Tuesday, December 19, 2006

സുഹൃത്തിനെ ആവശ്യമുണ്ട്...

സുഹൃത്തിനെ ആവശ്യമുണ്ട്...

അഞ്ച് മാസത്തെ പരിചയത്തിനിടയില്‍ ആറാമത്തെ തവണയാണ്‌ ഞാന്‍ ഇന്ന് അവനെ കാണുന്നത്. ഞാന്‍ എന്റെ മുറിയില്‍ തിരിച്ചെത്തിയതിനു ശേഷം ജോലിതിരക്കിനിടയിലും അവന്‍ എന്നെ 6 തവണ വിളിച്ചു കഴിഞ്ഞിരിക്കുന്നു. അതും വെറും അറുപതു നിമിഷങ്ങള്‍ക്കുള്ളില്‍ .. 6 ഒരു നിര്‍ഭാഗ്യസംഖ്യയാണെന്ന് അവനോട് ഞാന്‍ പറഞ്ഞപ്പോള്‍ എന്തിനാവാം അവന്‍ മിണ്ടാതിരുന്നത്. ... ആ. .. അതെന്തിനോ ആവട്ടെ...എന്റെ പ്രശ്നം അവനോ ആറോ ഒന്നും അല്ല.. ഒരു സുഹൃത്താണ്.. എനിക്കൊരു സുഹൃത്തിനെ വേണം ..

ഇത് കേട്ട് നിങ്ങള്ക്ക് എന്തു തോന്നുന്നു... മിക്കവാറും ഇങ്ങനെ ആവും .."ഇതിന്‌ അരപ്പിരി ലൂസ് തന്നെ"...അരപ്പിരി അല്ല മുഴുപ്പിരി തന്നെ ആണോ എന്നാ എന്റെ സംശയം .. ആ... അപ്പൊ പറഞ്ഞുവന്നത്.. എനിക്കൊരു സുഹൃത്തിനെ വേണം .. അല്ലെങ്കില്‍ തന്നെ ഭൂമിമലയാളം മുഴുവന്‍ സുഹൃത്തുക്കള്‍ ഉള്ള (ഞാന്‍ പറഞ്ഞതല്ല.... എന്റെ വീട്ടുകാരുടെ കണ്ടൂപിടുത്തം) എനിക്കെന്തിനാ പുതിയൊരു സുഹൃത്ത് എന്നല്ലെ... ഈ സൌഹൃദം എന്ന് പറയുന്നത് എന്താണെന്ന് ..എങ്ങിനെ നിര്‍വചിക്കണമെന്ന് എനിക്ക് വലിയ പിടിയൊന്നും ഇല്ല.. എന്നാലും ഒരു സുഹൃത്തിനെ വേണം.

ഈ കല്ല്യാണപരസ്യത്തില്‍ ഒക്കെ പറയും പോലെ, സുന്ദരിയും(നും),സുശീലയും(നും),തറവാട്ടില്‍ (ആസ്പത്രിയില്‍?) പിറന്ന, വിദ്യാഭ്യാസമുള്ള(?), ജോലിയുള്ള(ഇല്ലെങ്കില്‍ എന്റെ പോക്കറ്റ് കാലിയാവും) പാടാനും ആടാനും വരക്കാനും എഴുതാനും (അതുവേണോ?) ദൈവഭയമുള്ള...അമ്മോ... നിങ്ങള്‍ ഞാന്‍ പറയുന്നതൊന്നു കേള്ക്ക്.. ഇങ്ങിനെ ഒരു പെണ്ണിനെ അല്ലെങ്കില്‍ ആണിനെ സുഹൃത്തായി വേണമെന്ന് ഞാന്‍ പറയുന്നില്ല....അടുത്തതും അകന്നതും കറുത്തതും വെളുത്തതും ആണും പെണ്ണും അങ്ങിനെ വേര്‍ത്തിരിച്ചും തിരിക്കാതെയും ഒക്കെയായി എനിക്കൊരു 50-100 നുമിടയില്‍ സുഹൃത്തുക്കള്‍ ഉണ്ടെന്നാണ്` കനേഷുകുമാരി കണക്ക്.... കോട്ടയത്തെത്ര മത്തായിമാര്‍ ഉണ്ടെന്ന് ചോദിച്ചപോലെ കൃത്യമായി പറയാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അതില്‍ പുതുവര്‍ഷത്തിനോ പിറന്നാളിനോ ഒരു വിളിയില്‍ ഹാജര്‍ വെക്കുന്നവര്‍ മുതല്‍ ദിവസത്തില്‍ ചുരുങ്ങിയത് നാലുതവണയെങ്കിലും എന്റെ കിളിമൊഴി കേള്ക്കാന്‍ കൊതിക്കുന്നവര്‍വരെ ഉണ്ട്... ദേ.. വീണ്ടും വഴിമാറുന്നു.. ഞാന്‍ പറഞ്ഞു വന്നത്..എനിക്കൊരു സുഹൃത്തിനെ വേണം.... പുതുതായി ഒരെണ്ണം വേണമെന്നു തോന്നിയാല്‍ ഇതുവരെ ഉണ്ടായിരുന്നതിനും, ഇപ്പോള്‍ ഉള്ളതിനും എന്തോ കുറ്റവും കുറവും ഒക്കെ ഉണ്ടല്ലോ..അല്ലെ?

