Thursday, November 30, 2006

സുഖമോ സഖീ...

എനിക്കും നിനക്കും നമുക്കുമിടയിലായ്‌
ആരെ പണിതതീ കാണാചുമരുകള്‍
ഓര്‍മ്മവെച്ചന്നേ മുതല്‍ക്കു നാം,
ഒന്നായ്‌ ഒരുമയായ്‌, വാണൊരാ നാളുകള്‍
‍ദേഹങ്ങള്‍ ദൂരങ്ങള്‍ താണ്ടിയകലവേ
എല്ലാം മറക്കാന്‍ പഠിപ്പിക്കുമിന്നുകള്‍
എങ്കിലും, മറക്കാന്‍ മറന്നതാം
ഇന്നലെകള്‍ ഓര്‍മ്മകള്‍
‍തിളക്കും ഉച്ചവെയില്‍ പരപ്പിലൂടന്ന്
നിലാവെന്നപോല്‍ നാം നടന്നതോര്‍ക്കുന്നുവോ?
ചിരിച്ചാര്‍ത്തുകള്‍ അലകളായ് തീരവേ
സന്തോഷമശ്രുവായ് കവിളിലൂടൊഴുകവേ
സന്താപമെല്ലാംകാത്തുവെക്കുന്നൊരീ
നാളെകളെന്തേ നമ്മള്‍ മറന്നതോ?
ഓര്‍ക്കാതിരുന്നതോ? മറക്കാന്‍ ശ്രമിച്ചതോ?


സുഖമോ സഖീ, ഇവിടെ എനിക്കും സുഖം തന്നെ
ഇരുവാക്കില്‍ ഇരുവരിയില്‍ ഒതുക്കും കുശലാന്വേഷണം
പിന്നെ എന്നോ എല്ലാം നിലച്ചുപോയ്‌
ഓര്‍ക്കുകെന്‍ സഖീ, പണ്ട്‌ താളൂകള്‍ നിറയെ
കുനുകുനാ എഴുതി നീ
മുറ്റത്തെ മുല്ല പൂത്തതും,
ചെമ്പകത്തില്‍ കുഞ്ഞാറ്റക്കിളി കൂടുവെച്ചതും
തെക്കേവീട്ടില്‍ പുതിയ താമസക്കാര്‍ വന്നതും
കൂട്ടത്തിലൊരാള്‍ കാണാന്‍ ചുള്ളനാണെന്നതും
എല്ലാം, എല്ലാം എഴുതി നിറച്ചു നീ

എട്ടാം നാള്‍ കിട്ടണം മറുകുറി
അതില്‍ നിറയെ കഥവേണം, കവിത വേണം
പിന്നെ നീ കാണാത്ത നാട്ടിന്‍ ഹൃദയതുടിപ്പുകള്‍ വേണം
പുതിയ കൂട്ടുകാര്‍ തന്‍ വിവരണം
അവര്‍തന്‍ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍
കൂട്ടത്തിലൊരാളെ കുറിച്ചേറെ ഞാന്‍ എഴുതവേ
നീ ചൊടിക്കും, അവള്‍ എന്നെക്കാള്‍ പ്രിയയോ ചൊല്‍ക
വെറുതെ, വെറുതെ എന്‍ സഖീ..
ആരും , ആര്‍ക്കും പകരമാവില്ലെന്നറിക

നിന്റെ കുറുമ്പും, തീപ്പൊരി ചിതറും വാക്കും
മണികിലുങ്ങും ചിരിയും

കാരണമേതുമില്ലാതുള്ള പിണക്കവും
തുളുമ്പി നില്‍ക്കും കണ്‍കള്‍
‍ഒരു തലോടലില്‍ പൊട്ടികരച്ചിലാവുന്നതും
പിന്നെ, കണ്ണിറൂക്കി അലസമായ് നടന്നകലതും
എല്ലാം, എല്ലാം നിനക്കു മാത്രം സ്വന്തം

ഒരു നിമിഷം, നമുക്ക്‌ നമ്മളായ്‌ തീര്‍ന്നിടാം
കാലമണിയിച്ചൊരീ മുഖമൂടി മാറ്റിടാം
ഞാനീ നഗരത്തിരക്കിനെ മറക്കാം
വീണ്ടും ഗ്രാമത്തിന്‍ മടിയില്‍ തലചായ്‌ചിടാം

അമ്പലകുളത്തിനക്കരെ ഇക്കരെ നീന്തിടാം
പ്രാര്‍ത്ഥനകളില്ലാതെ തേവരെ കുമ്പിടാം
ഒറ്റയടിപ്പാതയില്‍ കൈകോര്‍ത്തേ നടന്നിടാം
പടിഞ്ഞാറ്റിയില്‍ സാന്ധ്യരാഗച്ഛവി
അണഞ്ഞേ പോവുന്നതും നോക്കി നമുക്കിരിക്കാം
നക്ഷത്ര കുഞ്ഞുങ്ങള്‍ എത്തുന്നതും കാത്ത്..
പിണയും കൈവിരലുകള്‍ അടര്‍ത്താം
പുറകോട്ടേ നടക്കാം, വീണ്ടും ഓര്‍മ്മകള്‍ ഉണരും വരേക്കും


10 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇതില്‍ പ്രണയമില്ല.. വെറും സൌഹൃദം മാത്രം ...

