരമില്ലാഞ്ഞിട്ടല്ലെ"

അമ്മ മറ്റൊരാളുടെ കൂടെ പോയെന്നറിയുന്ന ഒരു പതിനാറുകാരിയുടെ സങ്കടം
മുഴുവന്‍ അവള്‍ കരഞ്ഞു തീര്‍ത്തു..ജീവിതം ആഘോഷിക്കേണ്ട പ്രായത്തില്
അനിയനെയും അനിയത്തിയെയും പഠിപ്പിക്കാന്‍ ഒരു അടുക്കളയില്‍ കിടന്നു
പുകയേണ്ടി വരുന്നതിന്റെ വിഷമം .. ദിവസം തോറും ക്ഷയിച്ചു വരുന്ന അച്ഛന്റെ
ആരോഗ്യം ..സ്വന്തമായി കിടപ്പാടം പോലുമില്ലാതെ അമ്മയുണ്ടാക്കിയ
ചീത്തപേരുമായ് എന്തുചെയ്യുമെന്നറിയാതെ ..പാവം ...

"പതിനൊന്നടിക്കുന്നു .. ചെല്ല്.. ഇല്ലെങ്കില്‍ നീ വര്‍ത്തമാനം
പറഞ്ഞിരിക്കാന്ന് പറയും "
ഇറങ്ങിപോയ അവള്‍ തിരിച്ചു വന്ന് പറഞ്ഞു.

"നാളെ ചിങ്ങം ഒന്നാണ്‍...രാവിലെ ചേച്ചി എനിക്ക് കൈനീട്ടം തരണം ട്ടൊ.."

അവള്‍ പോയി കഴിഞ്ഞാണ് ഓര്‍‌ത്തത് .. കൈയില്‍ ആകെ ഉള്ളത് ആരും ഏടുക്കാതെ
കിടക്കുന്ന ഒരു ഇരുപത് പൈസ തുട്ടു മാത്രം..

കിടന്നിട്ട് ഉറക്കം വരുന്നില്ല ... നാളേ അവരോട് എന്നെ കുറിച്ച് പറയണം ..
ഞാനിവിടം വിടാറായെന്ന് ഉള്ളിലൊരു തോന്നല്‍ .. ഒരു വിങ്ങല്‍ പോലെ..

വൈകി ഉറങ്ങിയതോണ്ടാവാം ഉണാര്‍ന്നപ്പോള്‍ സൂര്യന്‍
ഉദിച്ചുയര്‍ന്നിരിക്കുന്നു..പെട്ടന്നാണ്‍ അവരെ കുറിച്ച് ഓര്‍ത്തത്.
കിടക്ക മടക്കി വെച്ചിരിക്കുന്നു. വാതില്‍ തുറന്ന് അവര്‍ കയറിവന്നത് ഒരു
യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു.

"ഞാന്‍ പോവാണ്... എന്തോ കിടന്നിട്ട് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു ..
ആരൊക്കെയോ വന്ന് എന്നോട് സങ്കടം പറഞ്ഞ് കരയുന്നു "

"രാത്രി ഞാന്‍ ഒത്തിരി തവണ ഉണര്‍‌ന്നു ..കണ്ണടച്ചാല്‍ കരയുന്ന മുഖങ്ങള്‍
തെളിഞ്ഞു വരും "

ഞാന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വരുത്താന്‍ ഒരു ശ്രമം നടത്തി. പക്ഷെ വെറുതെ
ആയിരുന്നു.

അവര്‍ ബാഗെല്ലാം എടുത്തു വെച്ചു.. യാത്രപോലും പറയാതെ പടികള്‍ ഇറങ്ങി.

ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അവര്‍ ഗേയ്റ്റ് കടന്ന്
റോഡിലെത്തിയിരിക്കുന്നു.അങ്ങിനെ അവരും പോയി. ഇനി ആരായിരിക്കും വരുന്നത്.
അതോ ഒരിക്കലും വരാത്ത ആരെയോ കാത്ത്, ഞാന്‍ ഈ ജനലഴികളില്‍ കണ്‍
നട്ടിരിക്കുമൊ?