എന്റെ മുറിയുടെ വാതില്‍ അടച്ചാല്‍ പുറംലോകവുമായുള്ള ഏകബന്ധം പടിഞ്ഞാറോട്ട് തുറക്കുന്ന ഈ ഒറ്റപ്പാളി ജനല്‍ മാത്രമാണ്... രാവിലെ ഒരു കട്ടന്‍ കാപ്പിയുമായ് താഴെ റോഡിലൂടെ പോവുന്ന മീന്‍കാരനെയും പാല്‍കാരിയെയും ഒക്കെ (വായില്‍) നോക്കിയിരിക്കുമ്പോള്‍ , ഞാനെന്റെ പഴയ സുഹൃത്തുക്കളുടെ കണക്കെടുക്കാനുള്ള ശ്രമത്തില്‍ ആണ്.അനാദിയായ് അനന്തമായ് കിടക്കുന്ന കാലത്തിനൊഴിച്ച് മറ്റെന്തിനും ഒരു തുടക്കമുണ്ടല്ലോ? അപ്പോള്‍ എന്റെ സൌഹൃദത്തിന്റെ ചരിത്രം തുടങ്ങുന്നത് എവിടെനിന്നാവാം .. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സര്‍പ്പക്കാവില്‍ കൊട്ടപ്പഴം പറിക്കന്‍ കൂട്ടുവന്നിരുന്ന ദാസനില്‍ നിന്നോ... അതോ അതിനും മുമ്പെ മണ്ണപ്പം ചുട്ടുകളിക്കാന്‍ കൂടിയ അയലത്തെ വീട്ടിലെ സുജയില്‍ നിന്നോ? പരസ്പരം ഒന്നും മറച്ചുവെക്കാനില്ലാത്തവരാണ്‌ സുഹൃത്തുക്കള്‍ എന്നു പറഞ്ഞാല്‍, ശരിയാണ്, അവരൊക്കെ തന്നെ എന്റെ ആദ്യ സുഹൃത്തുക്കള്‍. പക്ഷെ, സൌഹൃദത്തിന്റെ അലിഖിതനിയമമായ പങ്കുവെക്കലില്‍ എനിക്ക് നല്കാന്‍ സന്തോഷങ്ങളെ ഉണ്ടായിരുന്നുള്ളു... വേദനകള്‍ എന്നു പറയാന്‍ ഗോലിയേറ്റു വീര്‍ത്ത കൈവിരലുകളും പേരമരത്തില്‍ നിന്ന് വീണ്‌ തൊലിപോയ കാല്‍വണ്ണകളും മാത്രം. ..പക്ഷെ, ദാസനെക്കാള്‍ മുമ്പെ അമ്പലക്കുളത്തില്‍ അക്കര ഇക്കരെ തൊട്ട് വന്ന എന്നെ അവനെന്തിനാ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചത്?എനിക്ക് ഒത്തിരി ഇഷ്ടമാണെന്നറിഞ്ഞിട്ടും സുജ എന്തിനാ എനിക്ക് തരാതെ എന്റെ മുന്നില്‍ വെച്ച് വറുത്ത പുളിങ്കുരു തിന്നത്.. ...ആ ദാസനിന്നു കാശ്മീരിലെ തണുപ്പില്‍ രാജ്യത്തിന്റെ അതിര്ത്തികള്‍ കാക്കുന്നു. .. സുജ കോയമ്പത്തൂരില്‍ ഭര്ത്താവിന്റെ ചായകടയിലെ കൂലിയില്ലാത്ത തൊഴിലാളി.....