സു | Su said...

നന്നായിട്ടുണ്ട് സൌഹൃദ കവിത.

ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. ഒരിക്കലും തിരിച്ചുവരാത്ത നാളുകള്‍.

എന്നെങ്കിലുമൊരു നിമിഷം നമ്മള്‍ നമ്മളാവുന്നതും പ്രതീക്ഷിച്ച് ഇരിക്കാം. കെട്ടുപാടുകളില്ലാതെ.

എന്നിട്ട് പഴയതുപോലെ, ഒരുപാട് ചിരിയും കളിയും, ഒക്കെയുള്ള ആ നല്ലനാളുകളിലേക്ക് തിരിച്ച് പോകാന്‍ ഒരു ശ്രമം നടത്താം.

Unknown said...

ഇട്ടി മാളൂ കവിത വായിച്ചു.
ഉള്ളില്‍ പ്രണയം നിറയുകയാണല്ലൊ.
ഓ പറഞ്ഞതു പോലെ ഇവിടെ സൌഹൃദം മാത്രം അല്ലേ...
നിന്നിലും നല്ലതു കിട്ടിയാല്‍
നീ ചിരിക്കുന്നതിലും നന്നായി ചിരിച്ചാല്‍
പിന്നെ എനിക്ക് നീ എന്തിന്
എങ്കിലും
വേണ്ടെന്നു തോന്നിയാല്‍
കൂട്ടുകാരാ നിന്നെ ഞാന്‍
സഹോദരാ എന്നു വിളിക്കാം.“
അല്ലേ ഇട്ടി മാ‍ളൂ

താങ്കള്‍ എഴുതിയ കവിതയില്‍ പുതുമ ഒന്നുമില്ലെങ്കിലും വായിച്ചു പോകാം.

Anonymous said...

ഗ്രാമീണത്തുടിപ്പുകള്‍..കൊള്ളാം..

എത്ര പറഞ്ഞാലും മതിവരാത്ത എത്രയെത്ര ചിന്തുകളാണ്‌ നാട്ടിന്‍പുറങ്ങളില്‍ നിന്നും ഒപ്പിയെടുക്കാന്‍......

...എപ്പോഴും പുതുമയായാല്‍ പുതുമയും പഴമയായിപ്പോകില്ലേ..

--കൊച്ചുഗുപ്തന്‍

ഇട്ടിമാളു അഗ്നിമിത്ര said...

സൂ...പഴയ കൂട്ടുകാരിക്കുള്ള പഴയ കവിതയാ... പഴകുമ്പോള്‍ അല്ലെ സൌഹൃദത്തിന്‌ വില കൂടുന്നെ..!!!!

ഇരിങ്ങലെ...അതു സൌഹൃദം തന്നെയാ.. ഒരു സാദാ നാടന്‍ പെണ്‍സൌഹൃദം .. സംശയമുണ്ടെങ്കില്‍ ഒന്നുകൂടിവായിച്ചു നോക്കൂ... ഇന്നും ഇന്‍ലന്റില്‍ കത്തെഴുതുന്ന എന്റെ ഒരേ ഒരു സുഹൃത്ത്..പിന്നെ കവിതയില്‍ പുതുമയില്ലാത്തത്‌ ഞാനിത്തിരി പഴയ ആളായതോണ്ടാവും ...

കൊച്ചുഗുപ്താ.. ഞാനൊരു നാട്ടിന്‍ പുറത്തുകാരിയാ...

Peelikkutty!!!!! said...

നല്ല ഓര്‍‌മ്മകള്‍!

ശിശു said...

ഇട്ടിമാളൂ, ഇതില്‍ കവിത ഉണ്ടെന്ന് സമ്മതിക്കാന്‍ കഴിയുന്നില്ല എന്നുപറയുന്നതില്‍ ഖേദിക്കുന്നു, പക്ഷെ നല്ല ഒഴുക്കില്‍ വായിച്ചുപോകാന്‍ കഴിയുന്ന തീക്ഷ്ണമായ ഓര്‍മ്മകള്‍ ഉണ്ടെന്നു സമ്മതിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

പീലികുട്ട്യെ.... ഓര്‍മ്മകളെ സ്വന്തമായുള്ളു... ഇനിയും വരണം ട്ടോ...

ശിശു.. എന്തിനാ ഇങ്ങനെ ഖേദിക്കുന്നെ...? വന്നതില്‍ വിമര്ശിച്ചതില്‍ സന്തോഷം ....

Anonymous said...

കൊള്ളാം ഇട്ടിമാളൂ...ഇതെന്നെ (വരികളല്ല, ഇതിലെ അര്‍ത്‌ഥം) മറ്റൊന്ന് ഓര്‍മിപ്പിച്ചു...

“വേര്‍പിരിയുവാനെങ്കിലുമീയൊത്തുച്ചേരലെത്ര മധുരമെന്നോര്‍ത്തു നാം
വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങ്ളൂഴിയില്‍”

നല്ല നാളുകെളെ കാത്തു നമുക്കിരിക്കാം!!!

-സ്നേഹപൂര്‍വ്വം ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ.. നന്ദി..