സ്കൂളും വീടും ഒരു റോഡിന്റെ ഇരുപുറവും ആയതുകൊണ്ടാവാം ആ നാട്ടിന്‍ പുറത്തെ ഒരു സാധാരണ സ്കൂളില്‍ എനിക്ക് കിട്ടിയ കൂട്ടുകാര്‍ എന്റെ നാട്ടുകാരും അയല്‍വാസികളും ഒക്കെ തന്നെ..അപ്പോള്‍ അവിടത്തെ പരിചയങ്ങള്‍ ഒന്നും പുതിയൊരു സൌഹൃദമായിരുന്നില്ല.. പിന്നെ സൌഹൃദമെന്നും സുഹൃത്തെന്നും പേരിട്ടു വിളിക്കാന്‍ മാത്രം അറിവില്ലാത്തോണ്ടുമാവാം .പക്ഷെ അതില്‍ പലരും ഇന്നു നാടിന്റെ വിവിധഭാഗങ്ങളില്‍ ആണെങ്കിലും ഇന്നും നാട്ടില്‍ ഒത്തുകൂടുമ്പോള്‍ ..അതൊരു ആഘോഷം തന്നെ....

കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും ജോലിയും വീട്ടിലെ കാറും (കാര്‍ പോയിട്ട് ഒരു സൈക്കിള്‍ പോലും ഇല്ല എന്റെ വീട്ടില്‍ ) ബാങ്ക് ബാലന്സും ഒക്കെ കണക്കാക്കണമെന്ന് അറിഞ്ഞത് പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ ആണ്. വിവിധ പേരുകളില്‍ സംഭാവനക്ക് കൈനീട്ടിനില്ക്കുന്ന കോളേജ് അധികൃതര്‍ കൂടിയായപ്പോള്‍ സംഗതി കുശാല്‍.. രണ്ടുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞു വീട്ടില്‍ ഒരു യുദ്ധം നടത്തി തൊട്ടടുത്ത മിക്സെഡ് കോളേജില്‍ പോവുമ്പോള്‍ ഓര്‍മവെക്കാന്‍ ഒരു സുഹൃത്ത്... ഒരു പാവം സ്കൂള്‍ വാദ്ധ്യാരുടെ മകള്‍...ആ വയനാട്ടുകാരി ഇന്നും എന്റെ അടുത്ത കൂട്ടു തന്നെ...

ആണ്‍പെണ്‍ സൌഹൃദങ്ങളുടെ വിശാലമായ ലോകം തന്നെ യായിരുന്നു ഡിഗ്രി കാലഘട്ടം ... പാവുട്ട തണലുകളിലെ കവിയരങ്ങുകളും സമരദിനങ്ങളിലെ സിനിമകളും ... പിന്നെ യാത്രകളും .. ഇന്നും പലരും പലവഴിയെ എങ്കിലും വിളിച്ചാല്‍ വിളിപ്പുറത്തു കിട്ടുമെന്ന ഉറപ്പുള്ള ചിലര്‍.. ജോലിയും കുടുംബവുമൊക്കെ പകുത്തെടുക്കുമ്പോഴും ഇപ്പൊഴും പഴയകണ്ണികള്‍ മുറിഞ്ഞുപോവാതെ എല്ലാവരും സൂക്ഷിക്കുന്നു... ഒരോവിളികളും ക്ലാവുപിടിച്ച ഓട്ടുവിളക്ക് തേച്ച് മിനുക്കും പോലെ. ..

ആവശ്യങ്ങള്ക്കായി കൂട്ടുകൂടുന്നതിന്റെ മന:ശാസ്ത്രം ഇന്നും എനിക്ക് മനസിലാവുന്നില്ല... പക്ഷെ അതറിയാന്‍ കഴിഞ്ഞത് നഗരത്തിലെ പഠനകാലത്ത്.. ആവശ്യം കഴിയും വരെ തേനെ പാലെ...അതു കഴിയുമ്പോള്‍ ... ഞാനെന്തിനാ പറയുന്നെ..അറിയാലോ ... ആദ്യമൊക്കെ വിഷമമായിരുന്നെങ്കിലും പിന്നെ സൌഹൃദത്തിനു ഇങ്ങിനെയും ഒരു മുഖമുണ്ടെന്നു ആശ്വസിച്ചു...

കൊണ്ടും കൊടുത്തും അറിഞ്ഞ സുഹൃത്തുക്കള്‍ ഹോസ്റ്റെലുകളില്‍ തന്നെ.. ചിരികള്ക്കപ്പുറത്തെ കണ്ണുനീരും ആകുലതകളും സ്വപ്നങ്ങളും ഒക്കെ പങ്കുവെക്കാന്‍ സ്വന്തം സഹമുറിച്ചിയെക്കാള്‍ യോജിച്ചതായി ആരുണ്ട്... പക്ഷെ, രണ്ടും രണ്ടു വഴിയെ ആണെങ്കില്‍ ജീവിതം കട്ടപൊക...

അപ്പോള്‍ അങ്ങിനെ ഒക്കെയാണ്‌ എന്റെ സൌഹൃദത്തിന്റെ ചരിത്രം..

ഞാന്‍ കുറെനേരമായി ആലോചിക്കുകയാണ്...ഈ ഏഴുനിലകെട്ടിടത്തില്‍ മൂന്ന്കൊല്ലം പണിയെടുത്തിട്ടും ഇതിന്റെ ഏറ്റവും താഴത്തെ നിലയിലിരുന്ന് ഇതു ടൈപ്പ് ചെയ്യുമ്പോള്‍ ഇവിടെ ഒരു സുഹൃത്തുപോലും ഇല്ലെന്നതാണ്‌ സത്യം .. പ്രശ്നം എന്റെയാണൊ ..അതോ ..? എന്റെ കുഴപ്പം തന്നെ ആവും ..അല്ലെ?എന്റെ ഫോണ്‍ ബുക്കില്‍ ഓഫീസ് നമ്പര്‍ അല്ലാതെ സഹപ്രവര്ത്തകരില്‍ ഒരാളുടെ നമ്പര്‍ പോലും ഇല്ല.. പഴയ കോളേജ് കൂട്ടുകള്‍ പോലും അതില്‍ ഇന്നും നിലനില്ക്കുമ്പോള്‍ ....

ഇത്രയൊക്കെ പുലമ്പാന്‍ ഇപ്പൊ എന്തെ ഉണ്ടായെ എന്നു ആര്‍ക്കേലും ചോദിക്കാന്‍ തോന്നുന്നുണ്ടോ..ഒന്നുമല്ല..

ഇന്നലത്തെ ഒരു ഫോണ്‍ കാള്‍ ... ഒരു മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പരിചയപെട്ട ഒരു ചേച്ചി.. എന്റെ ഹോസ്റ്റെലില്‍ പരീക്ഷക്ക് പഠിക്കാന്‍ വന്നപ്പോള്‍ പരിചയപെട്ടത്.. വെറും രണ്ട് മാസത്തെ പരിചയം .. വല്ലപ്പോഴും വിളിക്കും ..ഇന്നലെ വിളിച്ചത് അടുത്ത ദിവസം ഫ്രീ ആണെങ്കില്‍ കാണാമോ എന്ന് ചോദിച്ചായിരുന്നു.. അന്നു അവരുടെ സ്കൂളില്‍ വാര്ഷികം ആണ്... എല്ലാ ടീച്ചേഴ്സും നല്ലൊരു സുഹൃത്തിനെ കൊണ്ടുചെല്ലണം .. ചേച്ചിയുടെ ഓര്‍മ്മയില്‍ വന്ന സുഹൃത്ത് ഞാന്‍ ആയിരുന്നെന്നു പറയാന്‍ ആണ്‌ വിളിച്ചത്. ..എന്തായാലും 6 മണിക്കൂര്‍ യാത്രചെയ്തു ഞാന്‍ അവിടേചെല്ലണമെന്ന് ചേച്ചി ആഗ്രഹിച്ചുവെങ്കില്‍ .. അതു പറയാന്‍ രാത്രി ഏറെ വൈകിയ നേരത്ത് എന്നെ വിളിച്ചുവെങ്കില്‍ ..അത് അങ്ങിനെ വിശ്വസിക്കാനാണ്‌ എനിക്ക് ഇഷ്ടം ..നാളെ എന്റെ ഓഫീസില്‍ ഇതുപോലെ ഒരു സുഹൃത്തിനെ കൊണ്ടുചെല്ലാന്‍ പറഞ്ഞാല്‍ ഞാന്‍ ആരെ കൊണ്ടു ചെല്ലും .. അതാ പറഞ്ഞതു എനിക്കൊരു സുഹൃത്തിനെ വേണം ...അതാണ്‌ എന്നെ കൊണ്ട് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചതും ..

ഇതൊന്നുമല്ലാതെ കിട്ടിയ വേറെയും കൂട്ടുകള്‍ ഉണ്ട്. .. പലവഴിയെ... പലതും അമൂല്യം തന്നെ.. കടങ്ങളും കടപ്പാടുകളും ഇല്ലാതെ... പരസ്പരം ആരൊക്കെയോ ആവുന്നവര്‍ ..

ഈ വലക്കണ്ണികളില്‍ കണ്ടുമുട്ടി ഒന്നും മിണ്ടാതെ മറഞ്ഞവരുണ്ട്... വേദനകള്‍ തന്ന് ചിരിക്കുന്നവരുണ്ട്... എന്തിനെന്നറിയാതെ എന്റെ മിത്തുവിനെപോലെ അകന്നിരിക്കുന്നവരുണ്ട്... എങ്കിലും സൌഹൃദങ്ങള്‍ എന്നും എനിക്കൊരു ...

ഏതെങ്കിലും ഒരു ദിവസം അവന്‍ ഇതു വായിക്കും .. എന്നിട്ട് എന്നോട് ചോദിക്കും .. അപ്പോള്‍ ഞാനാരാ...

21 comments:

കണ്ണൂരാന്‍ - KANNURAN said...

ഇട്ടിയുടെ പോസ്റ്റില്‍ തേങ്ങ എന്റെ വക...

നിനച്ചിരിക്കാതെ
അപരിചിതത്വത്തിന്റെ
കനത്ത മതില്‍കെട്ടു തകര്‍ത്ത് സൌഹൃദത്തിന്റെ കിളിവാതില്‍ തുറന്നു വരുന്നു..
പിന്നെ
ഓരോ സ്പന്ദനവും
ഓരോ നിസ്വനവും
നാം പങ്കു വയ്ക്കുന്നു..
എല്ലാം പറയാന്‍
എല്ലാം കേള്‍ക്കാന്‍
ഒന്നു സാന്ത്വനിപ്പിക്കാന്‍
ഒന്നു സമാശ്വസിപ്പിക്കാന്‍
ഒരു സുഹൃത്ത്...
അതൊരു ഭാഗ്യമാണ്
അതൊരു പുണ്യമാണ്
പക്ഷെ;
ഒരു ദിനം
നിനച്ചിരിക്കാതെ
യാത്രമൊഴിപോലും ചൊല്ലാതെ
അവര്‍ യാത്രയാകുന്നു..
കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കിവെച്ച്..
എങ്ങോട്ടെന്നറിയാതെ....
ഇട്ടിമാളു....
മറന്നുപോയ കുറെ സൌഹൃദങ്ങളുടെ ചെപ്പു തുറക്കാന്‍ പ്രേരണയായി... നന്നായി ഈ പോസ്റ്റ്

സുല്‍ |Sul said...

ഇട്ടിമാളുവിന് പുതിയ കൂട്ട്, ഞാന്‍ മതിയൊ. മറ്റുള്ള കൂട്ടുകാര്‍ക്കെല്ലാം എന്തൊ കുഴപ്പമുണ്ടല്ലെ. എനിക്കറിയാം ഒരിക്കല്‍ ഞാനും മറ്റുള്ളവരില്‍ പെടുമെന്ന്. എന്നാലും സാരല്യ. ഇട്ടിമാളുവല്ലെ.


ലേഖനം നന്നായി.

-സുല്‍

വേണു venu said...

ക്ലാവുപിടിച്ച ഒരോവിളികളും തേച്ച് മിനുക്കി നോക്കിയപ്പോള്‍ മരിച്ചവരും മരിച്ചവരെ പോലെ ഓര്‍മയുടെ മഹാഗര്‍ത്തങ്ങളില്‍ മരണപ്പെട്ടവരെയും ഓര്‍ത്തപ്പോള്‍ എനിക്കും തോന്നുന്നു എനിക്കും ഒരു സുഹ്രുത്തും ഇല്ലായോ.ഇട്ടിമാളൂ ആശംസകള്‍. എന്നെയും ആ ഇടവഴിയിലൂടെ കൊണ്ടു പോയതിനു്.

സു | Su said...

സുഹൃത്ത്- അതിനെപ്പറ്റി ഒന്നും പറയാന്‍ ഞാനില്ല.

ഇട്ടിമാളൂ, ഞാന്‍ ഇട്ടിമാളുവിന്റെ സുഹൃത്ത് ആവാം.
;)

ഇട്ടിമാളൂന്റെ കഷ്ടകാലം എന്ന് ആരെങ്കിലും പറയുന്നതിന് ചെവി കൊടുക്കല്ലേ. ;)

തന്തെയന്‍പ്‌ അത്‌ പിറക്കും വരേ;
തായി അന്‍പ്‌ അത്‌ വളരും വരേ ;
തോഴി ഒരുത്തി തരും അന്‍പോ.....
അതു ഉയിരോടെ ഇരിക്കും വരേ.........

എന്ന പാട്ട് കേട്ടിട്ടില്ലേ?

മനോജ് കുമാർ വട്ടക്കാട്ട് said...

തീര്‍ച്ചയായും ഒരു നല്ല സുഹൃത്തെങ്കിലും വേണം ഇട്ടിമാളൂ.

(ഒരാള്‍ക്ക്‌ എങ്ങിനെയാണ്‌ സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുക!)

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാനെ...എനിക്കുമുണ്ട് എങ്ങോട്ടെന്നറിയാതെ മറഞ്ഞുപോയ സുഹൃത്തുക്കള്‍ ... ഒരിക്കല്‍ വീണ്ടും അവരെ കുറിച്ച് അറിയാന്‍ കഴിഞ്ഞാല്‍ ... വെറുതെ ..വെറുതെ..

സുല്ലെ....കുഴപ്പം എനിക്കാണെന്നാ തോന്നുന്നെ..കൂട്ടുകാര്‍ക്കാവില്ല..."ഞാന്‍ മതിയോ.." എന്നു ചോദിക്കുമ്പോള്‍ സ്വയം ഒരു ഉറപ്പില്ലാത്ത പോലെ ആണല്ലോ..?

വേണു മാഷെ.. എനിക്കറിയാമായിരുന്നൂ.. എന്നെ പോലെ ആ ഇടവഴിയിലൂടെ നടക്കാന്‍ ആരെങ്കിലും ഒക്കെ കാണുമെന്ന്...

സൂ...:) :) :)...

പടിപ്പുരയേ... സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുക എന്ന അവസ്ഥ .. അതിത്തിരി ഭീകരം തന്നെ അല്ലെ?

Anonymous said...

ഇട്ടിമാളു,
ജോലി ചെയ്യുന്ന ഓഫീസില്‍ സൌഹൃദങ്ങള്‍ കണ്ടെത്തുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യം ആണ്. കാരണം നമ്മളേക്കാള്‍ സീനിയര്‍ ആയിട്ടുള്ളവര്‍ നമ്മളോടടുക്കാന്‍ മടികാട്ടും. നമ്മളേക്കാള്‍ ജൂനിയറായിട്ടുള്ളവരോട് നാം സൌഹൃദത്തിന് പോയാല്‍ പലപ്പോഴും അത് നമ്മള്‍ക്കെ വിനയാകും. ചുരുക്കം ചില നല്ല ബന്ധങ്ങള്‍ ഉണ്ടായാലും അത് തീര്‍ത്തും ഔപചാരികമായിപോകാറുണ്ട്.

Anonymous said...

മാളൂ, എനിക്കും ഒരു സുഹൃത്തിനെ ആവശ്യമുണ്ട്. വെറുതെ പറഞ്ഞതാ. ഞാന്‍ കണ്ടുമുട്ടുന്നവര്‍ക്കൊക്കെ അവരുടെ പഴയ സൌഹൃദങ്ങളുടെ കണക്ക് പറയാനുണ്ടാകും. പുതുതായി കിട്ടിയ സൌഹൃദങ്ങളെ പറ്റി സംസാരിക്കാനും ചിലര്‍ ഉത്സാഹം കാണിക്കും. :-)
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്നേക്കാള്‍ നല്ല ഒരു സുഹൃത്തുണ്ട്. :-) എനിക്ക് അവരില്‍ ചിലരാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന് അവര്‍ അറിഞ്ഞാലും അറിയാത്ത പോലെ..
ഉള്ളതുകൊണ്ട് ഓണം പോലെ എന്നാണ് എന്റെ ഇപ്പോഴത്തെ പോളിസി. :-)
--ഗുണ്ടൂസ്
qw_er_ty

ഇട്ടിമാളു അഗ്നിമിത്ര said...

രാജീവ്.. വന്നതില്‍ വായിച്ചതില്‍ സന്തോഷം .. രാജീവ് പറഞ്ഞതാവാം കാരണം . .. എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ കൂട്ടുകാരോടൊത്ത് റെസ്റ്റോറെന്റിലൊ തിയ്യേറ്ററിലൊ വെച്ച് കണ്ടാല്‍ സംശയത്തോടെ നോക്കും .. എനിക്കും കൂട്ടുകാരോ എന്നാവാം ..

ഗുണ്ടൂസെ.."എനിക്ക് അവരില്‍ ചിലരാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന് അവര്‍ അറിഞ്ഞാലും അറിയാത്ത പോലെ.."ഇതെനിക് കൊണ്ടു.. വേറെ ഒന്നുമല്ല.. അനുഭവം തന്നെ..

Peelikkutty!!!!! said...

ഇട്ടിമാളൂ നമ്മള് കൂട്ട്..
കിറ്റ്-കാറ്റിന്റെ ഒരു പകുതി മാളൂനും..
മറ്റേ പകുതി എനിക്കും...:)

ഇട്ടിമാളു അഗ്നിമിത്ര said...

പീലികുട്ട്യെ..... ഞാന്‍ കിറ്റ്-കാറ്റ് വാങ്ങി.. പകുതി അയക്കാന്‍ നോക്കിയപ്പോള്‍ അഡ്രെസ്സ് ഇല്ല.. യേത്.. ഇ-മെയില്‍ അഡ്രെസ്സ്.. എന്തു ചെയ്യും ..

Peelikkutty!!!!! said...

ആ‍ര്‍‌ക്കും കൊടുക്കണ്ടാ ട്ടോ..മാളു എടുത്തോ മുഴുവനും...

Peelikkutty!!!!! said...

മാളൂ,അടുക്കാണ്ട് ദൂരേന്ന് സ്നേഹിക്കുന്നതാ എനിക്കിഷ്ടം..:)

പിന്നെ മാളു പറയും..ഞാന്‍ വല്യ കഷ്ണം എടുത്തൂന്ന്..എന്തിനാ..:)))

qw_er_ty

Adithyan said...

ഇട്ടിമാളൂ, ഈ പോസ്റ്റ് എന്റെ നെഞ്ചത്ത് കൊണ്ടു മാളൂ....

ഒരു സമയത്ത് ഈ ലോകത്തെക്കാള്‍ വലിപ്പമുണ്ടായിരുന്ന ചില കൂട്ടുകാര്‍, ഇന്നവരൊകെ എവിടെയാണെന്നു തന്നെ ശരിക്കറിയില്ല... ഓരോ സ്ഥലത്തും എനിക്ക് പ്രാണനേക്കാള്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ടായിരുന്നു, എന്നാല്‍ മറ്റൊരു സ്ഥലത്തേക്കുള്ള പറിച്ചുനടലുകള്‍ എപ്പൊഴും ഒറ്റക്കായിരുന്നു. അതു കൊണ്ട് ഒഴുക്കിനവസാനം ഇപ്പോള്‍ അധികം പേരെ കൂടെ കാണുന്നില്ല.

വെട്ടിപ്പിടിക്കാനുള്ള യാത്രകള്‍ക്കിടയില്‍ പുറകില്‍ പല പാലങ്ങള്‍ക്കും തീപിടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു എന്ന് തോന്നുന്നു. ഇന്നും ഉണ്ട് കൂട്ടുകാര്‍, നാളെയും ഉണ്ടാവും... പക്ഷെ, ഇന്നലെയിലെ കൂട്ടുകാരെ ഞാനും ഓര്‍മ്മിക്കുന്നു, ചെറുതല്ലാത്ത നഷ്ടബോധത്തോടെ.

ഇട്ടിമാളു അഗ്നിമിത്ര said...

പീലികുട്ടി ...സാരമില്ല... എനിക്കും അതാ ഇഷ്ടം .. വല്ല്യകഷണം എടുത്തൂന്ന് ഞാന്‍ പറയില്ലാട്ടൊ..പീലിക്കു തരാന്‍ ഞാന്‍ മുഴുവന്‍ എടുത്തുവെക്കാം ..എന്റെ സുഹൃത്തല്ലെ..

ആദിത്യാ.. മനസ്സിലാവുന്നു..സ്നേഹിതയെ ഞാന്‍ വായിച്ചിരുന്നു..

കുട്ടിച്ചാത്തന്‍ said...

ഇട്ടിമാളൂ: പോസ്റ്റ് കിടിലം പക്ഷെ ഗുണ്ടൂസിന്റെ കമന്റ് കിക്കിടിലം..

സെയിം ടു സെയിം..

അതോണ്ട് ഞാന്‍ ഇപ്പോള്‍ പുതിയ കൂട്ടുകാരെ ഉണ്ടാക്കുന്നതു നിര്‍ത്തി.

പഴയ ഏതെങ്കിലും കൂട്ടുകാരന്റെ ഏറ്റവും നല്ല സുഹൃത്താകാന്‍ ശ്രമിക്കുന്നു...

അതാ എളുപ്പം..

ഇട്ടിമാളു അഗ്നിമിത്ര said...

കുട്ടിച്ചാത്താ.. ഇതിനു ഞാന്‍ ആദ്യം കൊടുത്ത മറുപടി കുട്ടിച്ചാത്തന്‍ കൊണ്ടുപോയി... നമ്മള്‍ കൂട്ടുകൂടാന്‍ ചെല്ലുമ്പോള്‍ പഴയവര്‍ക്ക് വേറെ കൂട്ടുകിട്ടികഴിഞ്ഞെങ്കില്‍ എന്തു ചെയ്യും - ഒരു അധികപറ്റാവില്ലെ.. ?ഒരാള്‍ നമ്മളോട് കൂട്ടുകൂടാന്‍ വരുമ്പോള്‍ എങ്ങിനെ ഇനി ഞാന്‍ പുതിയ കൂട്ടുകാരെ എടുക്കുന്നില്ലെന്നു പറയും ...

neermathalam said...

:)..
(parangirikkunnthu ellam enikku estham ayyinum..enikku ethil koduthal onnum parayan ellennum aa a chiriyude artham..)
nice post..

ഇട്ടിമാളു അഗ്നിമിത്ര said...

നീര്‍മാതളം .. :)

ശിശു said...

ഇട്ടിമാളൂ.. ഇത്‌ കണ്ട്‌ ഞാന്‍ ഞെട്ടി മാളൂ.:)
സുഹൃത്തുക്കള്‍, അതിന്റെ ബാഹുല്യം കൊണ്ട്‌ ഒരഹങ്കാരമായിരുന്നു, പണ്ട്‌. സൌഹൃദം അതിനുവേണ്ടി മാത്രമായിരുന്നു, ഒരളവുവരെ നിലകൊണ്ടിരുന്നതും.
ഇന്ന് ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതില്‍ പലകാര്യങ്ങളും പരിശോധിച്ചുപോകുന്നു. അങ്ങനെയാണ്‌ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്‌.
അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടത്തില്‍നിന്ന് ഒന്ന് അടര്‍ന്നുപോയാലും പണ്ടുണ്ടായിരുന്ന വിഷമമിന്നില്ല,
എണ്ണത്തിലല്ല, ഉള്ളതിന്റെ ദൃഡതയാണ്‌ കാര്യം എന്നാണ്‌ കാലം പഠിപ്പിച്ച പാഠം.

ഇട്ടിമാളു അഗ്നിമിത്ര said...

ശിശു.. സാരമില്ല.. ഇടക്കൊക്കെ ഒരു ഞെട്ടല്‍ നല്ലതാ.. അങ്ങിനെ ഒരു ഞെട്ടലിലാ ഞാന്‍ ഇങ്ങനെ ഒക്കെ എഴുതി കൂട്ടിയത്...